Thursday, March 1, 2012

വീഴ്ച മറയ്ക്കാന്‍ ഉരുണ്ടുകളി പോരാ

ഭരണമെന്നത് അധികാരവും പണവും പങ്കിട്ട് ആഘോഷിക്കാനുള്ള സംവിധാനമാണെന്നുകരുതുന്ന യുഡിഎഫ് തുടര്‍ച്ചയായി കേരളത്തിന്റെ പൊതുതാല്‍പ്പര്യങ്ങളാകെ ബലികഴിക്കുകയാണ്. ഈ പരമ്പരയിലെ ഏറ്റവും പുതിയ ഉദാഹരണമാണ് നദീജലസംയോജനപദ്ധതിക്കാര്യത്തില്‍ വരുത്തിയ വീഴ്ചയും അത് മറച്ചുപിടിക്കാന്‍ നടത്തുന്ന ഉരുണ്ടുകളിയും. ഈ ഉരുണ്ടുകളിയാകട്ടെ, വൈകിയവേളയില്‍പ്പോലും കേരളത്തിന്റെ നദീജലതാല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള അവസരംകൂടി നഷ്ടപ്പെടുത്തുകയാണ്. അന്തര്‍സംസ്ഥാന നദീസംയോജനപദ്ധതിയില്‍ പമ്പ-അച്ചന്‍കോവില്‍ -വൈപ്പാര്‍ലിങ്ക് പദ്ധതി ഉള്‍പ്പെടുത്തുന്നതുകൊണ്ട് കേരളത്തിന് പൊതുവിലും കുട്ടനാടിന്റെ പരിസ്ഥിതി-ആവാസ വ്യവസ്ഥകള്‍ക്ക് പ്രത്യേകിച്ചും ഉണ്ടാകുന്ന ദോഷങ്ങളെക്കുറിച്ച് സുപ്രീംകോടതിയിലോ കേന്ദ്രസര്‍ക്കാരിനു മുന്നിലോ ശക്തിയുക്തമായി വാദിക്കാന്‍ വേണ്ട ഒരു ക്രമീകരണവും യുഡിഎഫ് സര്‍ക്കാര്‍ നടത്തിയില്ല. സംസ്ഥാനത്തെ ഗുരുതരമായി ബാധിക്കുന്ന ഈ പ്രശ്നത്തില്‍ മുതിര്‍ന്ന അഭിഭാഷകനെ നിയോഗിക്കാനോ സ്റ്റാന്‍ഡിങ് കൗണ്‍സലില്‍ എടുക്കേണ്ട നിലപാടിനെക്കുറിച്ച് വ്യക്തത നല്‍കാനോ സര്‍ക്കാരിന് സമയമുണ്ടായില്ല.

സങ്കുചിത രാഷ്ട്രീയ കരുനീക്കങ്ങളില്‍മാത്രം വ്യാപരിക്കുകയും ഭരണകാര്യങ്ങളില്‍ അലംഭാവം കാട്ടുകയും ചെയ്യുന്ന ഈ സമീപനംകൊണ്ട് കേരളത്തിന് നഷ്ടപ്പെടുന്നതെന്താണെന്നത് തിരിച്ചറിയേണ്ടതുണ്ട്. ഇക്കാര്യങ്ങള്‍ ഒന്നും ശ്രദ്ധിക്കാന്‍ കഴിയില്ലെങ്കില്‍ കൊടിവച്ച കാറില്‍ തെക്കോട്ടും വടക്കോട്ടും പറക്കുന്ന ഈ മന്ത്രിമാരെക്കൊണ്ട് എന്തുകാര്യമെന്ന് കേരളം ആലോചിച്ചുപോകും. ഏതെങ്കിലും ഒരു നിലപാട് തെറ്റായിപ്പോയി എന്ന് തെളിഞ്ഞാല്‍ അത് തിരുത്താനാണ് ഉത്തരവാദിത്തമുള്ള ഭരണാധികാരികള്‍ ശ്രമിക്കേണ്ടത്. എന്നാല്‍ , നദീസംയോജനപദ്ധതി വിഷയത്തില്‍ തെറ്റിനെ ന്യായീകരിക്കാനും അതിലൂടെ സംസ്ഥാനത്തിന് കൂടുതല്‍ നഷ്ടമുണ്ടാക്കുന്ന അവസ്ഥ സൃഷ്ടിക്കാനുമാണ് മന്ത്രി കെ എം മാണി തയ്യാറായിക്കാണുന്നത്. ഇത് ഖേദകരമാണ്. നദീസംയോജനം സംബന്ധിച്ച സുപ്രീംകോടതി വിധി കേരളത്തിന് ബാധകമല്ല എന്നാണ് കെ എം മാണി ഇപ്പോള്‍ പറയുന്നത്. കോടതിമുമ്പാകെ കേരളത്തിന്റെ നിലപാട് ശക്തമായി ഉന്നയിക്കുന്നതില്‍ വീഴ്ച വരുത്തിയ സര്‍ക്കാരിലെ മന്ത്രി എന്ന നിലയ്ക്ക് ഇനി ഇങ്ങനെ പറയുകയേ വഴിയുള്ളൂ എന്ന് രാഷ്ട്രീയമായി മാണി കരുതുന്നുണ്ടാകാം. എന്നാല്‍ , ഈ നിലപാട് കൂടുതല്‍ തെറ്റിലേക്കാവും നയിക്കുക. നിലവിലുള്ള നിയമങ്ങളുടെ ചട്ടക്കൂടിനുള്ളില്‍നിന്നുകൊണ്ട് കേന്ദ്രസര്‍ക്കാരോ, ദേശീയ ജലവികസന സമിതിയോ ആണ് ഉത്തരവിട്ടതെങ്കില്‍ ഈ വാദത്തിന് ഒട്ടൊക്കെ സാധുതയുണ്ടെന്നു പറയാം. എന്നാല്‍ , ഇവിടെ അതല്ല സംഭവിച്ചത്.

