Friday, March 2, 2012

പുതിയ പ്രതീക്ഷയും കരുത്തും നല്‍കിയ ബംഗാള്‍ സമ്മേളനം

വംഗനാട്ടില്‍ ഇനി സിപിഐ എം തലപൊക്കില്ലെന്നു കരുതിയ പ്രതിലോമ ശക്തികളാണ് സിപിഐ എം സംസ്ഥാന സമ്മേളനത്തെ ഏറ്റവും ശ്രദ്ധയോടെ വീക്ഷിച്ചത്. സിപിഐ എം അതിന്റെ ശക്തി വീണ്ടെടുക്കുമോ എന്നാണ് അവര്‍ക്ക് അറിയേണ്ടിയിരുന്നത്. അങ്ങനെ സംഭവിക്കാതിരിക്കാന്‍ പരമാവധി തന്ത്രങ്ങളും ആക്രമണങ്ങളും അവര്‍ നടത്തി. എന്നാല്‍ സമ്മേളനത്തിന് സമാപനം കുറിച്ച് ഫെബ്രുവരി 19ന് കൊല്‍ക്കത്തയിലെ ചരിത്രപ്രസിദ്ധമായ ബ്രിഗേഡ് പരേഡ് മൈതാനിയില്‍ ആര്‍ത്തിരമ്പിയ ജനസാഗരം എല്ലാവരുടെയും ആശങ്കകളകറ്റി. ബംഗാളിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം അജയ്യമാണെന്നും ശത്രുവര്‍ഗ്ഗത്തിന്റെ ആക്രമണങ്ങള്‍ക്ക് ചെങ്കൊടിയെ തൊടാനാവില്ലെന്നും വിളംബരം ചെയ്ത ചരിത്രപ്രസിദ്ധമായ റാലിയായിരുന്നു അത്. ബംഗാളിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം കയറിവന്ന വഴികളെക്കുറിച്ചറിയുന്നവര്‍ക്ക് പ്രസ്ഥാനത്തിന്റെ ഭാവിയെക്കുറിച്ച് സംശയങ്ങളില്ല. ചരിത്രത്തിന്റെ നിരവധി സന്ധികളില്‍ ഇടതുപക്ഷ പ്രസ്ഥാനത്തിന് തിരിച്ചടികളേറ്റിട്ടുണ്ട്. പക്ഷേ അവിടെയൊന്നും അടിതെറ്റി വീണുപോയിട്ടില്ല. ജനങ്ങളുടെ പിന്തുണയോടെ വീണ്ടും അജയ്യശക്തിയായി ഉയര്‍ന്നുവന്ന ചരിത്രമാണ് ബംഗാളിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുള്ളത്.

2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളില്‍ സിപിഐ എമ്മിനും ഇടതുമുന്നണിക്കും ശക്തമായ തിരിച്ചടിയാണുണ്ടായതെന്നതില്‍ സംശയമില്ല. തെരഞ്ഞെടുപ്പിനുശേഷം സംസ്ഥാനത്താകെ സിപിഐ എം പ്രവര്‍ത്തകര്‍ക്കു നേരേ കായികമായ ആക്രമണമുണ്ടായി. ദുര്‍ബ്ബലമായി നില്‍ക്കുന്ന സമയത്ത് കടന്നാക്രമിച്ച് പ്രസ്ഥാനത്തെ ഉന്‍മൂലനം ചെയ്യുകയെന്നതായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസിന്റെ തന്ത്രം. 2008ല്‍ ആരംഭിച്ച ഈ ആക്രമണത്തില്‍ 577 പ്രവര്‍ത്തകര്‍ രക്തസാക്ഷികളായി. നാലായിരത്തിലധികം പേര്‍ക്ക് പരിക്കേറ്റു. നാല്‍പ്പതിനായിരത്തോളം പേര്‍ക്ക് ആക്രമണം കാരണം വീടുപേക്ഷിച്ച് പോകേണ്ടിവന്നു. കള്ളക്കേസുകളില്‍ കുടുക്കി നിരവധി പേരെ ജയിലിലാക്കി. നിരവധി കര്‍ഷകരുടെ ഭൂമി ബലമായി പിടിച്ചെടുത്തു. ഗ്രാമീണബംഗാളില്‍ സിപിഐ എം പ്രവര്‍ത്തനം അസാധ്യമാക്കുന്ന മട്ടില്‍ തൃണമൂല്‍ കോണ്‍ഗ്രസും അവരെ സഹായിച്ച് പൊലീസും