ഏറ്റവുമൊടുവിലത്തെ ദിവസം കേരളത്തില്‍ രണ്ടു കര്‍ഷകരാണ് കടക്കെണിയില്‍പ്പെട്ട് ആത്മഹത്യചെയ്തത്. കര്‍ഷക ആത്മഹത്യ വാര്‍ത്തയല്ലാതായി വരുന്നു. പത്രങ്ങള്‍ അത് ചരമപ്പേജിലേക്ക് മാറ്റേണ്ട ഗതികേടിലെത്തിയിരിക്കുന്നു. എല്ലാം തകര്‍ന്ന് ജീവിതം അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതരാകുന്ന കര്‍ഷകര്‍ക്ക് ആശ്വാസമേകാന്‍ ബാധ്യതപ്പെട്ടത് നാടു ഭരിക്കുന്നവര്‍തന്നെയാണ്. അവര്‍ പക്ഷേ, വിപരീതദിശയിലാണ് ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതും. രാസവളം സബ്സിഡി വീണ്ടും വെട്ടിക്കുറയ്ക്കാനുള്ള കേന്ദ്രമന്ത്രിസഭയുടെ തീരുമാനം അത്തരത്തിലൊരു നടപടിയാണ്. ഫോസ്ഫേറ്റ്, പൊട്ടാഷ് വളങ്ങള്‍ക്ക് സബ്സിഡി 20 ശതമാനമാണ് കുറച്ചത്. സബ്സിഡി കുറയ്ക്കുമ്പോള്‍ ആനുപാതികമായി വില ഉയരും. പുതിയ തീരുമാനത്തിലൂടെ 10,400 കോടി രൂപയുടെ സാമ്പത്തികഭാരം രാജ്യത്തെ കര്‍ഷകരുടെ ചുമലില്‍ വീഴും.
2010 ഏപ്രില്‍ മുതലാണ് രാസവളത്തിന്റെ വിലനിയന്ത്രണം നീക്കി പോഷക ഘടകാധിഷ്ഠിത സബ്സിഡിനയം കൊണ്ടുവന്നത്. അന്നുതന്നെ വളംവില കുതിച്ചുയര്‍ന്നു. കര്‍ഷകര്‍ മരിക്കട്ടെ, നവലിബറല്‍ നയം ജയിക്കട്ടെ എന്ന മുദ്രാവാക്യമുയര്‍ത്തി അടിക്കടി ദ്രോഹനടപടികളുമായി യുപിഎ സര്‍ക്കാര്‍ നീങ്ങുമ്പോള്‍ കേരളത്തിലെ യുഡിഎഫ് സര്‍ക്കാര്‍ അതേ വഴി പിന്തുടരുകയാണ്. കാര്‍ഷിക രംഗത്ത് ഏറെക്കുറെ സംതൃപ്തമായ അന്തരീക്ഷം നിലനിന്ന കാലം കടന്നുപോയിരിക്കുന്നു. യുഡിഎഫ് ഭരിക്കുമ്പോള്‍ മാത്രമാണിവിടെ കര്‍ഷക ആത്മഹത്യ തുടര്‍ക്കഥയാകുന്നത്.
കര്‍ഷക ആത്മഹത്യകള്‍ യാദൃച്ഛികമല്ല. രണ്ടു ദശാബ്ദമായി നടപ്പാക്കുന്ന സാമ്പത്തിക ഉദാരവല്‍ക്കരണ നയങ്ങളുടെ ദുരന്തഫലമാണവ. ഇന്ത്യ കാര്‍ഷികരാജ്യമാണെന്ന് നൂറ്റൊന്നാവര്‍ത്തി പറഞ്ഞതുകൊണ്ടായില്ല. കൃഷിയെയും കൃഷിക്കാരെയും രക്ഷിക്കാന്‍ ഭരണകൂടത്തിന് മനസ്സുമുണ്ടാകണം. ഭുപ്രഭുക്കള്‍ക്കും ശതകോടീശ്വരന്മാര്‍ക്കുമല്ല, മണ്ണില്‍ അധ്വാനിക്കുന്ന കര്‍ഷകനാണ് സര്‍ക്കാരിന്റെ സംരക്ഷണം വേണ്ടത്. എന്നാല്‍ , ജനസംഖ്യയുടെ 60 ശതമാനത്തോളം കര്‍ഷക ജനസാമാന്യം അകറ്റിനിര്‍ത്തപ്പെടുകയാണ്. പുത്തന്‍ ഉദാരവല്‍ക്കരണ നയക്കാര്‍ക്ക് അവരോട് അയിത്തമാണ്; അവഗണനയാണ്. ക്രൂരമായ ഈ സമീപനത്തിന്റെ ഫലമായുണ്ടാകുന്ന ജീവിതത്തകര്‍ച്ചയാണ് കര്‍ഷകആത്മഹത്യകളായി പരിണമിക്കുന്നത്. 1995നും 2012നും ഇടയില്‍ രാജ്യത്ത് 2,70,000ത്തോളം കൃഷിക്കാരാണ് ആത്മഹത്യചെയ്തത്.
