രാഷ്ട്രീയ ഇന്ത്യയുടെ ഹൃദയഭൂമിയെന്ന് വിശേഷിപ്പിക്കുന്ന ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പുഫലം അറിയാന്‍ മണിക്കൂറുകള്‍ അവശേഷിക്കെ ഒരു പ്രവചനത്തിനോ കണക്കുകൂട്ടലിനോ പ്രസക്തിയില്ല. പക്ഷേ, തങ്ങളെ ആരു ഭരിക്കണമെന്നു തീരുമാനിക്കുന്ന തെരഞ്ഞെടുപ്പിനെ യുപിയിലെ ജനങ്ങള്‍ എങ്ങനെ കണ്ടു? ദീര്‍ഘകാലം ഭരിച്ച കോണ്‍ഗ്രസും ബാബറി മസ്ജിദ് പൊളിച്ച വൈകാരികതയില്‍ ഭരണം നടത്തിയ ബിജെപിയും നിയമസഭയിലെ വാലറ്റക്കാരായതിനെതുടര്‍ന്ന് മുന്‍നിരയില്‍ വന്ന പ്രാദേശിക ജാതിപാര്‍ടികളുടെ സംഭാവന എന്ത്? പണക്കൊഴുപ്പിന്റെയും ക്രിമിനലിസത്തിന്റെയും രാഷ്ട്രീയത്തെ നേരിട്ട തെരഞ്ഞെടുപ്പു കമീഷന്‍ ലക്ഷ്യം കണ്ടോ? തുടങ്ങിയ കാര്യങ്ങള്‍ വിലയിരുത്തേണ്ടത് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെതന്നെ ദിശയറിയാന്‍ സഹായിക്കും.
രാജ്യത്തെ ഏറ്റവും ജനസംഖ്യയുള്ള (20 കോടി) സംസ്ഥാനമാണ് യുപി. ഒരു രാജ്യമായിരുന്നെങ്കില്‍ ലോകത്ത് അഞ്ചാംസ്ഥാനത്തെത്തിയേനെ; 35 ഇരട്ടിവലിപ്പമുള്ള ബ്രസീലിനേക്കാള്‍ മുന്നില്‍ . പൂഴിവിതറിയാല്‍ നിലത്തുവീഴാത്തവിധം ജനമൊഴുകുന്ന വാരണാസി യുപിയുടെ യാഥാര്‍ഥ മുഖം വ്യക്തമാക്കുന്നു. അന്തിയാകുമ്പോഴേക്കും അരിക്കാശൊപ്പിക്കാനുള്ള തത്രപ്പാടിലാണ് റിക്ഷ വലിക്കുന്നവരും ഭിക്ഷ യാചിക്കുന്നവരും വിറകുവെട്ടുന്നവരും. ശവദാഹം നടത്തുന്ന ഗംഗാതീരത്തെ ഘാട്ടുകള്‍ പൗരാണികതയുടെ ശേഷിപ്പുകളാണ്. വിശ്വാസികളുടെ പുണ്യകേന്ദ്രമായ ഈ തീരത്തേക്ക് കാല്‍നൂറ്റാണ്ടിനിടെ ഏതെങ്കിലും സര്‍ക്കാര്‍ തിരിഞ്ഞുനോക്കിയ ലക്ഷണമില്ല. എങ്ങും ഇടിഞ്ഞുപൊളിഞ്ഞ ഘാട്ടുകള്‍ . വാരണാസിയിലെ ഒരു റോഡെങ്കിലും സഞ്ചാരയോഗ്യമെന്ന് പറയാനാകില്ല. സൈക്കിള്‍റിക്ഷ ചവിട്ടി ഒമ്പതംഗകുടുംബം പോറ്റുന്ന ബാബുകിശന്‍ യാദവിനോട് തെരഞ്ഞെടുപ്പിനെക്കുറിച്ച് ചോദിച്ചു. എന്നാല്‍ , അയാള്‍ തന്റെ ബുദ്ധിമുട്ടുകളാണ് കെട്ടഴിച്ചത്.
