Wednesday, March 7, 2012

ഇനിയുമെന്തിന് നികുതി വര്‍ധന?

ഇന്ത്യന്‍ ജനതയില്‍ നിന്ന് ഏത് പരിധിവരെ നികുതിപണം പിഴിഞ്ഞെടുക്കാം? ഈ ചോദ്യത്തിന് ഉത്തരം കിട്ടണമെങ്കില്‍, നികുതി ബാധ്യതയുടെ കാര്യത്തില്‍ ഇന്ത്യയും മറ്റു രാജ്യങ്ങളുമായി ഒരു താരതമ്യപഠനം നടത്തേണ്ടിയിരിക്കുന്നു. ഈ പഠനത്തിനുള്ള മാനദണ്ഡമായെടുക്കാവുന്നത് നികുതിയും, ജി ഡി പിയും തമ്മിലുള്ള അനുപാതമാണ്. ഇന്ത്യയുടെ നികുതി - ജി ഡി പി അനുപാതം 15 ശതമാനമാണ്. ഇതില്‍ കേന്ദ്രസര്‍ക്കാരിന്റേത് 10 ശതമാനവുമാണ്.

2008 ലെ ആഗോളധനകാര്യ പ്രതിസന്ധിക്കുമുമ്പ് ഈ അനുപാതം യഥാക്രമം 17.7 ശതമാനം, 12 ശതമാനം എന്നിങ്ങനെയുമായിരുന്നു. ഇനി മറ്റു ചില രാജ്യങ്ങളിലെ സ്ഥിതി നോക്കാം. ഇന്ത്യയേക്കാള്‍ മോശമായ സാമ്പത്തികസ്ഥിതി നേരിടുന്ന ബംഗ്ലാദേശിന്റെ നികുതി - ജി ഡി പി അനുപാതം 8.5 ശതമാനമാണെങ്കില്‍ പാകിസ്ഥാന്റേത് 10.2 ശതമാനമാണ്. വിയറ്റ്‌നാമിന്റെ നികുതി-ജി ഡി പി അനുപാതം ഇന്ത്യയുടേതുപോലെ തന്നെ 15 ശതമാനം തന്നെയാണ്. വരുമാന പരിധി ഉയര്‍ന്ന രാജ്യങ്ങളുടെ കണക്കെടുത്താല്‍, ഈ അനുപാതവും ഉയരുന്നതായി കാണാം. കാരണം നികുതിഭാരം ചെന്നെത്തുന്നത് ഉപജീവനത്തിനാവശ്യമായതിലുമപ്പുറം വരുമാനമുള്ള ജനവിഭാഗത്തിനുമേലാണ് എന്നതുതന്നെ. അതേസമയം കൂടുതല്‍ സമ്പന്നമായ രാജ്യങ്ങളുടെ കാര്യമെടുത്താല്‍ കാണാന്‍ കഴിയുക, നികുതി അനുപാതം ഒന്നുകില്‍ ഇതില്‍ താഴെയോ അല്ലെങ്കില്‍ ഇതിനോടു തുല്യമോ ആയിരിക്കുമെന്നാണ്. ഉദാഹരണത്തിന് ഇന്തോനേഷ്യയുടെ നികുതി-ജി ഡി പി അനുപാതം വെറും 11 ശതമാനമാണ്.