ഇന്ത്യ കാര്‍ഷികപ്രധാന രാജ്യമാണെന്ന് കോണ്‍ഗ്രസ് അഭിമാനത്തോടെ പറഞ്ഞ കാലമുണ്ടായിരുന്നു. "ജയ് കിസാന്‍" വിളിച്ച് കര്‍ഷകരെ മയക്കി വോട്ട് സ്വന്തമാക്കിയതും കോണ്‍ഗ്രസ്തന്നെ-പക്ഷേ ആനുകൂല്യങ്ങള്‍ അന്നും ലഭിച്ചത് ധനിക കൃഷിക്കാര്‍ക്കാണ്. ഭക്ഷ്യസ്വയംപര്യാപ്തത ലക്ഷ്യമിട്ടാണ് കാര്‍ഷികമേഖലയ്ക്ക് മുന്തിയ പരിഗണന നല്‍കാനും നവീന കൃഷിസമ്പ്രദായം നടപ്പാക്കാനും പഞ്ചവത്സര പദ്ധതികളില്‍ തയ്യാറായത്. ഈ വളര്‍ച്ചയുടെ നേട്ടങ്ങളും പ്രധാനമായി ധനിക കൃഷിക്കാര്‍ക്കാണ് ലഭിച്ചത്. എങ്കിലും ഭക്ഷ്യസ്വയംപര്യപ്തത നേടാനും ചെറുകിട ഇടത്തരം കൃഷിക്കാര്‍ക്ക് ചെറിയ തോതില്‍ മെച്ചമുണ്ടാക്കാനും ഈ സമീപനം വഴി സാധിച്ചു.
ആഗോളവല്‍ക്കരണ പരിഷ്കാരങ്ങളുടെ ഫലമായി കാര്‍ഷിക നയങ്ങളില്‍ അടിസ്ഥാന മാറ്റം വന്നു. കയറ്റുമതിക്ക് മുന്‍ഗണന നല്‍കുന്നതും കോര്‍പറേറ്റുകള്‍ നിയന്ത്രിക്കുന്ന പാട്ടകൃഷി വിപുലീകരിക്കുന്നതുമായ നവ ഉദാരവല്‍ക്കരണ നയം കാര്‍ഷിക സമ്പദ്ഘടനയെ തകിടം മറിച്ചു. കാര്‍ഷിക മേഖലയിലേക്കുള്ള നീക്കിയിരുപ്പ് 1980 കളില്‍ ജിഡിപിയുടെ 14.5 ശതമാനമായിരുന്നത് ഇപ്പോള്‍ 5.5 ശതമാനമായി ചുരുക്കി. കാര്‍ഷിക തൊഴില്‍ലഭ്യതയും വന്‍തോതില്‍ ഇടിഞ്ഞു. കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിച്ചുങ്കം ഇല്ലാതാക്കല്‍ , സബ്സിഡികള്‍ വെട്ടിക്കുറയ്ക്കല്‍ , കാര്‍ഷിക കമ്പോളത്തിലെ സര്‍ക്കാര്‍ നിയന്ത്രണം എടുത്തുകളയല്‍ , കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വന്‍തോതിലുള്ള വിലത്തകര്‍ച്ച, ഉല്‍പ്പാദനച്ചെലവിലെ വന്‍വര്‍ധന ഇവയെല്ലാം കാര്‍ഷികമേഖലയുടെ താളം തെറ്റിച്ചു; കാര്‍ഷികത്തകര്‍ച്ചയ്ക്ക് വഴിമരുന്നിട്ടു. ഇതില്‍ രാസവളങ്ങളുടെ നേരിട്ടുള്ള സബ്സിഡി എടുത്തുകളഞ്ഞത് ഉല്‍പ്പാദനക്ഷമതയെ ഏറ്റവുമധികം പ്രതികൂലമായി ബാധിച്ചു. നാണ്യവിളകളുടെ വിലസ്ഥിരത ഇല്ലായ്മ കേരളംപോലുള്ള സംസ്ഥാനങ്ങളുടെ കാര്‍ഷിക സമ്പദ്ഘടനയ്ക്കു നേരെ വന്‍ഭീഷണി ഉയര്‍ത്തുന്നു.