ഭീകരവാഴ്ച നടപ്പാക്കി. ഈ സാഹചര്യത്തില്‍ അടുത്തെങ്ങും സിപിഐ എമ്മിന് അതിന്റെ പഴയ ശക്തി തെളിയിച്ച് തിരിച്ചുവരാനാകില്ലെന്ന് ബംഗാളിലെ കമ്യൂണിസ്റ്റ് വിരുദ്ധ മാധ്യമങ്ങളും അന്ധമായ കമ്യൂണിസ്റ്റ് വിരോധം ബാധിച്ച രാഷ്ട്രീയ നിരീക്ഷകരും വിധിയെഴുതി. ഈ വിധിയെഴുത്തിനെയാണ് ഫെബ്രുവരി 19 അട്ടിമറിച്ചത്. ബംഗാളില്‍ നിന്ന് ചെങ്കൊടിയെ അപ്രത്യക്ഷമാക്കാന്‍ കഴിയില്ലെന്നു പ്രഖ്യാപിച്ച് പത്ത് ലക്ഷത്തോളം പേര്‍ അണിനിരന്ന മഹാസംഗമം രാജ്യത്താകെയുള്ള ഇടതുപക്ഷ മനസ്സുകള്‍ക്ക് പ്രത്യാശ നല്‍കി. നിരവധി പ്രതികൂല സാഹചര്യങ്ങളെ നേരിട്ടാണ് ഫെബ്രുവരി 19ന്റെ റാലിയും സിപിഐ എം 23-ാം സംസ്ഥാന സമ്മേളനവും വിജയമാക്കിയത്.

റാലിയില്‍ പങ്കെടുക്കാന്‍ ആളുകളെത്തുന്നത് തടയാന്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ ഗ്രാമങ്ങളിലെങ്ങും ഭീഷണി മുഴക്കി. തൊഴിലാളികളെ അവരുടെ തൊഴിലിടങ്ങളില്‍ ഭീഷണിപ്പെടുത്തി. തൊഴിലുടമകളും ഭീഷണി ഉയര്‍ത്തി. റാലിയില്‍ പങ്കെടുത്ത് തിരിച്ചുവന്നാല്‍ തൊഴിലുണ്ടാവില്ലെന്നായിരുന്നു ഭീഷണി. റാലിയിലേക്ക് ആളുകളെ എത്തിക്കാനുള്ള വാഹനങ്ങള്‍ നല്‍കാതിരിക്കാനായിരുന്നു അടുത്ത ശ്രമം. വാഹന ഉടമകളെ ഭീഷണിപ്പെടുത്തി. പൂര്‍വ മേദിനിപ്പൂര്‍ ജില്ലയില്‍ അവിടത്തെ തൃണമൂല്‍ കോണ്‍ഗ്രസ് എംപി ശുഭേന്ദു അധികാരി തന്നെ നേരിട്ടിടപെട്ട് വാഹനങ്ങള്‍ നല്‍കാതിരിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തി. പലയിടങ്ങളിലും വാഹനങ്ങള്‍ വന്നില്ല. ഇത്രയും ബുദ്ധിമുട്ടുകളുണ്ടായിട്ടും ട്രെയിനിലും ബസുകളിലും കാല്‍നടയായും ബോട്ടുകളിലുമൊക്കെ ജനങ്ങള്‍ വന്‍തോതില്‍ എത്തി. യുപിഎ സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നടപടികളും മുതലാളിത്ത ചൂഷണവും മൂലം കടുത്ത ജീവിത ദുരിതങ്ങളെ നേരിടുന്ന തൊഴിലാളികള്‍ , ഗ്രാമങ്ങളില്‍ ആത്മഹത്യക്കും ജീവിതത്തിനുമിടയില്‍ സമരം നടത്തുന്ന കര്‍ഷകര്‍ , നഗരങ്ങളിലെ ചേരിനിവാസികള്‍ , സ്ത്രീകള്‍ , യുവാക്കള്‍ , വിദ്യാര്‍ഥികള്‍ തുടങ്ങി ജീവിതത്തിന്റെ നാനാ തുറകളിലും നിന്നുള്ളവര്‍ ചെങ്കൊടികളേന്തി നഗരത്തെ ചുവപ്പിച്ച് ഒഴുകിയെത്തി. ഹൗറ, സിയാല്‍ദ റെയില്‍വെ സ്റ്റേഷനുകളില്‍ സബര്‍ബന്‍ ട്രെയിനുകളില്‍ വന്നിറങ്ങിയ പതിനായിരങ്ങള്‍ ചെങ്കൊടികളുമേന്തി നഗരവീഥികളെ ചുവപ്പിച്ച് ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിലേക്ക് മാര്‍ച്ചുചെയ്തു.