"വീടില്ല, മൂത്തമകളെ കെട്ടിക്കാറായി. ആരും സഹായിക്കാനില്ല. വീടിന് വായ്പ നല്‍കുമെന്നും പെണ്‍കുട്ടികളുടെ വിവാഹത്തിന് പണം നല്‍കുമെന്നും മറ്റും ദീദി (മായാവതി) പറഞ്ഞിരുന്നു. ഒന്നും കൈയില്‍ കിട്ടിയില്ല. പക്ഷേ, അവരുടെ കാലത്ത് ഗുണ്ടകളെ കുറെയൊക്കെ നിയന്ത്രിച്ചിട്ടുണ്ട്."- കിശന്‍ ഇതു പറയുമ്പോള്‍ യുപി ആകെ നടന്ന ചര്‍ച്ചയില്‍ ഭാഗഭാക്കാവുകയാണ്.
മുലായംസിങ്ങിന്റെ കാലത്ത് ഭരിച്ചത് ക്രിമിനലുകളായിരുന്നു, മായാവതി വന്നശേഷം അതിന് ശമനമുണ്ടായി എന്ന് ഏവരും സമ്മതിക്കും. സംസ്ഥാനം ഭരിക്കുന്ന ബഹുജന്‍ സമാജ്വാദി പാര്‍ടി (ബിഎസ്പി), പ്രധാന പ്രതിപക്ഷം സമാജ്വാദി പാര്‍ടി (എസ്പി) എന്നിവര്‍ തമ്മിലായിരുന്നു യുപിയിലെ മുഖ്യപോരാട്ടം. എന്നാല്‍ , കോണ്‍ഗ്രസും ബിജെപിയും പിടിക്കുന്ന സീറ്റുകള്‍ നിര്‍ണായകമാകും. പ്രത്യേകിച്ച്, ഏതെങ്കിലും പാര്‍ടിക്ക് തനിച്ച് ഭൂരിപക്ഷം കിട്ടാന്‍ വിഷമമാണെന്ന യാഥാര്‍ഥ്യം നിലനില്‍ക്കുമ്പോള്‍ . സഹാറന്‍പുരില്‍ വെള്ളമില്ലാത്ത മെഹന്ദി നദിയില്‍ കുടില്‍ കെട്ടി താമസിക്കുന്ന അയ്യായിരത്തോളം ഗുജ്ജര്‍ മുസ്ലിങ്ങളെ കണ്ടു. മുസ്ലിങ്ങളോടൊപ്പം നില്‍ക്കുന്നുവെന്ന വിശ്വാസം ഉണ്ടാക്കിയെടുക്കുകയും ബിജെപിയെ അകറ്റിനിര്‍ത്തുമെന്ന് ആവര്‍ത്തിച്ച് പറയുകയും ചെയ്ത മുലായം സിങ്ങിനൊപ്പമായിരുന്നു ഇവര്‍ . എന്നാല്‍ , ഇക്കുറി അവര്‍ തെരഞ്ഞെടുപ്പിനു മുന്നേ തീരുമാനം എടുത്തില്ല. ബിജെപിയെ ഒഴിവാക്കണമെന്നത് നിര്‍ബന്ധം. "ജയിക്കുന്ന പാര്‍ടിക്ക് വോട്ട്" എന്നതാണ് ഇപ്പോള്‍ പഥ്യം.
