രാജ്യത്തെ നദികളെ സംയോജിപ്പിക്കുന്ന പദ്ധതി സമയബന്ധിതമായി നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് സുപ്രിംകോടതി നിര്‍ദ്ദേശിച്ചിരിക്കുന്നു. അതിന്റെ ആസുത്രണത്തിനും നടത്തിപ്പിനുമായി ഉന്നതാധികാര സമതിയേയും കോടതി നിയോഗിച്ചിട്ടുണ്ട്. ബ്രിട്ടീഷ് കോളനിവാഴ്ചക്കാലത്തുതന്നെ നദീസംയോജന നിര്‍ദ്ദേശം നിലനിന്നിരുന്നു. 1972 ല്‍ അന്നത്തെ കേന്ദ്രജലസേചന വകുപ്പുമന്ത്രി കെ എല്‍ റാവു ഗംഗാ, കാവേരി നദികളെ ബന്ധിപ്പിക്കുന്ന 2640 കി മീ ദൈര്‍ഘ്യമുള്ള കനാല്‍നിര്‍മ്മിക്കുന്നതിനെപ്പറ്റി നിവേദനം സമര്‍പ്പിച്ചിരുന്നു. 1982 ല്‍ നദീസംയോജനത്തിന്റെ പ്രായോഗികത പഠിക്കുന്നതിന് ദേശീയ ജലവികസന ഏജന്‍സിക്ക് രൂപം നല്‍കി. 2002 ല്‍ അന്നത്തെ വാജ്‌പേയ് സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കുകയും പ്രത്യേക കര്‍മസമിതിയെ നിയമിക്കുകയും ചെയ്തിരുന്നു. 2016 ല്‍ പദ്ധതി പൂര്‍ത്തിയാക്കുമ്പോള്‍ അഞ്ചുലക്ഷം കോടി രൂപ ചെലവാകുമെന്നാണ് കണക്കാക്കിയിരുന്നത്. എന്നാല്‍ വിശദമായ പദ്ധതിയോ പ്രവര്‍ത്തനങ്ങളോ പിന്നീട് ഉണ്ടായില്ല. നദീസംയോജനം സംബന്ധിച്ച ഒരു കേസിന്റെ വിധിയിലാണ് ഇപ്പോള്‍ സുപ്രിംകോടതി നിര്‍ദ്ദേശം. രാജ്യത്തെ പ്രധാന നദികളായ ബ്രഹ്മപുത്ര, ഗംഗ, മഹാനദി, ഗോദാവരി, കൃഷ്ണ, കാവേരി, കെന്‍, ചംബല്‍ തുടങ്ങി ഇന്ത്യയിലെ പ്രധാനനദികളെ പരസ്പരം ബന്ധിപ്പിക്കാനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. കേരളത്തിലെ പമ്പ, അച്ചന്‍കോവില്‍ നദികളെ തമിഴ്‌നാട്ടിലെ വൈപ്പാറുമായി സംയോജിപ്പിക്കാനും പദ്ധതിയുണ്ട്.
