Monday, March 5, 2012

പ്രഭാതം ചുവന്നു, നവ കേരളത്തിന് നാന്ദിയായി

"ഇതൊരു സോഷ്യലിസ്റ്റ് ഗവണ്‍മെന്റോ കമ്യൂണിസ്റ്റ് ഗവണ്‍മെന്റോ അല്ല. ഇന്ത്യയിലെ ബൂര്‍ഷ്വാ ഭരണ സമ്പ്രദായത്തിന്റെ നാല് അതിരുകള്‍ക്കുള്ളില്‍നിന്ന് പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാരാണ്. ഈ ഭരണഘടനയ്ക്ക് വിധേയമായിത്തന്നെ ജനങ്ങള്‍ക്ക് അടിയന്തരമായ ചില ആശ്വാസ നടപടികള്‍ കൈക്കൊള്ളാന്‍ കഴിയുമെന്നാണ് പ്രതീക്ഷ"-1957ലെ സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ മുഖ്യ മന്ത്രി ഇ എം എസ് ആകാശവാണി വഴി ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനം. ആ വാക്കുകള്‍ പാഴായില്ലെന്നതിന്റെ തെളിവാണ് ഇന്നത്തെ കേരളമെന്ന് പറയുമ്പോള്‍ ആദ്യ നിയമസഭയില്‍ അംഗമായിരുന്ന പി ഗോവിന്ദപ്പിള്ളയ്ക്ക് ആവേശം.

ഇ എം എസിന്റെ നേതൃത്വത്തില്‍ ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ പി ജിക്ക് വയസ്സ് 31. വാഗ്ദാനങ്ങളോടു പൂര്‍ണമായി നീതി പുലര്‍ത്തുമെന്നുറപ്പിച്ച സര്‍ക്കാരാണതെന്ന് പ്രവര്‍ത്തനം തെളിയിച്ചെന്ന് പി ജി. ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരിനെ പിരിച്ചുവിടാന്‍ കോണ്‍ഗ്രസ് സ്വീകരിച്ച ജനാധിപത്യവിരുദ്ധമാര്‍ഗങ്ങള്‍ കൂടിയാണ് 57ലെ സര്‍ക്കാരിനെക്കുറിച്ചുള്ള ഓര്‍മകള്‍ക്കൊപ്പം മനസ്സില്‍വരിക. തങ്ങളുടേതല്ലാത്ത സര്‍ക്കാരുകളെ ഏത് നീചമാര്‍ഗത്തിലൂടെയും അട്ടിമറിക്കുമെന്ന കോണ്‍ഗ്രസ് പ്രഖ്യാപനം കൂടിയായിരുന്നു ഭരണഘടനയുടെ 356-ാം വകുപ്പുകയോഗിച്ചുള്ള പിരിച്ചുവിടല്‍ . ജാതി മത പിന്തിരിപ്പന്‍ ശക്തികളെ കൂട്ടുപിടിച്ച് നടത്തിയ വിമോചന സമരത്തിന്റെ പേരിലായിരുന്നു പിരിച്ചുവിടല്‍.

അധികാരമേറ്റെടുത്തതിന്റെ ആറാം നാളില്‍തന്നെ കുടിയൊഴിപ്പിക്കല്‍ നിരോധന ഓര്‍ഡിനന്‍സ്. അതുപ്രകാരം എല്ലാ വിധ വസ്തു ഒഴിപ്പിക്കലിനും അറുതി. പാട്ടകൃഷിക്കാര്‍ , വാരകൃഷിക്കാര്‍ , വെറും പാട്ടക്കുടിയാന്മാര്‍ തുടങ്ങിയവര്‍ക്കെല്ലാം ഇത് പ്രയോജനപ്പെട്ടു. മലബാറിലാണ് ഏറ്റവും കൂടുതല്‍ പ്രയോജനമുണ്ടായത്. കാരണം അവിടെയായിരുന്നു പഴയ രൂപത്തിലുള്ള ജന്മിത്വം കൊടികുത്തി വാണത് -പി ജി ചൂണ്ടിക്കാട്ടി. സാമൂഹ്യ-സാമ്പത്തിക കാരണങ്ങള്‍കൊണ്ട് പതിറ്റാണ്ടുകളായി അടിച്ചമര്‍ത്തപ്പെട്ട മനുഷ്യര്‍ ഭൂമിയുടെ ഉടമകളായതോടെ അവരുടെ ജീവിതത്തില്‍ പുതിയ വെളിച്ചം കൈവന്നു. അതിനുപിറകെ കാര്‍ഷികമേഖലയില്‍ കുതിച്ചുചാട്ടമുണ്ടാക്കിയ മറ്റു നിരവധി നടപടികള്‍ . കര്‍ഷകത്തൊഴിലാളികളുടെ മിനിമം കൂലി നിജപ്പെടുത്തി. ജില്ലകള്‍തോറും സീഡ്ഫാമുകള്‍ . പച്ചിലവളം, കമ്പോസ്റ്റ് വളം എന്നിവ ഉല്‍പ്പാദിപ്പിക്കാന്‍ നടപടി. പമ്പിങ് സബ്സിഡി ഇരട്ടിയാക്കി. ഗ്രാമങ്ങള്‍തോറും കാര്‍ഷിക സഹകരണസംഘങ്ങള്‍.