യാഥാര്‍ഥ്യം തിരിച്ചറിയാതെ പതിവ് വാഗ്ദാനങ്ങളുമായി തെരഞ്ഞെടുപ്പിനെ സമീപിച്ച പാര്‍ടികളോടുള്ള പ്രതിഷേധം ഇക്കുറി പല നഗരങ്ങളിലും ഉയര്‍ന്നുവന്നു. വാഗ്ദാനങ്ങള്‍ ഇവയൊക്കെയായിരുന്നു? എസ്പി പറയുന്നു: ഗ്രാമങ്ങളില്‍ 20 മണിക്കൂറും വൈദ്യുതി, നഗരങ്ങളില്‍ 22 മണിക്കൂര്‍ . കോള്‍ഡ് സ്റ്റോറേജിന് കര്‍ഷകര്‍ക്ക് സബ്സിഡി. കോണ്‍ഗ്രസ്: ആറ് ശതമാനം പലിശയ്ക്ക് കാര്‍ഷികവായ്പ, മൂന്ന് ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം, എല്ലാ വീട്ടിലും വൈദ്യുതി. ബിഎസ്പി: ചെറുകിടകര്‍ഷകര്‍ക്ക് സൗജന്യ വൈദ്യുതി, പെണ്‍മക്കളുടെ വിവാഹത്തിന് 25,000 രൂപ, ദളിതരുടെ അഭിമാനമുയര്‍ത്താന്‍ പരിഷ്കാരങ്ങള്‍ . ബിജെപി: ഒരുകോടി തൊഴിലവസരം, കിസാന്‍കാര്‍ഡുകാര്‍ക്ക് വായ്പ ഒരുലക്ഷംവരെ. ബിപിഎല്‍ കാര്‍ഡുകാര്‍ക്ക് സൗജന്യ പശു, രണ്ടു രൂപയ്ക്ക് 35 കിലോ ഗോതമ്പ്. എന്നാല്‍ , ഈ വാഗ്ദാനങ്ങള്‍ ഒന്നുപോലും നടപ്പാക്കാനുള്ള സാമ്പത്തിക സ്ഥിതി യുപിക്ക് ഇല്ല എന്നതാണ് സത്യം.
1998-2000 കാലത്തെ കടുത്ത സാമ്പത്തികപ്രതിസന്ധിയാണ് യുപിയില്‍ ഉടലെടുക്കുന്നതെന്നാണ് ലഖ്നൗ സര്‍വകലാശാലാ സാമ്പത്തികവിഭാഗം നടത്തിയ പഠനം വ്യക്തമാക്കുന്നത്. ദാരിദ്ര്യത്തില്‍ , തൊഴിലില്ലായ്മയില്‍ , ആളോഹരി വരുമാനത്തില്‍ എല്ലാം യുപി ദേശീയനിലവാരത്തില്‍നിന്ന് ഏറെ താഴെ പോയി. ദേശീയ ശരാശരി ആളോഹരി വരുമാനം 54,835 (2010-11) രൂപയാണെങ്കില്‍ യുപിയില്‍ ഇത് 26,051 രൂപയാണ്. വളര്‍ച്ചനിരക്കില്‍ മുന്‍നിരയില്‍ നിന്ന സംസ്ഥാനം ഇപ്പോള്‍ (8.4-7.4) താഴെയെത്തി. തൊഴിലില്ലായ്മനിരക്ക് ദേശീയ ശരാശരി 4.4, യുപി-8.4. ദാരിദ്ര്യനിരക്ക്: ദേശീയം- 27, യുപി- 32.8. ഇത്തരം കണക്കുകളുടെ പിന്‍ബലത്തിലല്ലെങ്കിലും എല്ലാ മേഖലയിലും പിന്നോക്കാവസ്ഥ നിലനില്‍ക്കുന്ന സംസ്ഥാനത്തിന്റെ ഉയര്‍ച്ചയ്ക്ക് മാറിമാറി ഭരിച്ച സര്‍ക്കാരുകള്‍ ശ്രമിച്ചില്ലെന്ന് സാധാരണക്കാര്‍ തിരിച്ചറിയുന്നു.