നദീസംയോജനപദ്ധതി സമയബന്ധിതമായി നടപ്പാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോടും സംസ്ഥാനസര്‍ക്കാരുകളോടും സുപ്രീംകോടതി കല്‍പ്പിച്ചിരിക്കുകയാണ്. സുപ്രീംകോടതിയുടെ കല്‍പ്പന നിയമമാണ്. സുപ്രീംകോടതി ഇങ്ങനെ കല്‍പ്പിച്ചതാകട്ടെ, സംസ്ഥാനത്തിന്റെ സവിശേഷതയും താല്‍പ്പര്യവും അവകാശവും വേണ്ടത്ര ശക്തിയോടെയും യുക്തിബോധത്തോടെയും സംസ്ഥാനസര്‍ക്കാര്‍ അറിയിക്കാതിരുന്നതുകൊണ്ടാണ്. സുപ്രീംകോടതി നിര്‍ദേശം തങ്ങള്‍ക്ക് ബാധകമല്ല എന്ന മാണിയുടെ വാദം മതിയോ ഇതുണ്ടാക്കുന്ന അവസ്ഥയെ നേരിടാന്‍ ? ഒരു സംസ്ഥാനത്ത് ഉത്ഭവിച്ച് അതേ സംസ്ഥാനത്തുതന്നെ ഒഴുകിത്തീരുന്ന നദികളെയും പല സംസ്ഥാനങ്ങളിലൂടെ ഒഴുകിപ്പോകുന്ന നദികളെയും ഒക്കെ ഒരുപോലെ ബാധിക്കുന്നതാണ് സുപ്രീംകോടതി നിര്‍ദേശം. കോടതിയുടെ മുമ്പിലെ കേസ് മാണി പറയുംപോലെ പല സംസ്ഥാനങ്ങളിലൂടെ ഒഴുകുന്ന നദികളെമാത്രം മുന്‍നിര്‍ത്തിയുള്ളതായിരുന്നില്ല. ഇതുകൊണ്ടുതന്നെ എല്ലാത്തരം നദികളുടെ കാര്യത്തിലും ബാധകമാകുന്നു സുപ്രീംകോടതി നിര്‍ദേശം. ഇതാകട്ടെ, കേരളത്തിന്റെ താല്‍പ്പര്യത്തിന് വിഘാതമാണുതാനും. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ തമിഴ്നാട് ജനതയുടെ ജല ആവശ്യം പൂര്‍ണമായി സംരക്ഷിച്ചുകൊണ്ടുതന്നെ ഇവിടെത്തെ ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാനുള്ള സംവിധാനമുണ്ടാക്കാന്‍ കഴിയുമായിരുന്നു. ആ നിലയ്ക്ക് പ്രശ്നം പരിഹരിക്കാന്‍ പ്രധാനമന്ത്രി ഇടപെടുമെന്ന് ഉറപ്പുകിട്ടിയിട്ടുണ്ടെന്ന് മാണി പ്രസംഗിച്ചുനടന്നിരുന്നു. ഇന്ന് എവിടെ ആ ഉറപ്പ്?

മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ഇത്തരമൊരു അവസ്ഥയുണ്ടാക്കിയത് യുഡിഎഫ് സര്‍ക്കാര്‍ കാട്ടിയ അനാസ്ഥയാണെന്നത് അറിയാത്തവരില്ല. ഇവിടെ, നദീസംയോജന പ്രശ്നത്തിലാകട്ടെ, ഗുരുതരമായ അലംഭാവവും പിടിപ്പുകേടുംകൊണ്ട് കേരളത്തിന്റെ പൊതുതാല്‍പ്പര്യം ബലികഴിച്ചു. കഴിഞ്ഞവര്‍ഷം ഹരീഷ് സാല്‍വേയെപ്പോലുള്ള സീനിയര്‍ അഭിഭാഷകര്‍ ഈ പ്രശ്നത്തില്‍ കേരളത്തിനുവേണ്ടി വാദിക്കാന്‍ നിയുക്തരായിരുന്നു. എന്നാല്‍ , ഇത്തവണ യുഡിഎഫ് സര്‍ക്കാര്‍ ഒരു സീനിയര്‍ അഭിഭാഷകനെയും ചുമതലപ്പെടുത്തിയില്ല. കേരളത്തിനുവേണ്ടി സ്റ്റാന്‍ഡിങ് കൗണ്‍സല്‍മാത്രമാണ് ഹാജരായത്. ആ സ്റ്റാന്‍ഡിങ് കൗണ്‍സലാകട്ടെ, പുതുതായി നിയമിതനായ വ്യക്തിയാണ്. കേസ് പഠിക്കാന്‍ വേണ്ട സാവകാശമൊന്നും നിയമനത്തിനും ഹാജരാകലിനുമിടയില്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ടാകില്ല. കേരളത്തിന്റെ താല്‍പ്പര്യ സംരക്ഷണത്തിനായി കാര്യക്ഷമമായി കേസ് നടത്തിപ്പോരുകയായിരുന്നു മുമ്പ് എല്‍ഡിഎഫ് സര്‍ക്കാര്‍ . ദേശീയ ജലവികസന ഏജന്‍സി യോഗത്തില്‍ കേരളത്തിന്റെ എതിര്‍പ്പിനെത്തുടര്‍ന്നാണ് പമ്പ-അച്ചന്‍കോവില്‍ -വൈപ്പാര്‍ലിങ്ക് പദ്ധതിയെ അജന്‍ഡയില്‍നിന്ന് ഒഴിവാക്കിയതുപോലും. ഹരീഷ് സല്‍വേയെയും മോഹന്‍ ഹത്താര്‍ക്കിയെയുംപോലുള്ള പ്രഗത്ഭരായ സീനിയര്‍ അഭിഭാഷകരെ കേസ് വാദിക്കാന്‍ ചുമതലപ്പെടുത്തിയതും പ്രശ്നത്തിന്റെ ഗൗരവം മുന്‍നിര്‍ത്തിയാണ്. ഗൗരവത്തോടെ കേസ് കൈകാര്യംചെയ്തതുകൊണ്ട് അന്ന് സംസ്ഥാന താല്‍പ്പര്യം സംരക്ഷിക്കപ്പെട്ടു. ഗൗരവബോധത്തോടെ കേസ് കൈകാര്യംചെയ്യുന്നതില്‍ അനാസ്ഥ വരുത്തിയതിലൂടെ യുഡിഎഫ് സര്‍ക്കാര്‍ കേരളതാല്‍പ്പര്യം ദുര്‍ബലപ്പെടുത്തുകയുംചെയ്തു.