തൃണമൂലിന്റെ ഭീഷണികളെ അതിജീവിച്ച് പ്രത്യേക വാഹനങ്ങളിലും ലക്ഷക്കണക്കിനാളുകള്‍ വന്നെത്തി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് സാധാരണക്കാരും പാവപ്പെട്ടവരുമായ വലിയൊരു വിഭാഗം തെറ്റായ പ്രചാരണങ്ങളില്‍ കുടുങ്ങി തൃണമൂലിനു പിന്നാലെ പോയിരുന്നു. ആ ജനവിഭാഗങ്ങള്‍ കഴിഞ്ഞ എട്ട് മാസത്തെ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ തിരിച്ചുവരാന്‍ തുടങ്ങിയിരിക്കുന്നു എന്നതിന്റെ സൂചനകള്‍ റാലിയില്‍ കണ്ടു. റാലിയില്‍ പങ്കെടുത്തവരുടെ എണ്ണം സംബന്ധിച്ച് വിവിധ ഏജന്‍സികള്‍ വ്യത്യസ്ത കണക്കുകളാണ് നല്‍കിയത്. എന്നാല്‍ ഒരു കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടായിരുന്നില്ല; പ്രകടനത്തില്‍ അഞ്ച് ലക്ഷത്തിലധികം പേര്‍ പങ്കെടുത്തു എന്നതില്‍ . എന്നാല്‍ കടുത്ത കമ്യൂണിസ്റ്റ് വിരുദ്ധ ചാനലായ സ്റ്റാര്‍ ആനന്ദ് പറഞ്ഞത് എട്ട് ലക്ഷത്തിലധികം പേര്‍ പങ്കെടുത്തുവെന്നാണ്. എത്ര ലക്ഷം പേര്‍ പങ്കെടുത്തിട്ടുണ്ടാവുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളോട് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അവര്‍ മൗനം പാലിക്കുകയായിരുന്നു. തങ്ങള്‍ എത്രയൊക്കെ കഠിനശ്രമം നടത്തിയിട്ടും ഇത്ര പേര്‍ പങ്കെടുത്തുവെങ്കില്‍ സാധാരണഗതിയില്‍ എത്ര പേര്‍ പങ്കെടുക്കുമായിരിന്നുവെന്ന് ചിന്തിച്ച് അവര്‍ അസ്വസ്ഥരായിട്ടുണ്ടാകും.

സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് റാലി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ബിമന്‍ ബസു അധ്യക്ഷനായിരുന്നു. പൊളിറ്റ് ബ്യൂറോ അംഗങ്ങളായ ബുദ്ധദേവ് ഭട്ടാചാര്യ, സീതാറാം യെച്ചൂരി, വൃന്ദ കാരാട്ട്, കെ വരദരാജന്‍ , മുഹമ്മദ് അമീന്‍ , നിരുപം സെന്‍ , ഫോര്‍വേഡ് ബ്ലോക്ക് നേതാവ് അശോക് ഘോഷ്, സിപിഐ സംസ്ഥാന സെക്രട്ടറി മഞ്ജുകുമാര്‍ മജുംദാര്‍ , ആര്‍ എസ് പി നേതാവ് മനോജ് ഭട്ടാചാര്യ എന്നിവരും റാലിയില്‍ പങ്കെടുത്തു. പാവപ്പെട്ടവരും പണിയെടുക്കുന്നവരുമായ ജനങ്ങള്‍ക്കു വേണ്ടിയുള്ള വര്‍ഗസമരം അവിരാമം തുടരാനാണ് റാലി ആഹ്വാനം ചെയ്തത്. ജനങ്ങളുടെ അവകാശങ്ങള്‍ക്കു വേണ്ടിയും അനീതിക്കും അക്രമത്തിനുമെതിരായുമുള്ള ശക്തമായ വര്‍ഗ്ഗസമരം വരുംനാളുകളില്‍ കാണാനാവുമെന്ന സൂചനയാണ് ഈ റാലി നല്‍കിയത്. സിപിഐ എം സംസ്ഥാന സമ്മേളനം നല്‍കുന്ന മൊത്തം സന്ദേശവും പ്രതീക്ഷയും ഇതുതന്നെയാണ്.

മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് രീതിയില്‍ ശരിയായ വിലയിരുത്തലും ശരിയായ തീരുമാനവും എടുക്കാന്‍ സഹായിച്ച ഉന്നതമായ ചര്‍ച്ചയായിരുന്നു പ്രതിനിധി സമ്മേളനത്തിന്റെ ഏറ്റവും വലിയ സവിശേഷതയായി കാണാന്‍ കഴിയുന്നത്. 34 വര്‍ഷത്തെ ഇടതുമുന്നണി ഭരണത്തിനുശേഷം സിപിഐ എം തെരഞ്ഞെടുപ്പില്‍ തോല്‍ക്കുകയും അതിന്റെ പേരില്‍ വിവിധ കോണുകളില്‍ നിന്ന് ശക്തമായ വിമര്‍ശനങ്ങള്‍ നേരിടുകയും ചെയ്യുന്ന രാഷ്ട്രീയ പരിതഃസ്ഥിതിയിലായിരുന്നു സമ്മേളനം. സംഘടനാപരമായ വീഴ്ചകളെപ്പറ്റിയുള്ള ചര്‍ച്ചകള്‍ക്ക് ശക്തിപകരാന്‍ തെരഞ്ഞെടുപ്പു പരാജയവും കാരണമായി. ചില ബുദ്ധിജീവികളും സാംസ്കാരികരംഗത്തുള്ളവരും സിപിഐ എമ്മിന്റെ തെരഞ്ഞെടുപ്പു പരാജയത്തെ വിലയിരുത്തി മുന്നോട്ടുപോയപ്പോള്‍ പല യാഥാര്‍ഥ്യങ്ങളും കണ്ടില്ലെന്ന് നടിക്കുകയും നേട്ടങ്ങളെയാകെ കരിവാരിത്തേക്കുകയും ചെയ്തു. ബംഗാളിലെ ഇടതുമുന്നണിഭരണം ആകെ പരാജയമായിരുന്നുവെന്നും ബംഗാള്‍ പിന്നോട്ടുപോയെന്നുമൊക്കെ വിലയിരുത്തി മുന്നേറിയ വിമര്‍ശനങ്ങള്‍ പാര്‍ടി പ്രവര്‍ത്തകരെയും ചെറിയൊരളവിലെങ്കിലും സ്വാധീനിച്ചിട്ടുണ്ട്. ഇടതുമുന്നണി ഗവണ്‍മെന്റ് നിര്‍വഹിച്ച ചരിത്രപരമായ ദൗത്യങ്ങളുടെ പ്രാധാന്യവും മഹത്വവും കാണാതെയുള്ള വിമര്‍ശനങ്ങള്‍ ശരിയായ ദിശയിലുള്ളതല്ലെന്ന് പ്രതിനിധികള്‍ തന്നെ ചര്‍ച്ചകളില്‍ ചൂണ്ടിക്കാട്ടി. മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് രീതിയില്‍ ശരിയായി പ്രവര്‍ത്തിച്ച് മുന്നേറാന്‍ ഭൂതകാലത്തെ പ്രവര്‍ത്തനങ്ങളെ ശരിയായും ശാസ്ത്രീയമായും വിലയിരുത്തണമെന്ന സന്ദേശമായിരുന്നു അത്. ഉദ്ഘാടന സമ്മേളനത്തില്‍ പാര്‍ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് തന്നെ ബംഗാളില്‍ പാര്‍ടിക്കേറ്റ സംഘടനാപരവും രാഷ്ട്രീയവുമായ തിരിച്ചടികളുടെ കാരണങ്ങളിലേക്ക് വെളിച്ചം പകര്‍ന്നു.

പാര്‍ടി സംഘടനയെ കാര്യമായി ശ്രദ്ധിക്കാനായില്ല എന്നത് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭരണത്തില്‍ അമിതമായ കേന്ദ്രീകരിച്ചുവോ എന്ന് പരിശോധിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. ഈ ദിശയില്‍ തന്നെയാണ് രാഷ്ട്രീയ, സംഘടനാ റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള ചര്‍ച്ചയും മുന്നേറിയത്. പാര്‍ടിക്കും ഇടതുമുന്നണിക്കുമേറ്റ തെരഞ്ഞെടുപ്പ് പരാജയത്തിന് പ്രധാനമായും മൂന്ന് കാരണങ്ങളുണ്ടെന്ന് പ്രതിനിധികള്‍ ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടി. രാഷ്ട്രീയവും സംഘടനാപരവും ഭരണപരവുമാണ് കാരണങ്ങള്‍ . ഇത്തരം പിഴവുകള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ അത് ഇടതുമുന്നണി ഭരണത്തിന്റെ നേട്ടങ്ങളെയാകെ നിരാകരിക്കുന്ന തരത്തിലാവരുതെന്ന ജാഗ്രത വേണമെന്ന് പ്രതിനിധികള്‍ തന്നെ മുന്നറിയിപ്പു നല്‍കി. 