എന്നാല്‍ , അതുകൊണ്ട് വോട്ടുചെയ്യുന്നില്ലെന്ന് ആരെങ്കിലും തീരുമാനിച്ചോ? ഇല്ല. കാരണം തെരഞ്ഞെടുപ്പുതലേന്ന് ലഭിക്കുന്ന ചില്ലിക്കാശും ചാരായവും "ലാഭം" ആയി കണ്ട് ബൂത്തിലേക്ക് നീങ്ങുന്നവരാണ് ലക്ഷക്കണക്കിന് വോട്ടര്‍മാര്‍ . പണവും മദ്യവും മാത്രമല്ല ഇവരെ നയിക്കുന്നത്, തീവ്രമായ ജാതിവികാരംകൂടിയാണ്. ജാതി ചോദിക്കാതെയും പറയാതെയും ഒരു തെരഞ്ഞെടുപ്പ് സമീപഭാവിയിലെങ്ങും സ്വപ്നം കാണാന്‍ യുപിക്കാകില്ല. ദളിത് രാഷ്ട്രീയത്തിന്റെ സാധ്യത മുതലെടുത്ത് അധികാരത്തില്‍ വന്ന മായാവതിയുടെ അടിത്തറ ഇന്നും ഇളകിയിട്ടില്ലെന്ന് ബിഎസ്പി ക്യാമ്പുകളിലെ ജനമുന്നേറ്റം തെളിയിച്ചു. 30 ശതമാനം വരുന്ന ദളിതരുടെ കോട്ട ദീതിയോടൊപ്പമുണ്ട്. എന്നാല്‍ , 2007ല്‍ അധികാരത്തിലേറാന്‍ സഹായിച്ച സവര്‍ണ-ദളിത് മേല്‍ക്കൂര ചോര്‍ന്നൊലിച്ചതാണ് ഇക്കുറി പറ്റിയ വീഴ്ച. ദളിതരുടെമാത്രം മുഖ്യമന്ത്രിയെന്ന പേര് സമര്‍ഥിക്കാന്‍ എതിര്‍പക്ഷത്തിനും ഒരുപറ്റം മാധ്യമങ്ങള്‍ക്കും കഴിഞ്ഞു.
യുപിയില്‍ ഏറ്റവും വിവാദമായതും ചര്‍ച്ചചെയ്യുന്നതുമായ പ്രശ്നം മായാവതി പ്രതിമകളുടേതും പാര്‍ക്കുകളുടേതുമാണ്. ഗാന്ധികുടുംബത്തിന് യമുനാതീരത്ത് ഘട്ടുകളും പ്രതിമകളും കെട്ടി ഉയര്‍ത്തിയപ്പോഴില്ലാത്ത വിമര്‍ശം, ദളിതരുടെ പ്രതിമകള്‍ക്കുനേരെ ഉയര്‍ത്തുന്നത് എന്തിനാണെന്ന് മായാവതി ചോദിക്കുന്നു. പ്രബലരായ യാദവരുടെ പിന്തുണയും ചില കേന്ദ്രങ്ങളില്‍ മുസ്ലിങ്ങളുടെ സഹായവും എസ്പിയുടെ ബലംതന്നെയാണ്. സര്‍ക്കാര്‍വിരുദ്ധവികാരം മുതലെടുക്കാനും ഒരുപരിധിവരെ എസ്പിക് കഴിയുന്നുണ്ട്. മുസ്ലിംസമൂഹത്തോട് അടുത്തുനിന്ന് പ്രതിച്ഛായ വളര്‍ത്തിയ മുലായം സിങ്ങിന് പക്ഷേ, തന്റെ ഭരണകാലത്തെ ക്രിമിനല്‍വാഴ്ച ഉണ്ടാക്കിയ ക്ഷീണം ചെറുതല്ല. പക്ഷേ, അപ്പോഴും കര്‍ഷകരുമായുള്ള ബന്ധം കൈവിടാതിരിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. മായാവതി മറന്നിടത്ത് കര്‍ഷകന്‍കൂടിയായ മുലായം നേടാന്‍ സാധ്യതയുള്ളത് അതാണ്. മകന്‍ അഖിലേഷ് യാദവിന്റെ പടപ്പുറപ്പാടും യുപിയില്‍ ഓളമുണ്ടാക്കി. 2002 മുതല്‍ ഉത്തര്‍പ്രദേശ് പിടിക്കാന്‍ പെടാപ്പാടുപെടുന്ന രാഹുല്‍ഗാന്ധിയുടെ "ഹൈടെക്" വാഗ്ദാനങ്ങള്‍ക്കും പ്രചാരണതന്ത്രങ്ങള്‍ക്കും ചുട്ട മറുപടി നല്‍കിയത് അഖിലേഷ് മാത്രമാണ്.