പമ്പയിലെയും അച്ചന്‍കോവിലാറിലെയും വെള്ളംകൊണ്ടാണ് മധ്യതിരുവിതാംകൂറും അപ്പര്‍കുട്ടനാടും കുട്ടനാടുമൊക്കെ ഹരിതാഭമായി നിലനില്‍ക്കുന്നത്. ഈ വെള്ളമാകെ മുകള്‍ത്തലങ്ങളില്‍നിന്നുതന്നെ സംസ്ഥാനത്തിന് പുറത്തേക്ക് വഴിതിരിച്ചുവിട്ടാല്‍ മധ്യതിരുവിതാംകൂറിന്റെയും കുട്ടനാടിന്റെയും സ്ഥിതി എന്താകും? ഈ ചോദ്യം ഫലപ്രദമായി കേന്ദ്രസര്‍ക്കാരിന്റെ മുമ്പിലോ ദേശീയ ജലവികസന ഏജന്‍സിയുടെ മുമ്പിലോ സുപ്രീംകോടതിയുടെ മുമ്പിലോ ഉന്നയിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ ശുഷ്കാന്തി കാട്ടിയില്ല. വരള്‍ച്ചക്കാലത്ത് നേര്‍ത്ത് ഒഴുകുന്ന അവസ്ഥയാണ് ഈ പുഴകളിലുള്ളത്. ആ ജലംകൂടി നഷ്ടപ്പെട്ടാല്‍ ഇവിടെയുണ്ടാകുന്ന വരള്‍ച്ചാദുരന്തത്തിന്റെ തീവ്രത ബോധ്യപ്പെടുത്തേണ്ടിടത്താണ് വീഴ്ച വരുത്തിയത്. സുപ്രീംകോടതി വിധിമൂലമുണ്ടാകുന്നത് ഈ നദികളിലെ ജലം വഴിതിരിച്ചുവിടപ്പെടുമെന്നും മധ്യതിരുവിതാംകൂറും കുട്ടനാടും ഊഷരമാകുമെന്നുമുള്ള ആശങ്കയാണ്. ഈ ആശങ്കയകറ്റാനും കേരളത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനും എന്തുചെയ്യാനാണ് കഴിയുക എന്ന കാര്യം ഭരണഘടനാവിദഗ്ധരുമായി ആലോചിച്ച് അടിയന്തരമായി നടപടിയെടുക്കണം. അല്ലാതെ, സുപ്രീംകോടതി വിധി തങ്ങള്‍ക്ക് ബാധകമല്ല എന്ന വാദവുമായി അനാസ്ഥ തുടര്‍ന്നാല്‍ കേരളത്തിന്റെ താല്‍പ്പര്യങ്ങളെ അത് അപകടപ്പെടുത്തും.

*
ദേശാഭിമാനി മുഖപ്രസംഗം 01 മാര്‍ച്ച് 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഭരണമെന്നത് അധികാരവും പണവും പങ്കിട്ട് ആഘോഷിക്കാനുള്ള സംവിധാനമാണെന്നുകരുതുന്ന യുഡിഎഫ് തുടര്‍ച്ചയായി കേരളത്തിന്റെ പൊതുതാല്‍പ്പര്യങ്ങളാകെ ബലികഴിക്കുകയാണ്. ഈ പരമ്പരയിലെ ഏറ്റവും പുതിയ ഉദാഹരണമാണ് നദീജലസംയോജനപദ്ധതിക്കാര്യത്തില്‍ വരുത്തിയ വീഴ്ചയും അത് മറച്ചുപിടിക്കാന്‍ നടത്തുന്ന ഉരുണ്ടുകളിയും. ഈ ഉരുണ്ടുകളിയാകട്ടെ, വൈകിയവേളയില്‍പ്പോലും കേരളത്തിന്റെ നദീജലതാല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള അവസരംകൂടി നഷ്ടപ്പെടുത്തുകയാണ്. അന്തര്‍സംസ്ഥാന നദീസംയോജനപദ്ധതിയില്‍ പമ്പ-അച്ചന്‍കോവില്‍ -വൈപ്പാര്‍ലിങ്ക് പദ്ധതി ഉള്‍പ്പെടുത്തുന്നതുകൊണ്ട് കേരളത്തിന് പൊതുവിലും കുട്ടനാടിന്റെ പരിസ്ഥിതി-ആവാസ വ്യവസ്ഥകള്‍ക്ക് പ്രത്യേകിച്ചും ഉണ്ടാകുന്ന ദോഷങ്ങളെക്കുറിച്ച് സുപ്രീംകോടതിയിലോ കേന്ദ്രസര്‍ക്കാരിനു മുന്നിലോ ശക്തിയുക്തമായി വാദിക്കാന്‍ വേണ്ട ഒരു ക്രമീകരണവും യുഡിഎഫ് സര്‍ക്കാര്‍ നടത്തിയില്ല. സംസ്ഥാനത്തെ ഗുരുതരമായി ബാധിക്കുന്ന ഈ പ്രശ്നത്തില്‍ മുതിര്‍ന്ന അഭിഭാഷകനെ നിയോഗിക്കാനോ സ്റ്റാന്‍ഡിങ് കൗണ്‍സലില്‍ എടുക്കേണ്ട നിലപാടിനെക്കുറിച്ച് വ്യക്തത നല്‍കാനോ സര്‍ക്കാരിന് സമയമുണ്ടായില്ല.