34 വര്‍ഷത്തെ ഇടതുമുന്നണി ഭരണത്തില്‍ പശ്ചിമബംഗാള്‍ നിരവധി മേഖലകളില്‍ വമ്പിച്ച പുരോഗതി കൈവരിച്ചുവെന്ന് പ്രതിനിധികള്‍ ഒരേ സ്വരത്തില്‍ പറഞ്ഞു. ഇടതുമുന്നണിയുടെ ഭരണകാലത്ത് ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ സുരക്ഷിതമായിരുന്നു. ഭൂപരിഷ്കരണം, കാര്‍ഷികോല്‍പ്പാദനത്തിലെ വന്‍ വര്‍ധന, ഫലപ്രദമായ പഞ്ചായത്തിരാജ് സംവിധാനം, അധികാര വികേന്ദ്രീകരണം, വിദ്യാഭ്യാസരംഗത്തെ ജനാധിപത്യവല്‍ക്കരണം, തൊഴിലാളികള്‍ക്കായുള്ള സാമൂഹ്യസുരക്ഷാ പദ്ധതികള്‍ എന്നിവ ഇടതുമുന്നണി സര്‍ക്കാരിന്റെ മികച്ച നേട്ടങ്ങളായിരുന്നു. ഇടതുമുന്നണി സര്‍ക്കാരിന്റെ മഹത്തായ ഈ നേട്ടങ്ങളെ താഴ്ത്തിക്കെട്ടുന്ന പ്രചാരണങ്ങള്‍ ആസൂത്രിതമായി നടന്നു. ഇടതുമുന്നണി സര്‍ക്കാരിന്റെ നേട്ടങ്ങളെ സംരക്ഷിക്കാനുള്ള പോരാട്ടത്തിനൊപ്പം ഇടതു സര്‍ക്കാരിന്റെ മഹത്തായ നേട്ടങ്ങളെ കരിതേച്ചുകാട്ടാനുള്ള കുപ്രചാരണങ്ങളെ ശക്തിയുക്തം ചെറുക്കേണ്ടതും അനിവാര്യമാണ്.

ഇടതുമുന്നണി സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെയും അനുഭവങ്ങളെയും സംബന്ധിച്ചുള്ള സത്യസന്ധമായ വിലയിരുത്തല്‍ മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് രീതിയിലുള്ള ശരിയായ പ്രവര്‍ത്തനത്തിന് ഭാവിയില്‍ സഹായകമാകുമെന്ന് പ്രതിനിധികള്‍ ഒറ്റക്കെട്ടായി പറഞ്ഞു. തൊഴിലാളികള്‍ക്കും മറ്റ് ജനവിഭാഗങ്ങള്‍ക്കുമെതിരായി കേന്ദ്രത്തിലെ യുപിഎ സര്‍ക്കാര്‍ സ്വീകരിക്കുന്ന നവ ഉദാരവല്‍ക്കരണ നടപടികള്‍ക്ക് പിന്തുണ നല്‍കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് പശ്ചിമബംഗാളില്‍ അതേ നയങ്ങളാണ് പിന്തുടരുന്നത്. ഇത് മറച്ചുവെച്ച് മമതയും കൂട്ടരും നടത്തുന്ന നാടകങ്ങളെ തിരിച്ചറിയണം. തൊഴിലാളികളുടെ അവകാശങ്ങള്‍ക്കു നേരേ കടന്നാക്രമണം നടത്തുകയും പണിമുടക്ക് അവകാശമുള്‍പ്പെടെ നിഷേധിക്കാന്‍ ശ്രമിക്കുകയുമാണ് മമതാ സര്‍ക്കാര്‍ . പൊതുമേഖലയെ തകര്‍ത്ത് സ്വകാര്യവല്‍ക്കരണ നടപടികള്‍ക്ക് വലിയ ഉത്സാഹമാണ് സംസ്ഥാന സര്‍ക്കാര്‍ കാട്ടുന്നത്. കര്‍ഷക ആത്മഹത്യ തടയാന്‍ നടപടി സ്വീകരിക്കുക, തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുക, വിദ്യാഭ്യാസ മേഖലയിലെ ജനാധിപത്യധ്വംസനം അവസാനിപ്പിക്കുക തുടങ്ങി 25 പ്രമേയങ്ങള്‍ സംസ്ഥാന സമ്മേളനം അംഗീകരിച്ചു. മമതാ സര്‍ക്കാര്‍ വിദ്യാഭ്യാസ മേഖലയില്‍ നടത്തുന്ന കടന്നാക്രമണങ്ങളെ അധ്യാപകരും വിദ്യാര്‍ഥികളും