Monday, March 5, 2012

ഹൃദയങ്ങളില്‍ ചെങ്കൊടി നാട്ടിയ സുല്‍ത്താന്‍

പത്തേമാരികളില്‍ തൊഴിലാളികള്‍ക്ക് കൂലി നിഷേധിക്കുന്ന സ്രാങ്കുമാരും സമരം തടയാനെത്തുന്ന പൊലീസും വികസനത്തിന്റെ വഴിമുടക്കുന്ന സിവില്‍ സര്‍വീസുകാരും ഇമ്പിച്ചിബാവ എന്ന പൊന്നാനിക്കാരന്റെ മുന്നില്‍ തോറ്റിട്ടേയുള്ളൂ. പാവപ്പെട്ടവനെ ജീവിക്കാന്‍ അനുവദിക്കാത്തിടത്തെല്ലാം ചങ്കുറപ്പോടെ ഇടപെട്ട ഇമ്പിച്ചിബാവയുടെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ എന്നും തടസ്സങ്ങള്‍ വഴിമാറി. തൊഴിലാളി നേതാവായും ഭരണാധികാരിയായും പാര്‍ലമെന്റേറിയനായും കഴിവു തെളിയിച്ച ഇമ്പിച്ചിബാവക്ക് പൊന്നാനിക്കാരുടെ മാത്രമല്ല, കേരളീയരുടെയാകെ മനസ്സില്‍ സുല്‍ത്താന്റെ സ്ഥാനം.

1930കളുടെ രണ്ടാം പകുതിയില്‍ കോഴിക്കോട് ഗണപത് ഹൈസ്കൂളില്‍ പഠിക്കുമ്പോള്‍ പി കൃഷ്ണപിള്ള കണ്ടെടുത്തതാണ് ഇമ്പിച്ചിബാവയിലെ സംഘാടകനെ. വിദ്യാര്‍ഥി ഫെഡറേഷന്‍ രൂപീകരിക്കുകയായിരുന്നു ദൗത്യം. അത് പൊതുജീവിതത്തിലേക്കുള്ള ആദ്യ ചുവടുവെയ്പ്പ്. 1964ല്‍ സിപിഐ ദേശീയ കൗണ്‍സില്‍ ബഹിഷ്കരിച്ചിറങ്ങിയ 32 പേരില്‍ ഇമ്പിച്ചിബാവയും. "കമ്യൂണിസ്റ്റ് പാര്‍ടി അദ്ദേഹത്തിന് ജീവനായിരുന്നു. മരണംവരെ കമ്യൂണിസ്റ്റുകാരന്റെ ചങ്കുറപ്പ് കൈവിടാതെ സൂക്ഷിച്ചു. പാവപ്പെട്ടവരെ കൈമെയ് മറന്ന് സ്നേഹിക്കുകയും സഹായിക്കുകയും ചെയ്ത സഖാവ് ഇന്നും പൊന്നാനിക്കാര്‍ക്ക് സുല്‍ത്താനാണ്, ഫക്കീറായ സുല്‍ത്താന്‍ ..."


പൊന്നാനി ലാല്‍ഭവന്റെ പൂമുഖത്തിരുന്ന് ഇ കെ ഇമ്പിച്ചിബാവയുടെ ഭാര്യ ഫാത്തിമ ടീച്ചര്‍ പറഞ്ഞു. കമ്യൂണിസ്റ്റുകാരന്റെ രാഷ്ട്രീയ വിശുദ്ധി ജീവിതാന്ത്യംവരെ സൂക്ഷിച്ച ഇ കെ ഇമ്പിച്ചിബാവയുടെ ഓര്‍മകള്‍ 75ലും ഒളിമങ്ങാതെ നിറഞ്ഞുനില്‍ക്കുകയാണ് ടീച്ചറുടെ മനസ്സില്‍ . 1957ലെ ഒരു സംഭവം പൊന്നാനിയിലെ പഴയ തലമുറയില്‍പ്പെട്ടവര്‍ക്ക് ഓര്‍മയുണ്ട്. തുറമുഖത്ത് ചരക്കുമായെത്തുന്ന പത്തേമാരികളിലെ തൊഴിലാളികള്‍ കൂലികിട്ടാതെ നരകിക്കുകയാണ്. കൂലി ചോദിക്കുന്നവര്‍ക്ക് ഗുജറാത്തിലെ കച്ച് സ്വദേശികളായ മുതലാളിമാരുടെയും സ്രാങ്കുമാരുടെയും കൊടിയ പീഡനം. ഗത്യന്തരമില്ലാതെ തൊഴിലാളികള്‍ ഇ കെ ഇമ്പിച്ചിബാവയുടെ അടുത്തെത്തി. പാലക്കാട് പാര്‍ടി ആപ്പീസില്‍നിന്ന് പൊന്നാനിയിലെത്തിയ അദ്ദേഹം വ്യാപാരികളുമായി സംസാരിച്ചു. പക്ഷേ, ഫലമുണ്ടായില്ല.