ഫിലിപ്പൈന്‍സിന്റേത് 14.4 ശതമാനമാണ്. കൂടുതല്‍ സമ്പന്നമായ മലേഷ്യയുടെ അനുപാതം 15.5 ശതമാനമാണെങ്കില്‍ തായ്‌ലന്‍ഡിന്റേത് 17 ശതമാനമാണ്. അസോസിയേഷന്‍ ഓഫ് സൗത്ത്-ഈസ്റ്റ് ഏഷ്യന്‍ (ആസിയാന്‍) രാജ്യങ്ങളില്‍ അംഗത്വമുള്ള ഈ രാജ്യങ്ങളുടെ ആളോഹരി വരുമാനമാണെങ്കിലോ, ഇന്ത്യയിലേതിനേക്കാള്‍ ഏറെയുമാണ്. ഇക്കാരണത്താല്‍ അധികനികുതി ഭാരം താങ്ങാന്‍ പ്രസ്തുത രാജ്യങ്ങളിലെ ജനതയ്ക്ക് കഴിയുകയും ചെയ്യും. ചൈനയുടെ കാര്യമെടുക്കുക, ചൈനയുടെ ആളോഹരി വരുമാനം ഇന്ത്യയുടേതിന്റെ മൂന്നിരട്ടിയിലേറെ വരുമെങ്കിലും നികുതി-ജി ഡി പി അനുപാതം 17 ശതമാനം മാത്രമാണ്. ഇതിന്റെ അര്‍ഥം ഇന്ത്യന്‍ ജനത ഇപ്പോള്‍തന്നെ അധികനികുതി ഭാരം പേറുന്നു എന്നാണ്. മറിച്ചുള്ള പ്രചരണത്തില്‍ കഴമ്പില്ല.

ആഗോളതലത്തില്‍ പരിശോധിക്കുമ്പോള്‍ ഉരുത്തിരിയുന്ന മറ്റൊരു വസ്തുത എന്തെന്നോ? നോര്‍വേ, സ്വീഡന്‍ തുടങ്ങി ഏതാനും ചില സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളും ഉത്തരയൂറോപ്യന്‍ രാജ്യങ്ങളും അതിസമ്പന്ന രാജ്യങ്ങളെന്ന നിലയില്‍ നികുതി-ജി ഡി പി അനുപാതത്തിന്റെ കാര്യത്തില്‍ ഇതിലുമേറെ ഉയരത്തിലാണ് - 40 ശതമാനമോ, അതിലേറെയോ ആണ് ഈ അനുപാതം. ദക്ഷിണ, കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളുടേത് 30 ശതമാനം വരെയുമാണ്. എന്നാല്‍, അവിശ്വസനീയമായി തോന്നുമെങ്കിലും അര്‍ദ്ധനികുതി സങ്കേതങ്ങളെന്ന് വിശേഷിപ്പിക്കപ്പെടുന്ന സമ്പന്ന രാജ്യങ്ങളായ (അതോ, വന്‍നഗരങ്ങളോ) ഹോങ്കോംഗ്, സിംഗപ്പൂര്‍ എന്നിവിടങ്ങളിലെ നികുതി-ജി ഡി പി, അനുപാതം ശരാശരി 15 ശതമാനം മാത്രമാണ്. ഇതിനൊരു മറുവശവും കാണാന്‍ കഴിയും.

ദരിദ്ര രാജ്യങ്ങളുടെ ഗണത്തില്‍പ്പെടുന്ന സിംബാബ്‌വെ, ക്യൂബ എന്നീ രാജ്യങ്ങളിലെ അനുപാതം 40 ശതമാനത്തോളമാണ്. ഇത്തരം കണക്കുകളുടെ കൃത്യത ഉറപ്പുപറയുക പ്രയാസമാണെങ്കിലും നികുതി-ജി ഡി പി അനുപാതത്തിന്റെ ഏകദേശ രൂപം എന്തെന്നറിയാന്‍ ഇവ സഹായിക്കും. മാത്രമല്ല, ഈ അനുപാത്തിന്റെ കാര്യത്തില്‍ ഇന്ത്യ നിലവിലുളള വികസനത്തിന്റേയും വരുമാനത്തിന്റെയും സാഹചര്യങ്ങളില്‍ എവിടെ എത്തിനില്‍ക്കുന്നു എന്നെങ്കിലും നമുക്ക് ഇതിലൂടെ മനസ്സിലാകുമല്ലോ. നികുതി നിരക്കുകള്‍ പരിശോധിച്ചാല്‍ ഈ നിഗമനം സാധൂകരിക്കപ്പെടുകയും ചെയ്യും. നിരവധി സമ്പദ് വ്യവസ്ഥകളില്‍ ഏറ്റവും ഉയര്‍ന്നവരുമാന നികുതി നിരക്കുകള്‍ ഇന്ത്യയിലേതിനേക്കാള്‍ അധികമാണെന്നിരിക്കെ, ഇന്ത്യയിലെ 30 ശതമാനം നിരക്കെന്നത് ഒരുവിധം നീതീകരിക്കത്തക്ക യുക്തിസഹവുമാണെന്നു കാണാന്‍ കഴയും. വിശിഷ്യാ, നികുതിവലയില്‍ നിന്നും ഒഴിഞ്ഞുമാറാനുള്ള പ്രവണത നമ്മുടെ നാട്ടില്‍ ശക്തമാണെന്ന സാഹചര്യത്തില്‍. കോര്‍പ്പറേറ്റ് നികുതികളാണെങ്കില്‍ മറ്റു രാജ്യങ്ങളില്‍ പലതിലും ഇന്ത്യയില്‍ നിലവിലുള്ളതിലും കുറവുമാണ്. ഇതിനുള്ള നീതീകരണമായി ചൂണ്ടിക്കാട്ടുന്നത് സാമ്പത്തിക വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുക എന്നതാണ്- പരോക്ഷ നികുതിനിരക്കുകള്‍ ഇന്ത്യയില്‍ ഒട്ടും കുറവല്ല.