ജീവനക്കാരും യോജിച്ചണിനിരന്ന് എതിര്‍ത്ത് പരാജയപ്പെടുത്തണം. വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനത്തിനുനേരേ കടുത്ത ആക്രമണമാണ് നടക്കുന്നത്. ഇതിനെ ധീരതയോടെ നേരിടുന്ന വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകരെ സമ്മേളനം അഭിനന്ദിച്ചു. കഴിഞ്ഞ ഒന്‍പത് മാസമായി സ്ത്രീകള്‍ക്കു നേരേ സംസ്ഥാനത്ത് നടക്കുന്ന ആക്രമണങ്ങളെക്കുറിച്ചും സമ്മേളനം ഗൗരവമായി ചര്‍ച്ച ചെയ്തു. സമരമുഖങ്ങളില്‍ സ്ത്രീകള്‍ സജീവമാണ്. പാര്‍ടിയില്‍ കൂടുതല്‍ സ്ത്രീകളെ കൊണ്ടുവരാനും അവര്‍ക്ക് കൂടുതല്‍ ചുമതലകള്‍ നല്‍കാനും ശ്രദ്ധിക്കണം. ഇടതുമുന്നണിക്കെതിരെ നടക്കുന്ന ശക്തമായ അസത്യപ്രചാരണങ്ങളെ ചെറുക്കാന്‍ പാര്‍ടി പ്രസിദ്ധീകരണങ്ങളുടെ പ്രചാരണം വര്‍ദ്ധിപ്പിക്കുകയും സാംസ്കാരിക മേഖലയിലെ പ്രവര്‍ത്തനം ശക്തമാക്കുകയും വേണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു. പാര്‍ടിക്കുള്ളില്‍ വളര്‍ന്നുവന്ന കമ്യൂണിസ്റ്റ് വിരുദ്ധ ശീലങ്ങളെ വച്ചുപൊറുപ്പിക്കരുതെന്ന് പ്രതിനിധികള്‍ ആവശ്യപ്പെട്ടു.

പാര്‍ടി സംഘടന കെട്ടിപ്പടുക്കുന്നതിലും ദോഷങ്ങള്‍ ബാധിക്കാതെ അത് കാത്തുസൂക്ഷിക്കുന്നതിലും എക്കാലത്തും ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ജനങ്ങളുമായി വളരെ നല്ല ബന്ധം വളര്‍ത്തിയെടുക്കാനും അവരുടെ ജീവിതസമരത്തില്‍ അവര്‍ക്കു മുന്നില്‍ നില്‍ക്കാനും കഴിയണമെന്നും വര്‍ഗ്ഗസമരമല്ലാതെ മറ്റൊന്നും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ മുന്നോട്ടു നയിക്കില്ലെന്നും സമ്മേളനം പ്രഖ്യാപിച്ചു. മുന്‍ മുഖ്യമന്ത്രിയും പാര്‍ടി പൊളിറ്റ് ബ്യൂറോ അംഗവുമായ ബുദ്ധദേവ് ഭട്ടാചാര്യ സമ്മേളന പ്രതിനിധികളെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗം വിമര്‍ശനത്തിന്റെയും സ്വയംവിമര്‍ശനത്തിന്റെയും ഉന്നതമൂല്യങ്ങള്‍ അടങ്ങിയതായിരുന്നു. സാധാരണ ജനങ്ങളുടെ ജീവിതപ്രശ്നങ്ങള്‍ മനസ്സിലാക്കാനും അവരുടെ കണ്ണീരൊപ്പാനും കൂടുതല്‍ ആത്മാര്‍ഥതയോടെ മുന്നിട്ടിറങ്ങുക മാത്രമാണ് പാര്‍ടിയെ ശക്തിപ്പെടുത്താനുള്ള മാര്‍ഗമെന്ന് അദ്ദേഹം പറഞ്ഞു. വര്‍ഗസമരം ശക്തിപ്പെടുത്തുകയല്ലാതെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ മുന്നില്‍ മറ്റൊരു വഴിയുമില്ല. സ്വന്തം വര്‍ഗത്തെ തിരിച്ചറിഞ്ഞ് അവരിലേക്ക് മടങ്ങുകയാണ് വേണ്ടത്. തൊഴിലാളി പണിമുടക്കുകളെക്കുറിച്ചും ഹര്‍ത്താലുകളെക്കുറിച്ചും താന്‍ നേരത്തേ പറഞ്ഞ അഭിപ്രായങ്ങള്‍ പാര്‍ടിയുടെ കാഴ്ചപ്പാടിന് അനുസൃതമായിരുന്നില്ലെന്നും അത് താന്‍ നേരത്തേതന്നെ തിരുത്തിയെന്നും അദ്ദേഹം സമ്മതിച്ചു.