അതിബൃഹത്തായ ഇത്തരമൊരു പദ്ധതി വളരെ സൂക്ഷ്മതയോടും ഗൗരവത്തോടും കൈകാര്യം ചെയ്യേണ്ട ഒന്നാണ്. അത്തരത്തില്‍ ആവശ്യമായ പഠനവും പരിശോധനയും നടത്തിയാണ് രാജ്യത്തിന്റെ പരമോന്നത നീതിപീഠം കഴിഞ്ഞദിവസത്തെ ഉത്തരവു പുറപ്പെടുവിച്ചതെന്ന് അതു സംബന്ധിച്ച് ലഭ്യമായ വാര്‍ത്തകളും വിവരങ്ങളും വ്യക്തമാക്കുന്നില്ല. ആയിരക്കണക്കിനു കിലോമീറ്റര്‍ കനാലുകളും തുരങ്കങ്ങളും നിര്‍മ്മിച്ച് നദികളെ ബന്ധിപ്പിക്കുന്നതും അനേകം ചെറുതും വലുതുമായ അണക്കെട്ടുകളും കൃത്രിമ തടാകങ്ങളും നിര്‍മ്മിച്ച് നദീജലം ശേഖരിക്കുന്നതും ഒഴുക്ക് ക്രമീകരിക്കുന്നതും കേവലം എഞ്ചിനിയറിംഗ് വൈദഗ്ധ്യത്തിന്റെ മാത്രം പ്രശ്‌നമല്ല. അനേകലക്ഷം കോടിരൂപ ചിലവഴിച്ച് ഇത്തരത്തില്‍ നദീസംയോജനം നടത്തുന്നത് ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് വിമര്‍ശകര്‍ വിലയിരുത്തുന്നു. പ്രകൃതിയുടെ നൈസര്‍ഗികതയെ അപകടപ്പെടുത്തുന്ന പദ്ധതി രാജ്യത്തിനകത്തും ഇന്ത്യാസമുദ്രത്തിലും ആവാസവ്യവസ്ഥയെ തകര്‍ക്കുമെന്നു ചൂണ്ടിക്കാട്ടപ്പെടുന്നു. നദി സമുദ്രത്തിലേക്ക് ഒഴുകുന്നുവെന്നതിനെ അധികജലമായി കാണുന്നത് വിവേകമാണെന്ന് കരുതാനാവില്ല. ഇത്രയേറെ നദികളുടെ സ്വാഭാവിക പ്രവാഹത്തെ തടസപ്പെടുത്തി തിരിച്ചുവിടുന്നത് താഴ്ന്ന തീരപ്രദേശങ്ങളില്‍ ഓരുവെള്ളം കടക്കുന്നതിനും ആവാസവ്യവസ്ഥയെ അപകടപ്പെടുത്തുന്നതിനും ഇടവരുത്തും. ഈ ആശങ്കകള്‍ ശാസ്ത്രീയമായി വിലയിരുത്താതെ ഇത്തരമൊരു പദ്ധതിയിലേക്ക് എടുത്തുചാടുന്നത് അപകടകരമാണ്.
നിര്‍ദിഷ്ട പദ്ധതിയുടെ ഭാഗമായി പമ്പ, അച്ചന്‍കോവിലാറുകള്‍ വൈപ്പാറുമായി ബന്ധിപ്പിക്കാനുള്ള ശ്രമം കേരളത്തില്‍, വിശേഷിച്ച് മധ്യതിരുവിതാംകൂറില്‍, കടുത്ത പാരിസ്ഥിതിക തകര്‍ച്ചയ്ക്കും സാമൂഹ്യ സാമ്പത്തിക പ്രതിസന്ധിക്കും വഴിവയ്ക്കുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. ഇത്തരമൊരു ആശയത്തെ തുടക്കംമുതല്‍ കേരളത്തിലെ ഗവണ്‍മെന്റുകളും ജനങ്ങളും രാഷ്ട്രീയപാര്‍ട്ടികളും പരിസ്ഥിതിപ്രവര്‍ത്തകരും എതിര്‍ത്തുപോന്നിട്ടുണ്ട്. തുടക്കത്തില്‍ 2588 കോടിരൂപ ചെലവു പ്രതീക്ഷിച്ചിരുന്ന പദ്ധതി പമ്പ, അച്ചന്‍കോവില്‍ ആറുകളില്‍ അധികജലമുണ്ടെന്ന കണക്കുകൂട്ടലില്‍ അധിഷ്ഠിതമാണ്. ദേശീയ ജലവികസന ഏജന്‍സി(എന്‍ ഡബ്ല്യു ഡി എ) കണക്കാക്കുന്നത് കേരളത്തിന്റെ ഇപ്പോഴത്തേയും ഭാവിയിലേയും ആവശ്യങ്ങള്‍ കണക്കിലെടുത്താല്‍ പ്രതിവര്‍ഷം 3,127 ദശലക്ഷം ക്യുബിക് മീറ്റര്‍ (എം സി എം) അധിക ജലമുണ്ടെന്നാണ്. ഇത് തിരിച്ചുവിട്ടാല്‍ തമിഴ്‌നാട്ടിലെ തിരുനല്‍വേലി, ചിദംബരനാര്‍, കാമരാജര്‍ ജില്ലകളില്‍ ജലസേചനത്തിനും 500 മെഗാവാട്ട് വൈദ്യുതി ഉല്‍പാദനത്തിനും ഉപകരിക്കുമെന്നാണ് കണക്കുകൂട്ടല്‍.
