Thursday, March 1, 2012

കേന്ദ്രസര്‍ക്കാരിന് ശക്തമായ താക്കീത്

ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തിന്റെ ഐക്യം പ്രകടമായ ഐതിഹാസിക പൊതുപണിമുടക്കിനാണ് ചൊവ്വാഴ്ച രാജ്യം സാക്ഷിയായത്. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ട്രേഡ്യൂണിയനായ ഐഎന്‍ടിയുസിയുടെ ഉള്‍പ്പെടെ നേതൃത്വത്തിലാണ് പണിമുടക്ക് നടന്നതെന്നത് ശ്രദ്ധേയമാണ്. രാജ്യത്തെ പൊതുമേഖലയിലെയും സ്വകാര്യമേഖലയിലെയും തൊഴിലാളികളും സര്‍ക്കാര്‍ ജീവനക്കാരുമെല്ലാം അണിനിരന്ന ഈ പണിമുടക്ക് യുപിഎ സര്‍ക്കാരിന്റെ പിന്തിരിപ്പന്‍ നയങ്ങള്‍ക്കെതിരെയുള്ള ശക്തമായ താക്കീതാണ്. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് വീണ്ടും വില വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒത്താശ ചെയ്യുന്ന ഘട്ടത്തിലാണ് തൊഴിലാളിവര്‍ഗത്തിന്റെ ഉജ്വലമായ സമരം നടന്നത്. പെട്രോളിന് നാലു രൂപയും ഡീസലിന് രണ്ടു രൂപയും വര്‍ധിപ്പിക്കാനാണ് നീക്കം.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ നടപടികള്‍ പൂര്‍ത്തിയാകുന്ന മാര്‍ച്ച് ആറിന് ശേഷം ഏതുദിവസവും ഈ തീരുമാനം ഇടിത്തീപോലെ വന്നേക്കാം. പെട്രോളിന്റെ വിലനിയന്ത്രണം എടുത്തുകളഞ്ഞ് റിലയന്‍സ് ഉള്‍പ്പെടെയുള്ള കുത്തക കമ്പനികള്‍ക്ക് വില നിശ്ചയിക്കാനുള്ള അധികാരം നല്‍കിയതിന്റെ ദുഷ്ഫലമാണ് അടിക്കടിയുള്ള എണ്ണ വിലക്കയറ്റം. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം രൂക്ഷമാക്കാനും യാത്രാക്കൂലി വന്‍തോതില്‍ വര്‍ധിക്കാനും ഇടയായത് ഇതുമൂലമാണ്. ഡീസലിന്റെയും വിലനിയന്ത്രണം എടുത്തുകളയാന്‍ നീക്കം നടക്കുന്നു. ഇനിയും വില കയറ്റിയാല്‍ ജനങ്ങള്‍ എങ്ങനെ പ്രതികരിക്കുമെന്ന് ചൊവ്വാഴ്ചത്തെ പണിമുടക്കിലൂടെ സര്‍ക്കാരിന് മനസിലായിട്ടുണ്ടാവും. കേന്ദ്രസര്‍ക്കാരിനെ പിന്താങ്ങുന്ന ട്രേഡ് യൂണിയനുകളില്‍ അണിനിരന്നിട്ടുള്ളവര്‍ ഉള്‍പ്പെടെ,തെറ്റായ നയങ്ങളുടെ കാര്യത്തില്‍ സര്‍ക്കാരിനെ അതിശക്തമായി എതിര്‍ക്കാന്‍ നിര്‍ബന്ധിതരായിത്തീരും എന്ന് കാണാന്‍ കഴിയുന്നില്ലെങ്കില്‍ പ്രത്യാഘാതം ഗുരുതരമായിരിക്കും. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധന, റെയില്‍വേ ചരക്ക്-യാത്രാക്കൂലി വര്‍ധന, എന്നിങ്ങനെ റെയില്‍വേ-പൊതുബജറ്റുകളിലൂടെ ജനങ്ങള്‍ക്ക് മേല്‍ അധികഭാരം ചുമത്താമെന്ന ഉദ്ദേശ്യത്തില്‍നിന്ന് പിന്‍വാങ്ങുന്നതാണ് നല്ലതെന്ന സന്ദേശംകൂടിയാണ് ചൊവ്വാഴ്ചത്തെ പണിമുടക്ക് നല്‍കുന്നത്. വിലക്കയറ്റം തടയുക, തൊഴില്‍സംരക്ഷണം ഉറപ്പാക്കുക, തൊഴിലാളിവിരുദ്ധമായ തൊഴില്‍ നയങ്ങള്‍ തിരുത്തുക, പ്രതിമാസം മിനിമം വേതനം പതിനായിരം രൂപയെങ്കിലുമായി ഉയര്‍ത്തുക, പൊതുമേഖലയുടെ സ്വകാര്യവല്‍ക്കരണം തടയുക, തൊഴില്‍മേഖലയിലെ കരാര്‍ സമ്പ്രദായം അവസാനിപ്പിക്കുക, സാമൂഹ്യ സുരക്ഷാ പദ്ധതിയും ബോണസ്-പെന്‍ഷന്‍ പദ്ധതികളും സാര്‍വത്രികമാക്കുക, ട്രേഡ് യൂണിയന്‍ അവകാശവും സമരാവകാശവും സംരക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുന്നയിച്ചാണ് ഇന്ത്യന്‍ തൊഴിലാളി വര്‍ഗം ചൊവ്വാഴ്ച പണിമുടക്കിയത്.