വ്യവസായവല്‍ക്കരണം സംസ്ഥാനത്തിന് അനിവാര്യമായിരുന്നു. വിദേശനിക്ഷേപവും സ്വീകരിക്കാന്‍ തുടങ്ങിയിരുന്നു. സിംഗൂരിനു മുമ്പും നന്ദിഗ്രാം സംഭവത്തിനു ശേഷവും ആയിരക്കണക്കിന് ഏക്കര്‍ ഭൂമി വ്യവസായവല്‍ക്കരണത്തിനായി ഏറ്റെടുത്തിട്ടുണ്ട്. നന്ദിഗ്രാമില്‍ സംഭവിച്ച പിഴവ് മനസ്സിലാക്കി ഭൂമി ഏറ്റെടുക്കില്ലെന്ന് ഗവണ്‍മെന്റ് നേരത്തേതന്നെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇടതുമുന്നണി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കാത്തിരുന്ന ശക്തികള്‍ തെറ്റായ പ്രചാരണം നടത്തി കലാപം സംഘടിപ്പിക്കുകയായിരുന്നു. ഇടതുമുന്നണി സര്‍ക്കാര്‍ നവ ലിബറല്‍ നയങ്ങളുടെ പിന്നാലെ ഒരിക്കലും പോയിട്ടില്ല. ശക്തമായ ആ നയങ്ങളെ എതിര്‍ക്കുകയാണ് ചെയ്തത്. എന്നാല്‍ വ്യവസായവല്‍ക്കരണത്തിനുള്ള അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്. 83 അംഗ സംസ്ഥാന കമ്മിറ്റിയില്‍ 75 പേരെ സമ്മേളനം തെരഞ്ഞെടുത്തു. ബിമന്‍ ബസുവിനെ വീണ്ടും സെക്രട്ടറിയായി സമ്മേളനം തെരഞ്ഞെടുത്തു. ബുദ്ധദേവ് ഭട്ടാചാര്യ, നിരുപം സെന്‍ , മുഹമ്മദ് അമീന്‍ എന്നിവരും സംസ്ഥാന കമ്മിറ്റിയിലുണ്ട്. കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാനായി കാന്തി ബിശ്വാസിനെ തെരഞ്ഞെടുത്തു. നാരായണ്‍ ദത്തയാണ് ഗണശക്തി പത്രത്തിന്റെ പത്രാധിപര്‍ . 23-ാം സംസ്ഥാന സമ്മേളനമാണ് കൊല്‍ക്കത്തയില്‍ പൂര്‍ത്തിയായത്. ഒന്നാം പാര്‍ടി കോണ്‍ഗ്രസിനു മുമ്പു തന്നെ രണ്ട് സംസ്ഥാന സമ്മേളനങ്ങള്‍ നടന്ന പ്രവിശ്യയാണ് ബംഗാള്‍ .

1934ല്‍ കൊല്‍ക്കത്തക്കടുത്ത മെതിയബ്രൂസില്‍ ആയിരുന്നു ആദ്യ സമ്മേളനം. 1931ല്‍ തന്നെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ കൊല്‍ക്കത്ത കമ്മിറ്റി രൂപീകരിച്ചിരുന്നു. 1934ല്‍ നടന്ന രഹസ്യ സംസ്ഥാന സമ്മേളനത്തില്‍ കൊല്‍ക്കത്ത കമ്മിറ്റിയെ പ്രവിശ്യാ കമ്മിറ്റിയായി വികസിപ്പിക്കുകയായിരുന്നു. കൊല്‍ക്കത്ത കമ്മിറ്റിയുടെ സെക്രട്ടറിയായിരുന്ന അബ്ദുള്‍ ഹാലിം ജയിലിലായിരുന്നതിനാല്‍ സംസ്ഥാന സെക്രട്ടറിയായി മണി ചതോപാധ്യായ പ്രവര്‍ത്തിച്ചു. 1936 മുതല്‍ രണ്ടാം സംസ്ഥാന സമ്മേളനം നടന്ന 1938 വരെ ഗോപേന്‍ ചക്രവര്‍ത്തി സെക്രട്ടറിയായി. 1938ല്‍ ഹൗറക്കടുത്ത് ചന്ദന്‍നഗറില്‍ ചേര്‍ന്ന രണ്ടാം സംസ്ഥാന സമ്മേളനം നൃപന്‍ ചക്രവര്‍ത്തിയെ സെക്രട്ടറിയായി തെരഞ്ഞെടുത്തു. 1943ലാണ് പരസ്യമായ സംസ്ഥാന സമ്മേ ളനം നടത്താന്‍ കഴിഞ്ഞത്. അന്ന് 900 പ്രതിനിധികള്‍ പങ്കെടുത്തു. ഭവാനി സെന്നിനെ സെക്രട്ടറിയായി തെരഞ്ഞെടുത്തു. 