Tuesday, March 6, 2012

പുതിയ ജലനയം കുടിവെള്ളത്തെ വില്‍പ്പനച്ചരക്കാക്കുന്നു

പുതിയ ദേശീയ ജലനയത്തിന് അന്തിമ രൂപം നല്‍കാനുള്ള ശ്രമത്തിലാണ് കേന്ദ്രസര്‍ക്കാര്‍. ജലനയത്തിന്റെ കരട് കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച് അഭിപ്രായത്തിനായി സംസ്ഥാനങ്ങള്‍ക്ക് അയച്ചുകൊടുത്തു. നയത്തിന് അന്തിമരൂപം നല്‍കുന്നതിന് സംസ്ഥാന ജലവിഭവമന്ത്രിമാരുടെ യോഗം വിളിച്ചുചേര്‍ക്കാനും തീരുമാനമായി. പുതിയ ദേശീയ ജലനയത്തെ രാജ്യത്തെ ജനങ്ങളും ജനസംഘടനകളും ആശങ്കയോടെയാണ് ഉറ്റുനോക്കുന്നത്. എല്ലാ മേഖലകളിലും ദുര്‍വഹമായ സാമ്പത്തികഭാരം ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിച്ചുകൊണ്ടിരിക്കുന്ന യു പി എ സര്‍ക്കാര്‍ കുടിവെള്ളം പോലും വില്‍പ്പന ചരക്കാക്കി മാറ്റുമെന്ന ഭീതിയാണ് ജനങ്ങള്‍ക്കുള്ളത്. പുതിയ നയം സംബന്ധിച്ച് ഇതിനകം ലഭ്യമായിട്ടുള്ള വിവരങ്ങള്‍ എല്ലാം ആ ദിശയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. രാജ്യം ഔപചാരികമായി നവഉദാരീകരണത്തിന്റെ പാത സ്വീകരിച്ച കാലം മുതല്‍ കുടിവെള്ളം കച്ചവടചരക്കാക്കി മാറ്റുന്നതിനെപ്പറ്റിയും അതിന്റെ സ്വകാര്യവത്കരണത്തെപ്പറ്റിയും സൂചനകള്‍ ഉയര്‍ന്നുവന്നിരുന്നു. ഇപ്പോള്‍ പുതിയ ദേശീയ ജലനയരൂപീകരണത്തോടെ ആ ആശങ്കകള്‍ യാഥാര്‍ഥ്യമാകുമെന്നാണ് സൂചന. നവഉദാരീകരണ കാലത്ത് രൂപം കൊള്ളുന്ന നയങ്ങളും പരിപാടികളും നിയമങ്ങളും അവയുടെ പരിപാലനവും രാജ്യതാല്‍പര്യങ്ങള്‍ക്കോ ജനാഭിലാഷത്തിനോ അനുസൃതമല്ല. അവ നവഉദാരീകരണത്തിന്റെ ആഗോളവക്താക്കളും പ്രയോക്താക്കളുമായ കോര്‍പ്പറേറ്റ് ധനമൂലധനത്തിന്റെയും അവയുടെ ഉപകരണങ്ങളായ ലോകബാങ്ക്, അന്താരാഷ്ട്ര നാണ്യനിധി എന്നിവയുടേയും താല്‍പര്യങ്ങള്‍ക്ക് അനുസൃതമായിരിക്കുമെന്ന് അനുഭവം നമ്മെ പഠിപ്പിക്കുന്നു.

കുടിവെള്ളത്തിന്റെയും വൈദ്യുതിയുടേയും നിരക്കുകള്‍ ഗണ്യമായി ഉയര്‍ത്തണം. അതാണ് നിര്‍ദിഷ്ട ജലനയത്തിന്റെ അന്തസത്ത. അടിസ്ഥാന സൗകര്യങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണം. ആ ചുമതല സ്വകാര്യ സേവനദാതാക്കള്‍ക്ക് ഏല്‍പ്പിച്ചു കൊടുക്കണം. മികച്ച ലാഭം ലഭിക്കാത്ത യാതൊരു സംരംഭവും സ്വകാര്യ സേവനദാതാക്കളെ സംബന്ധിച്ചിടത്തോളം ആകര്‍ഷകമല്ല. സ്വകാര്യ സംരംഭകരെ ഈ രംഗത്തേക്ക് ആകര്‍ഷിക്കാനും നിക്ഷേപം പ്രോത്സാഹിപ്പിക്കാനും അവര്‍ക്ക് ലാഭം ഉറപ്പുനല്‍കണം. ആ ദൗത്യമാണ് പുതിയ ദേശീയ ജലനയത്തിലൂടെ രണ്ടാം യു പി എ സര്‍ക്കാര്‍ ലക്ഷ്യംവയ്ക്കുന്നത്. അത്തരത്തില്‍ സ്വകാര്യ കുത്തകകള്‍ക്ക് ലാഭം ഉറപ്പുനല്‍കുന്നതിന് ആവശ്യമായ കാര്യകാരണങ്ങള്‍ കണ്ടെത്തി നിരത്തുകയാണ് ദേശീയ ജലനയരൂപീകരണം എന്ന വ്യായാമത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