വില്‍പന നികുതിയുടെ സ്ഥാനത്ത് മൂല്യവര്‍ധിത നികുതി-വാറ്റ്-ഏര്‍പ്പെടുത്തിയതോടെ വ്യത്യസ്ത പരോക്ഷ നികുതി നിരക്കുകളാണ് ചരക്കുകള്‍ക്കുമേല്‍ നിലവിലുളളത്. ഇന്ത്യന്‍ നികുതി വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം യഥാര്‍ഥ പ്രശ്‌നം നിരക്കുകളല്ല, അവയുടെ കവറേജ് ആണ്. അതായത് ജനസംഖ്യയുടെ നല്ലൊരു ഭാഗം നികുതി വലയ്ക്കു പുറത്താണെന്നതാണ് പ്രശ്‌നം. ഇന്ത്യയില്‍ ആദായനികുതിദായകരുടെ എണ്ണം 35 മില്യന്‍ മാത്രമാണ്. മാത്രമല്ല, മൊത്തം ആഭ്യന്തരോല്‍പ്പന്ന (ജി ഡി പി)ത്തിന്റെ പകുതിയിലേറെ സംഭാവനചെയ്യുന്ന സേവനസമ്പദ്‌മേഖല നികുതി ഇനത്തില്‍ ഖജനാവിലേക്ക് ഒടുക്കുന്നത് ജി ഡി പി യുടേ ഒരു ശതമാനത്തില്‍ താഴെമാത്രമാണ്. നികുതി ബാധ്യതയില്‍ നിന്നും കരുതിക്കൂട്ടി ഒഴിഞ്ഞു മാറാനുള്ള പ്രവണത ക്രമേണ കുറഞ്ഞുവരുന്നതായി കാണുന്നുണ്ട്. നികുതി വ്യവസ്ഥയുടെ ശാസ്ത്രീയമായ പുനസ്സംഘടനയുടേയും കാര്യക്ഷമത വര്‍ധിപ്പിച്ചതിന്റെയും പ്രതിഫലനമാണിത്.
വികസനത്തിന് പുതിയ മാനങ്ങളുണ്ടാകുന്നതിനെ തുടര്‍ന്ന് നികുതി വരുമാനത്തിലും വര്‍ധനവുണ്ടാവുക സ്വാഭാവികമാണ്. ഇതിനെല്ലാം ഉപരിയായി കൂടുതല്‍ പേര്‍ സംഘടിത മേഖലയുടെ ഭാഗമാകുന്നതുമൂലം കൈമാറ്റങ്ങളുടെ സുതാര്യത ഉയരുകയും നികുതി വെട്ടിപ്പും നികുതിയില്‍ നിന്നും ഒഴിയലും കുറയുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി നികുതി-ജി ഡി പി അനുപാത നികുതി നിരക്കുകളില്‍ വര്‍ധനവില്ലാതെതന്നെ, മെച്ചപ്പെട്ടുവരുന്നതായി കാണുന്നു. ഇതോടൊപ്പംതന്നെ, നികുതി വരുമാനം ഉയര്‍ത്തുന്നതിന് നിലവിലുളള നികുതി വ്യവസ്ഥയില്‍ വ്യാപകമായി കാണപ്പെടുന്ന പഴുതുകള്‍ അടയ്ക്കുകയും വേണം.