1947ല്‍ റൊണേന്‍ സെന്നും 51ല്‍ മുസഫര്‍ അഹമ്മദും സെക്രട്ടറിമാരായി. ആറ്, ഏഴ്, എട്ട് സംസ്ഥാന സമ്മേളനങ്ങള്‍ ജ്യോതി ബസുവിനെയാണ് സെക്രട്ടറിയായി തെരഞ്ഞെടുത്തത്. 1961ല്‍ ഒന്‍പതാം സംസ്ഥാന സമ്മേളനം പ്രമോദ് ദാസ് ഗുപ്തയെ സെക്രട്ടറിയായി തെരഞ്ഞെടുത്തു. സിപിഐ എം രൂപീകരണത്തിനുശേഷം ആദ്യ സെക്രട്ടറിയായും പ്രമോദ് ദാസ് ഗുപ്തയെ തെരഞ്ഞെടുത്തു. 14-ാം സംസ്ഥാന സമ്മേളനം വരെ പ്രമോദ് ദാസ് ഗുപ്ത സെക്രട്ടറിയായി തുടര്‍ന്നു. 15, 16 സംസ്ഥാന സമ്മേളനങ്ങള്‍ സരോജ് മുഖര്‍ജിയേയും 17, 18, 19 സംസ്ഥാന സമ്മേളനങ്ങള്‍ ശൈലന്‍ദാസ് ഗുപ്തയേയും സെക്രട്ടറിയായി തെരഞ്ഞെടുത്തു. 20, 21 സംസ്ഥാന സമ്മേളനങ്ങള്‍ അനില്‍ ബിശ്വാസിനെ സെക്രട്ടറിയായി തെരഞ്ഞെടുത്തു. 2006ല്‍ അനില്‍ ബിശ്വാസിന്റെ നിര്യാണത്തെത്തുടര്‍ന്ന് സെക്രട്ടറിയായ ബിമന്‍ ബസുവിനെ 21, 22 സമ്മേളനങ്ങള്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു.

*
വി ജയിന്‍ ചിന്ത 02 മാര്‍ച്ച് 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

വംഗനാട്ടില്‍ ഇനി സിപിഐ എം തലപൊക്കില്ലെന്നു കരുതിയ പ്രതിലോമ ശക്തികളാണ് സിപിഐ എം സംസ്ഥാന സമ്മേളനത്തെ ഏറ്റവും ശ്രദ്ധയോടെ വീക്ഷിച്ചത്. സിപിഐ എം അതിന്റെ ശക്തി വീണ്ടെടുക്കുമോ എന്നാണ് അവര്‍ക്ക് അറിയേണ്ടിയിരുന്നത്. അങ്ങനെ സംഭവിക്കാതിരിക്കാന്‍ പരമാവധി തന്ത്രങ്ങളും ആക്രമണങ്ങളും അവര്‍ നടത്തി. എന്നാല്‍ സമ്മേളനത്തിന് സമാപനം കുറിച്ച് ഫെബ്രുവരി 19ന് കൊല്‍ക്കത്തയിലെ ചരിത്രപ്രസിദ്ധമായ ബ്രിഗേഡ് പരേഡ് മൈതാനിയില്‍ ആര്‍ത്തിരമ്പിയ ജനസാഗരം എല്ലാവരുടെയും ആശങ്കകളകറ്റി. ബംഗാളിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം അജയ്യമാണെന്നും ശത്രുവര്‍ഗ്ഗത്തിന്റെ ആക്രമണങ്ങള്‍ക്ക് ചെങ്കൊടിയെ തൊടാനാവില്ലെന്നും വിളംബരം ചെയ്ത ചരിത്രപ്രസിദ്ധമായ റാലിയായിരുന്നു അത്. ബംഗാളിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം കയറിവന്ന വഴികളെക്കുറിച്ചറിയുന്നവര്‍ക്ക് പ്രസ്ഥാനത്തിന്റെ ഭാവിയെക്കുറിച്ച് സംശയങ്ങളില്ല. ചരിത്രത്തിന്റെ നിരവധി സന്ധികളില്‍ ഇടതുപക്ഷ പ്രസ്ഥാനത്തിന് തിരിച്ചടികളേറ്റിട്ടുണ്ട്. പക്ഷേ അവിടെയൊന്നും അടിതെറ്റി വീണുപോയിട്ടില്ല. ജനങ്ങളുടെ പിന്തുണയോടെ വീണ്ടും അജയ്യശക്തിയായി ഉയര്‍ന്നുവന്ന ചരിത്രമാണ് ബംഗാളിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുള്ളത്.