കാര്‍ഷിക മേഖലയെ കുരുതികൊടുത്താണ് കോര്‍പറേറ്റ് ലാഭക്കൊതിയന്മാരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന സ്വതന്ത്ര വ്യാപാര കരാറുകളില്‍ കേന്ദ്രസര്‍ക്കാര്‍ പങ്കാളിയാകുന്നത്. ബഹുരാഷ്ട്ര ഭീമന്മാര്‍ വില നിശ്ചയിക്കുന്ന എല്ലാ കാര്‍ഷിക ഉല്‍പ്പന്നങ്ങളും വന്‍ വിലയിടിവ് നേരിടുന്നു. ഏറ്റവും ഒടുവില്‍ ചില്ലറമേഖലയില്‍ വിദേശമൂലധന നിക്ഷേപത്തിന് അനുവാദം നല്‍കുന്ന പ്രഖ്യാപനത്തോടെ പ്രതീക്ഷയറ്റ വിഭാഗമായി കര്‍ഷക ജനസാമാന്യം മാറി. ഒമ്പതുശതമാനം ജിഡിപി വളര്‍ച്ചയില്‍ ഭരണകൂടം ഊറ്റംകൊള്ളുമ്പോള്‍ ഗ്രാമീണ കൃഷിക്കാരന്‍ ഉല്‍പ്പാദനച്ചെലവിനായി കൊള്ളപ്പലിശക്കാരന്റെ മുമ്പില്‍ കൈനീട്ടേണ്ടിവരുന്നു. അവിടെയും കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളുടെ കഴുത്തുഞെരിച്ച് കര്‍ഷകരെ കൂടുതല്‍ ദ്രോഹിക്കുകയാണ് സര്‍ക്കാര്‍ . കര്‍ഷകരുടെ മിത്രമല്ല; കൊടിയ ശത്രുവാണിന്ന് സര്‍ക്കാര്‍ .
ഭരണകൂട നിര്‍മിതമായ ഏറ്റവും വലിയ ദുരന്തമാണ് രാജ്യത്തെ കര്‍ഷക ആത്മഹത്യകള്‍ . കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജുകളൊന്നും ഉദ്ദേശിച്ച ലക്ഷ്യത്തില്‍ എത്തിയില്ല. ഭൂമിയില്‍നിന്ന് അന്യവല്‍ക്കരിക്കപ്പെട്ട് പലായനം ചെയ്യേണ്ടിവരുന്ന പാവപ്പെട്ട കൃഷിക്കാരന്റെ ദൈന്യതയാണ് ഇന്ന് രാജ്യത്തിന്റെ മുഖമുദ്ര. ആ ദൈന്യതയുടെ സ്വാഭാവിക പരിണാമമാണ് കര്‍ഷക ആത്മഹത്യകള്‍ . അത് കണ്ടില്ലെന്നു നടിച്ച് കര്‍ഷകര്‍ക്കുമേല്‍ കൂടുതല്‍ ദുരിതം കയറ്റിവയ്ക്കുന്ന തീരുമാനങ്ങളെടുക്കാന്‍ യുപിഎ സര്‍ക്കാര്‍ മടിക്കുന്നില്ല എന്നാണ് വളം സബ്സിഡിക്കാര്യത്തിലെ പുതിയ നടപടി നല്‍കുന്ന സൂചന. എന്നിട്ടും കോണ്‍ഗ്രസും അതിന്റെ മുന്നണിയും കര്‍ഷകരുടെ പേരില്‍ വാചാലരാകുന്നു; കര്‍ഷകരുടെ പ്രാതിനിധ്യം അവകാശപ്പെടുന്നു. നാണമാകുന്നില്ലേ ഇവര്‍ക്ക്?
*
ദേശാഭിമാനി 05 മാര്‍ച്ച് 2012
Subscribe to:
Post Comments (Atom)
1 comment:
ഏറ്റവുമൊടുവിലത്തെ ദിവസം കേരളത്തില്‍ രണ്ടു കര്‍ഷകരാണ് കടക്കെണിയില്‍പ്പെട്ട് ആത്മഹത്യചെയ്തത്. കര്‍ഷക ആത്മഹത്യ വാര്‍ത്തയല്ലാതായി വരുന്നു. പത്രങ്ങള്‍ അത് ചരമപ്പേജിലേക്ക് മാറ്റേണ്ട ഗതികേടിലെത്തിയിരിക്കുന്നു. എല്ലാം തകര്‍ന്ന് ജീവിതം അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതരാകുന്ന കര്‍ഷകര്‍ക്ക് ആശ്വാസമേകാന്‍ ബാധ്യതപ്പെട്ടത് നാടു ഭരിക്കുന്നവര്‍തന്നെയാണ്. അവര്‍ പക്ഷേ, വിപരീതദിശയിലാണ് ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതും. രാസവളം സബ്സിഡി വീണ്ടും വെട്ടിക്കുറയ്ക്കാനുള്ള കേന്ദ്രമന്ത്രിസഭയുടെ തീരുമാനം അത്തരത്തിലൊരു നടപടിയാണ്. ഫോസ്ഫേറ്റ്, പൊട്ടാഷ് വളങ്ങള്‍ക്ക് സബ്സിഡി 20 ശതമാനമാണ് കുറച്ചത്. സബ്സിഡി കുറയ്ക്കുമ്പോള്‍ ആനുപാതികമായി വില ഉയരും. പുതിയ തീരുമാനത്തിലൂടെ 10,400 കോടി രൂപയുടെ സാമ്പത്തികഭാരം രാജ്യത്തെ കര്‍ഷകരുടെ ചുമലില്‍ വീഴും.
Post a Comment