ഞങ്ങള്‍ 99 ശതമാനം എന്ന മുദ്രാവാക്യമുയര്‍ത്തി പിന്തിരിപ്പന്‍ സാമ്പത്തിക നയങ്ങള്‍ക്കെതിരെ നടന്ന വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ സമരത്തിന്റെയും അമേരിക്കയിലും യൂറോപ്പിലാകെയും അലയടിക്കുന്ന തൊഴിലാളിവര്‍ഗ സമരത്തിന്റെയും കൂടി പശ്ചാത്തലത്തിലാണ് ഇന്ത്യയിലും എല്ലാ ട്രേഡ്യൂണിയനുകളും ഒന്നുചേര്‍ന്ന് സമരരംഗത്തിറങ്ങിയത്. ട്രേഡ് യൂണിയനുകള്‍ ഇപ്പോള്‍ നടത്തിയ സമരത്തിന്റെ ഭാഗമല്ലെങ്കിലും രാജ്യത്താകമാനം പൊട്ടിപ്പുറപ്പെട്ട നേഴ്സ് സമരത്തെയും ഈ പശ്ചാത്തലത്തില്‍ വേണം കാണാന്‍ . മിനിമം വേതനമെങ്കിലും നടപ്പാക്കണമെന്നാവശ്യപ്പെട്ടും ജോലിസ്ഥിരതയ്ക്കും ലീവടക്കമുള്ള അവകാശങ്ങള്‍ക്കും വേണ്ടിയാണ് സ്വകാര്യ ആശുപത്രികളിലെ നേഴ്സുമാര്‍ ആദ്യം ഡല്‍ഹിയിലും പിന്നെ മുംബൈ, കൊല്‍ക്കത്ത തുടങ്ങിയ വന്‍നഗരങ്ങളിലും ഇപ്പോള്‍ കേരളത്തിലാകമാനവും സമരരംഗത്തിറങ്ങിയത്. നാല് ലക്ഷവും അഞ്ച് ലക്ഷവും രൂപ വായ്പയെടുത്ത് അഞ്ച് വര്‍ഷത്തോളം പഠനം നടത്തി ഡിപ്ലോമയും ബിരുദവുമടക്കം നേടി സ്വകാര്യ ആശുപത്രികളില്‍ ജോലിചെയ്യുന്ന നേഴ്സുമാര്‍ അടിമപ്പണിക്ക് വിധേയരാക്കപ്പെടുകയാണെന്ന് വ്യക്തമായി. ആയിരവും രണ്ടായിരവും രൂപയാണ് ഭൂരിപക്ഷം നേഴ്സുമാരുടെയും പ്രതിമാസ വേതനമെന്നും 12 മണിക്കൂര്‍വരെ ജോലി ചെയ്യേണ്ടിവരുന്നുവെന്നുമൊക്കെ പൊതുസമൂഹത്തിന് ബോധ്യപ്പെട്ടു. രാജ്യത്തും ലോകമാകെയും ചൂഷണത്തിനെതിരെ ഉണ്ടായ ഉണര്‍വും ഐക്യവും നേഴ്സുമാര്‍ക്ക് ആവേശവും പ്രചോദനവുമായി. ഇപ്പോള്‍ എല്ലാ ഭീഷണികളെയും മര്‍ദനങ്ങളെയും നേരിട്ട് അവര്‍ ഉജ്വലമായി പോരാടിക്കൊണ്ടിരിക്കുന്നു. ചൊവ്വാഴ്ച നടന്ന പൊതുപണിമുടക്കില്‍ ആശുപത്രി