ജലം അമൂല്യമാണ്. അത് ദുരുപയോഗം ചെയ്യരുത്. സൗജന്യമായി ജലം ലഭിക്കുന്നതിനാലാണ് പാവപ്പെട്ടവര്‍ അത് ദുരുപയോഗം ചെയ്യുന്നത്. പൊതുടാപ്പുകളില്‍ നിന്നാണ് പാവങ്ങള്‍ വെള്ളമെടുക്കുന്നതും അത് ദുരുപയോഗം ചെയ്യുന്നതും. അതുകൊണ്ട് പൊതുടാപ്പുകള്‍ നിര്‍ത്തലാക്കണം. പാവങ്ങള്‍ക്ക് ആവശ്യമെങ്കില്‍ സര്‍ക്കാര്‍ ചെലവില്‍ ഗാര്‍ഹിക കണക്ഷന്‍ നല്‍കണം. തുടര്‍ന്ന്, ഉപയോഗിക്കുന്ന ജലത്തിന് അവരില്‍ നിന്നും ആദായകരമായ വില ഈടാക്കണം. ആദായകരമായ വില സേവനദാതാക്കള്‍ നിശ്ചയിക്കും. സേവനദാതാക്കളാകട്ടെ ഇനിമേല്‍ സര്‍ക്കാരോ സര്‍ക്കാര്‍ ഏജന്‍സികളോ ആയിരിക്കില്ല. അത് സ്വകാര്യകുത്തകകളോ അല്ലെങ്കില്‍ തുടക്കത്തില്‍ പൊതു-സ്വകാര്യ പങ്കാളിത്ത സംവിധാനങ്ങളോ ആയിരിക്കും. നിരക്കുകള്‍ ക്രമീകരിക്കാന്‍ അതോറിട്ടികള്‍ക്ക് രൂപം നല്‍കും. അതോറിട്ടിയുടെ നീതിബോധം ടെലികോം, വൈദ്യുതി എന്നീ മേഖലകളില്‍ നാം അനുഭവിച്ചു അറിഞ്ഞുകൊണ്ടിരിക്കുകയാണല്ലോ. അതോറിട്ടിയുടെ നീതിസംഹിത വിപണിയെ അടിസ്ഥാനമാക്കിയാണ് നിശ്ചയിക്കുക. ജലനയത്തിന്റെ മറ്റൊരു സുപ്രധാന ഘടകം ജലത്തിന്റെ ദുരുപയോഗം തടയാന്‍ വൈദ്യുതിനിരക്ക് ഉയര്‍ത്തണമെന്നതാണ്! വൈദ്യുതി കൂടാതെ ജലം സ്രോതസ്സില്‍ നിന്ന് ഉപഭോക്താവിന് ലഭിക്കില്ലല്ലോ. ഉപഭോക്താവിന് ജലം ലഭ്യമാക്കുന്ന വൈദ്യുതിയുടെ നിരക്കുതന്നെ കുത്തനെ ഉയര്‍ത്തിയാല്‍ ജലത്തിന്റെ ദുരുപയോഗം ഫലപ്രദമായി തടയാനാവും! ഇത് ഒരു ജനാധിപത്യ ഭരണകൂടത്തിന്റെ നയവും യുക്തിയുമല്ല. മറിച്ച് കഴുത്തറപ്പന്‍ ലാഭക്കൊതിയുമായി ജനങ്ങളുടെ മേല്‍ ചാടിവീഴാന്‍ തയാറെടുക്കുന്ന കോര്‍പ്പറേറ്റ് ദുരയുടെ യുക്തിയും നയവുമാണ്.

കേന്ദ്രസര്‍ക്കാരിന്റെ ജലനയത്തിന് അന്തിമരൂപം നല്‍കാന്‍ പോകുന്ന കേരളത്തിന്റെ ജലവിഭവവകുപ്പ് മന്ത്രിയും കേരള ഗവണ്‍മെന്റും കേരള നിയമസഭയുടെ സര്‍ക്കാര്‍ നല്‍കുന്ന ഉറപ്പുകള്‍ സംബന്ധിച്ച സമിതി ഇക്കഴിഞ്ഞ ദിവസം സമര്‍പ്പിച്ച ജലനയം സംബന്ധിച്ച റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളും നിഗമനങ്ങളും വിസ്മരിക്കരുത്. കുട്ടി അഹമ്മദ് കുട്ടി അധ്യക്ഷനായ സമിതി, ലോകബാങ്കും യു പി എ സര്‍ക്കാരും പിന്തുടരുന്ന സമീപനത്തിനെതിരെ കര്‍ക്കശമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. സമിതി കക്ഷിരാഷ്ട്രീയത്തിനതീതമായി, ജലത്തെ ഒരു വില്‍പ്പന ചരക്കാക്കി കാണുന്ന ലോകബാങ്ക് നിലപാടിനെ ഏകകണ്ഠമായി തിരസ്‌കരിക്കുന്നു. അടിസ്ഥാന സൗകര്യങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതില്‍ കര്‍ശന വ്യവസ്ഥകളും ലാഭേച്ഛയും കടന്നുകൂടുന്നത് ആശാസ്യമല്ലെന്ന് വിലയിരുത്തുന്നു. എല്ലാവര്‍ക്കും ശുദ്ധജലം ലഭ്യമാക്കണമെന്ന ലക്ഷ്യം അട്ടിമറിക്കുന്നത് ജനാധിപത്യപരമായ രീതിയല്ലെന്നും ഇത് ജനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ ഒഴിഞ്ഞുമാറുന്നതിന് തുല്യമാണെന്നും സമിതി വിലയിരുത്തി. ദേശീയ ജലനയരൂപീകരണത്തില്‍ കേരളത്തിന്റെ ഖണ്ഡിതമായ നിലപാട് ഇതായിരിക്കണം.

*
ജനയുഗം മുഖപ്രസംഗം 06 മാര്‍ച്ച് 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...