കാല്‍നൂറ്റാണ്ടിലധികം ഭരിച്ചിട്ടും യുപിയുടെ ദുരിതം തീര്‍ക്കാനാകാത്ത കോണ്‍ഗ്രസിന് രാഹുല്‍ഗാന്ധിയിലൂടെ അതിനാകില്ലെന്നു പറയാന്‍ ചരിത്രം സാക്ഷിയുണ്ട്. കോണ്‍ഗ്രസ് സാമ്രാജ്യങ്ങളായ റായ്ബറേലി, അമേഠി, ബ്രാഹ്മണപിന്തുണയുള്ള ഗോണ്ട തുടങ്ങിയ പ്രദേശങ്ങളില്‍പ്പോലും ജനജീവിതത്തില്‍ എന്തെങ്കിലും മാറ്റം വരുത്താന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. പ്രതാപം ഓര്‍മമാത്രമായ ബിജെപിക്ക് പിടിച്ചുനില്‍ക്കാനുള്ള നെട്ടോട്ടത്തില്‍പ്പോലും കാലിടറുകയാണ്. 403 അംഗ നിയമസഭയില്‍ നിലവില്‍ 51 സീറ്റാണ് അവര്‍ക്കുള്ളത്. കല്യാണ്‍സിങ് ഭരണകാലത്താണ് ബാബറി മസ്ജിദ് തകര്‍ത്തതും ആയിരങ്ങള്‍ വര്‍ഗീയകലാപത്തില്‍ കൊല്ലപ്പെട്ടതും. "91ല്‍ ജനതാദളുമായി ധാരണയുണ്ടാക്കി 119 സീറ്റുമാത്രം നേടിയാണ് അധികാരത്തില്‍ വന്നത്. ഹിന്ദുവര്‍ഗീയത ആളിക്കത്തിച്ച് കൂടുതല്‍ ശക്തരാകാമെന്ന ധാരണയുണ്ടായിരുന്നെങ്കിലും പതനമായിരുന്നു ഫലം. ഇക്കുറി മുതിര്‍ന്ന നേതാവ് എല്‍ കെ അദ്വാനി അയോധ്യയിലെ ക്ഷേത്രപ്രശ്നം ഉയര്‍ത്തിയെങ്കിലും ക്ഷേത്രമിരിക്കുന്ന പ്രദേശത്തെ ജനതതന്നെ അത് പുച്ഛിച്ചുതള്ളി. രാമജന്മഭൂമിയെന്ന് അവര്‍ അവകാശപ്പെടുന്ന അയോധ്യ മണ്ഡലം ഇതാദ്യമായി ബിജെപിക്ക് നഷ്ടമായേക്കും. ലക്ഷക്കണക്കിന് ഫ്ളക്സും പതിനായിരക്കണക്കിന് പ്രചാരണ വണ്ടികളും എണ്ണിത്തീര്‍ക്കാന്‍ കഴിയാത്തത്ര നോട്ടുകള്‍ തുന്നിയ മാലകളും ഉത്തര്‍പ്രദേശിലെ പതിവ് തെരഞ്ഞെടുപ്പുപ്രചാരണ കാഴ്ചയായിരുന്നെങ്കില്‍ ഇക്കുറി പ്രത്യക്ഷത്തില്‍ അങ്ങനെയില്ല.