ജീവനക്കാരും നേഴ്സുമാരും പങ്കെടുത്തിട്ടില്ലെങ്കിലും അവര്‍ ഉയര്‍ത്തിയ ആവശ്യംകൂടി പണിമുടക്കിന്റെ മുദ്രാവാക്യങ്ങളില്‍ പെടുന്നു. ജോലിസമയം എട്ടുമണിക്കൂറായി നിജപ്പെടുത്തുക, തൊഴില്‍ നിയമങ്ങള്‍ എല്ലാ മേഖലയിലും ബാധകമാക്കുക, മിനിമം ശമ്പളം പതിനായിരം രൂപയായി ഉയര്‍ത്തുക എന്നീ മുദ്രാവാക്യങ്ങളില്‍ നേഴ്സുമാരുടെ പ്രശ്നവും അടങ്ങുന്നു. ആഗോളവല്‍ക്കരണ സാമ്പത്തിക നയങ്ങളുടെ ഭാഗമായി എല്ലാ മേഖലയിലും കരാര്‍വല്‍ക്കരണം പ്രോത്സാഹിപ്പിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ . "യൂസ് ആന്‍ഡ് ത്രോ" എന്നതാണ് ഈ സമ്പ്രദായത്തിന്റെ സ്വഭാവം. ജോലിസ്ഥിരതയുണ്ടാകുമ്പോള്‍ സാമൂഹ്യ സുരക്ഷാ പദ്ധതികളും ബാധകമാകും. എന്നാല്‍ ദിവസക്കൂലി, മണിക്കൂര്‍ കൂലിസമ്പ്രദായം ഏര്‍പ്പെടുത്തുമ്പോള്‍ ജോലിസ്ഥിരത പൂര്‍ണമായും ഇല്ലാതാകുന്നു. ഇഎസ്ഐ, പ്രൊവിഡണ്ട് ഫണ്ട്, പെന്‍ഷന്‍ , ഗ്രാറ്റുവിറ്റി എന്നിവയെല്ലാം ഇല്ലാതാകുന്നു. ആഗോളവല്‍ക്കരണത്തിന്റെ ഭാഗമായി ഇന്ന് ഇത് വ്യാപകമായിരിക്കുന്നു. ഇതിനെതിരായ ശക്തമായ താക്കീതായി ചൊവ്വാഴ്ചത്തെ പൊതുപണിമുടക്ക്. അതുപോലെ പിഎഫ് സ്വകാര്യവല്‍ക്കരിക്കാനും പിഎഫ് മേഖലയില്‍ വിദേശ കമ്പനികള്‍ക്ക് അനുമതി നല്‍കാനും കേന്ദ്രസര്‍ക്കാര്‍ തയ്യാറായിരിക്കുകയാണ്. പിഎഫിന്റെ പലിശനിരക്ക് വെട്ടിക്കുറയ്ക്കാനും നീക്കം നടക്കുന്നു. പിഎഫ് ഫണ്ട് ഓഹരിക്കമ്പോളത്തില്‍ നിക്ഷേപിച്ച് കോടിക്കണക്കിന് തൊഴിലാളികളുടെ സമ്പാദ്യം ഊഹക്കമ്പോളത്തിന്റെ ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ക്ക് വിധേയമാക്കുകയാണ്. ഇതിനെതിരായ ജനവികാരംകൂടി തൊഴിലാളികളുടെ ഐക്യസമരത്തില്‍ പ്രകടമായി.