വിദ്യാഭ്യാസ നിയമം പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികള്‍ക്ക് അറിവിന്റെ പുതിയ വഴികള്‍ തെളിച്ചു. ജാതീയമായ ഉച്ചനീചത്വം അരങ്ങുവാണ അക്കാലം പള്ളിക്കൂടങ്ങള്‍ പ്രമാണിമാരുടെ അധീനത്തിലായിരുന്നു. അധഃസ്ഥിതനും പാവപ്പെട്ടവനും സ്കൂളുകള്‍ അപ്രാപ്യം. ഈ ദുഃസ്ഥിതി അവസാനിപ്പിച്ച് വിദ്യാഭ്യാസം ജാതിമത ഭേദമില്ലാതെ എല്ലാവരുടെയും അവകാശമാണെന്ന് നിയമപരമായി പ്രഖ്യാപിച്ച് നടപ്പാക്കി ഇ എം എസ് സര്‍ക്കാര്‍ . അര്‍ഹതയുള്ള എല്ലാ കുട്ടികള്‍ക്കും ആവശ്യപ്പെടുന്ന ഏത് സ്കൂളിലും പ്രവേശനം സാധ്യം. സ്കൂള്‍ പ്രവേശനം സാര്‍വത്രികമായി.

രണ്ടു വര്‍ഷത്തെ ഭരണത്തിനിടെ പാസായത് 74 ബില്ലുകള്‍ . ഒഴിപ്പിക്കല്‍ നിരോധനബില്‍ , വിദ്യാഭ്യാസ ബില്‍ , കാര്‍ഷിക കടാശ്വാസബില്‍ , ദേഹണ്ഡ പ്രതിഫലബില്‍ , ഹൈക്കോടതി ബില്‍ , ജന്മിക്കര സഹകരണ നിയമഭേദഗതി ബില്‍ , സിവില്‍കോടതി നിയമപരിഷ്ക്കരണ ബില്‍ തുടങ്ങിയവ. തദ്ദേശസ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ അധികാരം നല്‍കാനുള്ള ആ സര്‍ക്കാരിന്റെ സംരംഭം നടപ്പാക്കാന്‍ കഴിയാതെ പോയി.