കോഴിക്കോട്ടെ ജലവിഭവ വകസന പരിപാലന കേന്ദ്രം (സി ഡബ്ല്യു ആര്‍ ഡി എം) ഒരു പതിറ്റാണ്ടു മുമ്പു നടത്തിയ മൂന്നു വര്‍ഷക്കാലം നീണ്ടുനിന്ന പഠനം എന്‍ ഡബ്ല്യു സി എ യുടെ അധികജല കണക്കുകള്‍ അടിസ്ഥാനരഹിതമാണെന്നു തെളിയിക്കുന്നു. കേരളത്തിന്റെ മൊത്തം ജലകമ്മി 3,537 എം സി എം ആണെന്നും പമ്പ, അച്ചന്‍കോവിലാറുകളുടെ മാത്രം ജലകമ്മി 459 എം സി എം ആണെന്നും വ്യക്തമാക്കുന്നു. വ്യാപകമായ മണല്‍വാരലും വനനശീകരണവും രണ്ട് നദികളുടെയും നിലനില്‍പിനുതന്നെ കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ഇപ്പോള്‍തന്നെ വന്‍മലിനീകരണത്തെ നേരിടുന്ന വേമ്പനാട്ടുകായലിന്റെ നാശത്തിലേക്കായിരിക്കും നദീസംയോജനം നയിക്കുക. പമ്പയിലെയും അച്ചന്‍കോവിലാറിലെയും ജലം തിരിച്ചുവിടുന്നത് കുട്ടനാടിന്റെയും മധ്യതിരുവിതാംകൂറിന്റെയും മരണമണിയായിരിക്കും ഉയര്‍ത്തുക. രാജ്യത്തിന്റെയും കേരളത്തിന്റെയും പ്രകൃതിയും പരിസ്ഥിതിയും എന്നെന്നേക്കുമായി തകര്‍ക്കുന്ന നദീസംയോജന പദ്ധതി വിനാശകരമാണ്. തീകഞ്ഞ അവധാനതയും സൂക്ഷ്മമായ ശാസ്ത്രീയ പഠനവും കൂടാതെ ഇത്തരം ഒരു നീക്കം അരുത്.
*
ജനയുഗം മുഖപ്രസംഗം 29 ഫെബ്രുവരി 2012
Subscribe to:
Post Comments (Atom)
1 comment:
രാജ്യത്തെ നദികളെ സംയോജിപ്പിക്കുന്ന പദ്ധതി സമയബന്ധിതമായി നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് സുപ്രിംകോടതി നിര്‍ദ്ദേശിച്ചിരിക്കുന്നു. അതിന്റെ ആസുത്രണത്തിനും നടത്തിപ്പിനുമായി ഉന്നതാധികാര സമതിയേയും കോടതി നിയോഗിച്ചിട്ടുണ്ട്. ബ്രിട്ടീഷ് കോളനിവാഴ്ചക്കാലത്തുതന്നെ നദീസംയോജന നിര്‍ദ്ദേശം നിലനിന്നിരുന്നു. 1972 ല്‍ അന്നത്തെ കേന്ദ്രജലസേചന വകുപ്പുമന്ത്രി കെ എല്‍ റാവു ഗംഗാ, കാവേരി നദികളെ ബന്ധിപ്പിക്കുന്ന 2640 കി മീ ദൈര്‍ഘ്യമുള്ള കനാല്‍നിര്‍മ്മിക്കുന്നതിനെപ്പറ്റി നിവേദനം സമര്‍പ്പിച്ചിരുന്നു. 1982 ല്‍ നദീസംയോജനത്തിന്റെ പ്രായോഗികത പഠിക്കുന്നതിന് ദേശീയ ജലവികസന ഏജന്‍സിക്ക് രൂപം നല്‍കി.
Post a Comment