കോടിക്കണക്കിന് തൊഴിലാളികളുടെ പിഎഫ് തുക ഉപയോഗിച്ചാണ് പിഎഫ് പെന്‍ഷന്‍ ഫണ്ടിന്റെ പ്രവര്‍ത്തനം. പതിനൊന്നുവര്‍ഷമായി പിഎഫ് പെന്‍ഷനില്‍ ഒരു രൂപയുടെ വര്‍ധനപോലും വരുത്തിയില്ല. പതിനഞ്ചു മുതല്‍ നൂറുരൂപവരെയാണ് വലിയൊരു വിഭാഗം തൊഴിലാളികള്‍ക്ക് പിഎഫ് പെന്‍ഷനായി നല്‍കുന്നത്. കോടിക്കണക്കിന് തൊഴിലാളികള്‍ അവര്‍ തൊഴിലെടുക്കുന്ന സമയത്ത് നിക്ഷേപിച്ച തുകപോലും നല്‍കാതെ നക്കാപ്പിച്ച നല്‍കുകയാണ്. ചുരുങ്ങിയ പിഎഫ് പെന്‍ഷന്‍ മൂവായിരം രൂപയെങ്കിലുമായി വര്‍ധിപ്പിക്കണമെന്ന് പിഎഫ് പെന്‍ഷന്‍കാര്‍ ആവശ്യപ്പെട്ടുവരികയാണ്. എന്നാല്‍ , പിഎഫ് പെന്‍ഷന്‍ ആയിരംരൂപയെങ്കിലുമായി വര്‍ധിപ്പിക്കുക എന്ന നിര്‍ദേശംപോലും അംഗീകരിക്കാതെ നീട്ടിക്കൊണ്ടുപോവുകയാണ് കേന്ദ്രസര്‍ക്കാര്‍ . വിരമിച്ച കോടിക്കണക്കിന് തൊഴിലാളികളുടെ പിഎഫ് പെന്‍ഷന്‍വര്‍ധന ആവശ്യംകൂടി നേടിയെടുക്കുന്നതിനാണ് ചൊവ്വാഴ്ച പൊതുപണിമുടക്ക് നടന്നത്. ഐതിഹാസികമായ ഈ പണിമുടക്ക് ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തിന്റെ ഐക്യമാണ് പ്രകടമാക്കിയത്. കക്ഷി-ജാതി-മത വ്യത്യാസമെന്യേ തങ്ങളുടെ വര്‍ഗപരമായ ആവശ്യം ഉയര്‍ത്തി സമരരംഗത്തിറങ്ങുകയായിരുന്നു തൊഴിലാളികള്‍ . സ്വകാര്യവല്‍ക്കരണത്തിനും ചൂഷണത്തിനും വിലക്കയറ്റമുള്‍പ്പെടെയുള്ള ജനദ്രോഹാധിഷ്ഠിത സാമ്പത്തിക നയങ്ങള്‍ക്കുമെതിരെ അതിശക്തമായ ബഹുജനസമരം വളര്‍ത്തുന്നതിന്റെ ഭാഗമാണിത്.

*
വി എസ് അച്യുതാനന്ദന്‍ ദേശാഭിമാനി 01 മാര്‍ച്ച് 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തിന്റെ ഐക്യം പ്രകടമായ ഐതിഹാസിക പൊതുപണിമുടക്കിനാണ് ചൊവ്വാഴ്ച രാജ്യം സാക്ഷിയായത്. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ട്രേഡ്യൂണിയനായ ഐഎന്‍ടിയുസിയുടെ ഉള്‍പ്പെടെ നേതൃത്വത്തിലാണ് പണിമുടക്ക് നടന്നതെന്നത് ശ്രദ്ധേയമാണ്. രാജ്യത്തെ പൊതുമേഖലയിലെയും സ്വകാര്യമേഖലയിലെയും തൊഴിലാളികളും സര്‍ക്കാര്‍ ജീവനക്കാരുമെല്ലാം അണിനിരന്ന ഈ പണിമുടക്ക് യുപിഎ സര്‍ക്കാരിന്റെ പിന്തിരിപ്പന്‍ നയങ്ങള്‍ക്കെതിരെയുള്ള ശക്തമായ താക്കീതാണ്. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് വീണ്ടും വില വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒത്താശ ചെയ്യുന്ന ഘട്ടത്തിലാണ് തൊഴിലാളിവര്‍ഗത്തിന്റെ ഉജ്വലമായ സമരം നടന്നത്. പെട്രോളിന് നാലു രൂപയും ഡീസലിന് രണ്ടു രൂപയും വര്‍ധിപ്പിക്കാനാണ് നീക്കം.