1967ല്‍ ഇ എം എസ് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നപ്പോള്‍ അധികാര വികേന്ദ്രീകരണം നടപ്പാക്കാന്‍ പ്രാഥമിക നടപടികള്‍ കൈക്കൊണ്ടിരുന്നു. പൊലീസ് സ്റ്റേഷനുകളില്‍ പരാതി പറയാന്‍ ചെല്ലുന്നവരോട് അതിക്രമം കാട്ടുന്നതും സര്‍ക്കാര്‍ തടഞ്ഞു. സ്റ്റേഷനില്‍ ചെല്ലുന്നവര്‍ക്ക് ഇരിക്കാന്‍ വരാന്തയില്‍ ബെഞ്ചുകളിടാന്‍ ആ സര്‍ക്കാര്‍ ഉത്തരവിട്ടതും മനുഷ്യത്വത്തെ മാനിച്ചതിന്റെ ഉദാഹരണം. നാനാമേഖലകളില്‍ ആദ്യ ഇ എം എസ് സര്‍ക്കാര്‍ നടപ്പാക്കിയ നടപടികളില്‍നിന്നാണ് കേരളത്തിന്റെ സാമൂഹ്യജീവിതത്തിന് പുതിയ രൂപഭാവങ്ങളുണ്ടായത്. ഈ ദിശയിലെ മുന്നേറ്റം രാജ്യാന്തരങ്ങള്‍ ചെന്നെത്തിയ കേരളാ മാതൃകയ്ക്ക് നാന്ദിയായി. കേരളത്തിലെ രാഷ്ട്രീയ സാമൂഹ്യമണ്ഡലത്തിലെ അതികായന്മാരായിരുന്നു ആ മന്ത്രിസഭയുടെ തലപ്പത്ത്. യുഗപ്രഭാവനായ ഇ എം എസിനൊപ്പം ആഭ്യന്തര, നിയമവകുപ്പില്‍ രാജ്യംകണ്ട എക്കാലത്തെയും മികച്ച നിയമ വിശാരദന്‍ വി ആര്‍ കൃഷ്ണയ്യര്‍ , അടിമവേലയില്‍നിന്ന് അധ്യാപകരെ മോചിപ്പിക്കാന്‍ നിയമം നിര്‍മിച്ച പ്രൊഫ. ജോസഫ് മുണ്ടശേരി, ആരോഗ്യരംഗത്ത് വിപ്ലവം സൃഷ്ടിച്ച ഡോ. എ ആര്‍ മേനോന്‍ , വ്യവസായമേഖലയ്ക്ക് കുതിപ്പു നല്‍കിയ ടി വി തോമസ്, മണ്ണില്‍ പണിയെടുക്കുന്നവന് ഭൂമിയില്‍ അവകാശം നല്‍കാന്‍ യത്നിച്ച കെ ആര്‍ ഗൗരിയമ്മ തുടങ്ങിയവര്‍ .

1957 ഏപ്രില്‍ അഞ്ചിന് അധികാരമേറ്റപ്പോള്‍ ഇ എം എസ് പറഞ്ഞത് കമ്യൂണിസ്റ്റ് പാര്‍ടിയുടെ നയപരിപാടികള്‍ നടപ്പാക്കുകയല്ല തന്റെ സര്‍ക്കാരിന്റെ ലക്ഷ്യമെന്നാണ്. രാജ്യത്ത് കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ തുടങ്ങിവച്ചതും അവര്‍ നടപ്പാക്കാത്തതുമായ കാര്യങ്ങളാണ് തങ്ങള്‍ നടപ്പാക്കുകയെന്നും ഇ എം എസ് പറഞ്ഞു. ഭൂപരിഷ്കരണം നയമായി പ്രഖ്യാപിക്കുകയും അതില്‍നിന്ന് പിന്നോട്ടു പോകുകയുംചെയ്ത കോണ്‍ഗ്രസ്സിനെ ലക്ഷ്യമാക്കിയാണ് ഇ എം എസ് ഇങ്ങനെ പറഞ്ഞത്.

*
ആര്‍ സാംബന്‍ ദേശാഭിമാനി 05 മാര്‍ച്ച് 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

"ഇതൊരു സോഷ്യലിസ്റ്റ് ഗവണ്‍മെന്റോ കമ്യൂണിസ്റ്റ് ഗവണ്‍മെന്റോ അല്ല. ഇന്ത്യയിലെ ബൂര്‍ഷ്വാ ഭരണ സമ്പ്രദായത്തിന്റെ നാല് അതിരുകള്‍ക്കുള്ളില്‍നിന്ന് പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാരാണ്. ഈ ഭരണഘടനയ്ക്ക് വിധേയമായിത്തന്നെ ജനങ്ങള്‍ക്ക് അടിയന്തരമായ ചില ആശ്വാസ നടപടികള്‍ കൈക്കൊള്ളാന്‍ കഴിയുമെന്നാണ് പ്രതീക്ഷ"-1957ലെ സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ മുഖ്യ മന്ത്രി ഇ എം എസ് ആകാശവാണി വഴി ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനം. ആ വാക്കുകള്‍ പാഴായില്ലെന്നതിന്റെ തെളിവാണ് ഇന്നത്തെ കേരളമെന്ന് പറയുമ്പോള്‍ ആദ്യ നിയമസഭയില്‍ അംഗമായിരുന്ന പി ഗോവിന്ദപ്പിള്ളയ്ക്ക് ആവേശം.