"ഇനി നോക്കിനില്‍ക്കേണ്ട. കേറിക്കെട്ടെടാ ചെങ്കൊടി. നമ്മുടെ കരുത്ത് അവര്‍ കാണട്ടെ. സമരം ജയിക്കാതെ ഒറ്റ പത്തേമാരിയും വിടേണ്ട....". ആ വാക്കുകള്‍ അറബിക്കടലിെന്‍റ ഓളപ്പരപ്പില്‍ പ്രതിധ്വനിച്ചു. കടലിെന്‍റ മക്കള്‍ പുറംകടലില്‍ നങ്കൂരമിട്ട പത്തേമാരികള്‍ കൈയേറി ചെങ്കൊടി നാട്ടി. തിരകള്‍ ഇങ്ക്വിലാബ് ഏറ്റുചൊല്ലി. കപ്പല്‍മുതലാളിമാരും സ്രാങ്കുമാരും ഞെട്ടി. "സര്‍ ഇവിടെ കമ്യൂണിസ്റ്റ് ഭരണമാണ്. ഞങ്ങളുടെ ജീവനും സ്വത്തിനും രക്ഷയില്ല." പൊന്നാനിയില്‍നിന്ന് ഡല്‍ഹിക്ക് കമ്പിസന്ദേശം. കടപ്പുറത്ത് പൊലീസ് നിര. "കമ്യൂണിസ്റ്റ് ഭരണത്തില്‍ തൊഴിലാളി സമരം അടിച്ചമര്‍ത്താന്‍ പൊലീസോ...."ഇമ്പിച്ചിബാവ ആക്രോശിച്ചു. അടുത്ത ക്ഷണം മുഖ്യമന്ത്രി ഇ എം എസ് ഇടപെട്ടു. കാക്കിപ്പട ഇടിവണ്ടിയില്‍തന്നെ മടങ്ങി. മന്ത്രിയും എംപിയും എംഎല്‍എയുമൊക്കെ ആയപ്പോള്‍ നീതികേടിനെതിരെ പ്രതികരിക്കാന്‍ അദ്ദേഹം മുന്നിലുണ്ടായിരുന്നു. തടസ്സങ്ങളുടെ ചുവപ്പുനാടകളും അദ്ദേഹത്തിനു മുന്നില്‍ അഴിഞ്ഞു. വഴിമുടക്കുന്ന ഉദ്യോഗസ്ഥരെ നിലക്കുനിര്‍ത്തും. "കഴിയില്ലെന്നുപറയാന്‍ നിങ്ങള്‍ വേണ്ട. അതിന് ഗുമസ്തന്‍ മതി. കാര്യങ്ങള്‍ ചെയ്തു കൊടുക്കാനാണ് നിങ്ങളെ&യൗഹഹ;വിളിച്ചത്." തടസ്സം നില്‍ക്കുന്ന ഐഎഎസുകാരന്റെ മുഖത്തുനോക്കി അദ്ദേഹം പറഞ്ഞു.

1952-ല്‍ രാജ്യസഭയിലെത്തി മലയാളത്തില്‍ പ്രസംഗിച്ച് ചരിത്രം സൃഷ്ടിച്ച ഇമ്പിച്ചിബാവ 67ലെ മന്ത്രിസഭയില്‍ ഗതാഗതമന്ത്രിയായി തിളങ്ങി. വകുപ്പ് ജനകീയവല്‍ക്കരിച്ച അദ്ദേഹം മലബാറിലും കെഎസ്ആര്‍ടിസി സുപരിചിതമാക്കി. കരിപ്പൂര്‍ വിമാനത്താവളത്തിന് ചിറകേകിയതും ഇമ്പിച്ചിബാവ തന്നെ. എതിര്‍പ്പുകള്‍ അവഗണിച്ച് എയര്‍പോര്‍ട്ടിന് ഭൂമി അക്വയര്‍ ചെയ്തു. 1956ല്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ തെക്കേ മലബാര്‍ ജില്ലാ കമ്മിറ്റി അംഗമായ ഇമ്പിച്ചിബാവ 1957ല്‍ പാലക്കാട് ജില്ലയുടെ പ്രഥമ ജില്ലാ സെക്രട്ടറിയായി. ദീര്‍ഘകാലം അവിഭക്ത പാര്‍ടിയുടെ നാഷണല്‍ കൗണ്‍സില്‍ അംഗമായും പ്രവര്‍ത്തിച്ചു. 1964മുതല്‍ മരണംവരെ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം. 1971 മുതല്‍ 1980 വരെ സിപിഐ എം മലപ്പുറം ജില്ലാ സെക്രട്ടറി. 1962ല്‍ പൊന്നാനിയെയും 1980ല്‍ കോഴിക്കോടിനെയും പ്രതിനിധീകരിച്ച് ലോക്സഭയില്‍ . 1967ല്‍ മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ ജയിച്ചാണ് ഗതാഗത മന്ത്രിയായത്. 91ല്‍ പൊന്നാനിയില്‍നിന്ന് ജയിച്ചു.

*
റഷീദ് ആനപ്പുറം ദേശാഭിമാനി 04 മാര്‍ച്ച് 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

പത്തേമാരികളില്‍ തൊഴിലാളികള്‍ക്ക് കൂലി നിഷേധിക്കുന്ന സ്രാങ്കുമാരും സമരം തടയാനെത്തുന്ന പൊലീസും വികസനത്തിന്റെ വഴിമുടക്കുന്ന സിവില്‍ സര്‍വീസുകാരും ഇമ്പിച്ചിബാവ എന്ന പൊന്നാനിക്കാരന്റെ മുന്നില്‍ തോറ്റിട്ടേയുള്ളൂ. പാവപ്പെട്ടവനെ ജീവിക്കാന്‍ അനുവദിക്കാത്തിടത്തെല്ലാം ചങ്കുറപ്പോടെ ഇടപെട്ട ഇമ്പിച്ചിബാവയുടെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ എന്നും തടസ്സങ്ങള്‍ വഴിമാറി. തൊഴിലാളി നേതാവായും ഭരണാധികാരിയായും പാര്‍ലമെന്റേറിയനായും കഴിവു തെളിയിച്ച ഇമ്പിച്ചിബാവക്ക് പൊന്നാനിക്കാരുടെ മാത്രമല്ല, കേരളീയരുടെയാകെ മനസ്സില്‍ സുല്‍ത്താന്റെ സ്ഥാനം.