"നിയന്ത്രണങ്ങളുടെ കാര്‍ക്കശ്യംമൂലം ജനാധിപത്യമര്യാദ പലപ്പോഴും തെരഞ്ഞെടുപ്പു കമീഷന്‍ ലംഘിക്കുന്നുവെന്ന തോന്നലുണ്ടാക്കുന്നുണ്ട്."- സിപിഐ എം നേതാവ് സുഭാഷിണി അലി പറഞ്ഞു. "കാണ്‍പുരിലെ തിരക്കേറിയ വ്യവസായകേന്ദ്രമായ സരേഷ്ഗഢ് ജങ്ഷനില്‍ വൈകിട്ട് നാലിനാണ് ഞങ്ങള്‍ക്ക് ആദ്യ പൊതുയോഗത്തിന് അനുമതി നല്‍കിയത്. വന്‍ ട്രാഫിക്കുള്ള സമയത്ത് യോഗം നടത്തേണ്ടിവന്നു. അത്തരം ചില നിയന്ത്രണങ്ങളും നിരീക്ഷകരുടെ അമിത ഇടപെടലും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. എങ്കിലും പണമൊഴുക്ക് തടയാനുള്ള കടുത്ത ശ്രമം പൊതുവില്‍ ജനാധിപത്യത്തിന് ഗുണകരമാണ്"- സുഭാഷിണി അലി പറഞ്ഞു.
തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ നടത്തിയ റെയ്ഡില്‍ 22 കോടി രൂപയുടെ കള്ളപ്പണമാണ് കമീഷന്‍ പിടിച്ചെടുത്തത്. പുറമെയുള്ള പണമൊഴുക്ക് നിയന്ത്രിക്കാനായെങ്കിലും രഹസ്യ കുഴലുകള്‍വഴി ഒഴുക്കിയ പണം തടയാനായിട്ടില്ല. തെരഞ്ഞെടുപ്പുഫലത്തില്‍ ഈ പണത്തിന്റെ സ്വാധീനം നിഴലിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
*
ദിനേശ്വര്‍മ ദേശാഭിമാനി 05 മാര്‍ച്ച് 2012
Subscribe to:
Post Comments (Atom)
1 comment:
രാഷ്ട്രീയ ഇന്ത്യയുടെ ഹൃദയഭൂമിയെന്ന് വിശേഷിപ്പിക്കുന്ന ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പുഫലം അറിയാന്‍ മണിക്കൂറുകള്‍ അവശേഷിക്കെ ഒരു പ്രവചനത്തിനോ കണക്കുകൂട്ടലിനോ പ്രസക്തിയില്ല. പക്ഷേ, തങ്ങളെ ആരു ഭരിക്കണമെന്നു തീരുമാനിക്കുന്ന തെരഞ്ഞെടുപ്പിനെ യുപിയിലെ ജനങ്ങള്‍ എങ്ങനെ കണ്ടു? ദീര്‍ഘകാലം ഭരിച്ച കോണ്‍ഗ്രസും ബാബറി മസ്ജിദ് പൊളിച്ച വൈകാരികതയില്‍ ഭരണം നടത്തിയ ബിജെപിയും നിയമസഭയിലെ വാലറ്റക്കാരായതിനെതുടര്‍ന്ന് മുന്‍നിരയില്‍ വന്ന പ്രാദേശിക ജാതിപാര്‍ടികളുടെ സംഭാവന എന്ത്? പണക്കൊഴുപ്പിന്റെയും ക്രിമിനലിസത്തിന്റെയും രാഷ്ട്രീയത്തെ നേരിട്ട തെരഞ്ഞെടുപ്പു കമീഷന്‍ ലക്ഷ്യം കണ്ടോ? തുടങ്ങിയ കാര്യങ്ങള്‍ വിലയിരുത്തേണ്ടത് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെതന്നെ ദിശയറിയാന്‍ സഹായിക്കും.
Post a Comment