ഈ ലക്ഷ്യം മുന്നില്‍കണ്ടാണ് ബൃഹത്തായൊരു ചരക്ക് സേവന നികുതി വ്യവസ്ഥ (ജി എസ് ടി എസ്) ക്ക് രൂപംനല്‍കിയിട്ടുള്ളത്. കൂടാതെ, അതിവിപുലമായൊരു വിവരശേഖരണ നെറ്റ് വര്‍ക്കിലൂടെ നികുതി വെട്ടിപ്പ് കണ്ടെത്താനും ശ്രമങ്ങള്‍ നടത്തേണ്ടതുണ്ട്. ഇന്നത്തെ നിലയില്‍ വരുമാന നികുതി വരുമാനത്തില്‍ പകുതിയോളം സമാഹരിക്കുന്നത് വെറും രണ്ട് ശതമാനം നികുതിദായകരില്‍ നിന്നാണെന്നോര്‍ക്കുക. അതായത്, 7,15,000 പേരാണ് എട്ട് ലക്ഷമോ അതിലേറെയോ നികുതിവിധേയ വരുമാനമുളളവരായി റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം, സര്‍ക്കാര്‍തന്നെ നടത്തുന്ന കുടുംബ വരുമാന സര്‍വേകള്‍ വെളിവാക്കുന്നത് ഈ വരുമാന വിഭാഗത്തിലുളളവരുടെ എണ്ണം ഇതിലിരട്ടി വരുമെന്നുമാണ്. എത്രമാത്രം നികുതി വരുമാനമാണ് ഓരോ ധനകാര്യ വര്‍ഷത്തിലും ഖജനാവിന് നഷ്ടപ്പെടുന്നതെന്ന് ഈ കണക്കുകളും വസ്തുതകളും വ്യക്തമാക്കുന്നു.

പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ കൂടെക്കൂടെയുള്ള വിലവര്‍ധനവിലൂടെയും മറ്റു പരോക്ഷ നികുതി വര്‍ധനവിലൂടെയും ജനജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാക്കുന്നതില്‍ നിന്ന് കേന്ദ്ര ഭരണകൂടത്തിന് പിന്‍തിരിയാന്‍ ഇത്തരംമാര്‍ഗങ്ങള്‍ അവലംബിക്കുന്നതല്ലേ കരണീയം?

*
പ്രഫ. കെ അരവിന്ദാക്ഷന്‍ ജനയുഗം 07 മാര്‍ച്ച് 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഇന്ത്യന്‍ ജനതയില്‍ നിന്ന് ഏത് പരിധിവരെ നികുതിപണം പിഴിഞ്ഞെടുക്കാം? ഈ ചോദ്യത്തിന് ഉത്തരം കിട്ടണമെങ്കില്‍, നികുതി ബാധ്യതയുടെ കാര്യത്തില്‍ ഇന്ത്യയും മറ്റു രാജ്യങ്ങളുമായി ഒരു താരതമ്യപഠനം നടത്തേണ്ടിയിരിക്കുന്നു. ഈ പഠനത്തിനുള്ള മാനദണ്ഡമായെടുക്കാവുന്നത് നികുതിയും, ജി ഡി പിയും തമ്മിലുള്ള അനുപാതമാണ്. ഇന്ത്യയുടെ നികുതി - ജി ഡി പി അനുപാതം 15 ശതമാനമാണ്. ഇതില്‍ കേന്ദ്രസര്‍ക്കാരിന്റേത് 10 ശതമാനവുമാണ്.