Tuesday, March 6, 2012

കണ്ണന്‍നായരെ സ്മരിക്കുമ്പോള്‍

ദേശാഭിമാനിയുടെ ഇന്നത്തെ വളര്‍ച്ചയ്ക്ക് അടിത്തറയിട്ട ഏതാനും പേരുകളെടുത്താല്‍ മുന്‍നിരയിലാണ് സഖാവ് പി കണ്ണന്‍നായരുടെ സ്ഥാനം. കൊച്ചി കേന്ദ്രീകരിച്ച് ദേശാഭിമാനിയുടെ നായകസ്ഥാനത്ത് പ്രവര്‍ത്തിക്കുമ്പോഴാണ് ആകസ്മികമായി കണ്ണന്‍നായരുടെ അന്ത്യമുണ്ടായത്. ആ വേര്‍പാടിന് 2012 മാര്‍ച്ച് ആറിന് 22 വയസ്സാകുന്നു. വടക്കേമലബാറില്‍ കൊടക്കാട്ടെ ദരിദ്ര കര്‍ഷകകുടുംബത്തില്‍ ജനിച്ച് പ്രാഥമികവിദ്യാഭ്യാസം കഷ്ടിച്ച് പൂര്‍ത്തിയാക്കിയശേഷം ബീഡിതെറുപ്പ് തൊഴിലായി സ്വീകരിച്ച കണ്ണന്‍നായരുടെ പില്‍ക്കാല ജീവിതം നിരന്തര പോരാട്ടത്തിന്റെയും സംഘാടനത്തിന്റേതുമാണ്. കേരളത്തില്‍ മറ്റേത് പത്രത്തേക്കാളും ബഹുജനപിന്തുണയാര്‍ജിച്ച പത്രമാണ് ദേശാഭിമാനി. സ്വാതന്ത്ര്യസമരകാലത്ത് നാടിനുവേണ്ടിയുള്ള പോരാട്ടത്തിന് ലക്ഷ്യബോധം നല്‍കാനാണ് ദേശാഭിമാനി പ്രവര്‍ത്തിച്ചത്.

1939ല്‍ പരസ്യപ്രവര്‍ത്തനം ആരംഭിച്ച കമ്യൂണിസ്റ്റ്പാര്‍ടിയുടെ പില്‍ക്കാല വളര്‍ച്ചയുടെയും സംഭാവനകളുടെയും ചരിത്രം ദേശാഭിമാനിയുടെ ചരിത്രംകൂടിയാണ്്. ജന്മി-നാടുവാഴി അടിച്ചമര്‍ത്തലുകള്‍ക്കും സാമ്രാജ്യത്വ അധിനിവേശത്തിനുമെതിരെ കര്‍ഷകരെയും കര്‍ഷകത്തൊഴിലാളികളെയും അടിച്ചമര്‍ത്തപ്പെടുന്ന എല്ലാവരെയും ഉയര്‍ത്തിക്കൊണ്ടുവന്ന് അവരെ ദേശീയപ്രസ്ഥാനത്തിന്റെ ധാരയിലേക്ക് ഉള്‍ച്ചേര്‍ക്കാനുള്ള ആശയപരവും സംഘടനാപരവുമായ നേതൃത്വം ദേശാഭിമാനി നല്‍കി. കേരളത്തെ പിടിച്ചുകുലുക്കിയ കര്‍ഷക-കമ്യൂണിസ്റ്റ് മുന്നേറ്റങ്ങള്‍ , സാമ്രാജ്യത്വ വിരുദ്ധസമരങ്ങള്‍ , അമിതാധികാര വാഴ്ചയ്ക്കും വര്‍ഗീയ വിപത്തിനുമെതിരായ ചെറുത്തുനില്‍പ്പുകള്‍ - ഇവയിലെല്ലാം നേതൃപരമായ പങ്കാളിത്തമാണ് ദേശാഭിമാനിക്ക് വഹിക്കാനായത്. ഇന്ന് ദേശാഭിമാനിക്ക് കേരളത്തിനകത്ത് ഏഴ് എഡിഷനുണ്ട്. പ്രചാരണത്തിന്റെ വര്‍ധനയ്ക്കനുസൃതമായി സംസ്ഥാനത്തിനകത്ത് ഓരോ ജില്ലയിലും എഡിഷനുകള്‍ ആരംഭിക്കാനുള്ള വളര്‍ച്ചയിലേക്കാണ് നീങ്ങുന്നത്. ശാസ്ത്ര-സാങ്കേതികരംഗത്തെയും മാധ്യമമേഖലയിലെയും മാറ്റങ്ങളും വളര്‍ച്ചയും ഉള്‍ക്കൊണ്ട് ദേശാഭിമാനി പുതിയ തലത്തിലേക്കുയരുകയാണ്. ഇന്ന് സംസ്ഥാനത്ത് പ്രചാരത്തില്‍ മൂന്നാമത് ദേശാഭിമാനിയാണ്. പുതിയ വായനക്കാരെ ആര്‍ജിക്കുന്നതില്‍ മറ്റാരെയും വെല്ലാന്‍ ദേശാഭിമാനിക്ക് കഴിയുന്നു. മാത്രമല്ല, മറ്റേതു പത്രത്തേക്കാളും കൂടുതല്‍ ജനങ്ങളെ സ്വാധീനിക്കാന്‍ പ്രാപ്തിയുള്ള പത്രവുമാണിത്.

കാലാനുസൃത മാറ്റങ്ങളുള്‍ക്കൊണ്ട് സമ്പൂര്‍ണ ദിനപത്രമായി ഉയര്‍ന്ന ദേശാഭിമാനിയുടെ നാള്‍വഴിയില്‍ ത്യാഗപൂര്‍ണമായ പ്രവര്‍ത്തനങ്ങളിലൂടെ ജീവിതംതന്നെ സമര്‍പ്പിച്ച സഖാവ് കണ്ണന്‍നായരുടെ സംഭാവന അതുല്യമാണ്. തന്നില്‍ അര്‍പ്പിതമായ കര്‍ത്തവ്യം എല്ലാ സൂക്ഷ്മതലങ്ങളിലും കൃത്യതയോടെ നിര്‍വഹിച്ച് കമ്യൂണിസ്റ്റുകാരന്റെ സന്നദ്ധതയ്ക്കുമുമ്പില്‍ ഏത് ഉത്തരവാദിത്തവും വഴങ്ങുമെന്നു തെളിയിച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. പ്രാഥമിക വിദ്യാഭ്യാസംമാത്രമുള്ള സഖാവിന് പത്രരംഗത്ത് ശ്രദ്ധേയമായ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞത് വിപ്ലവബോധവും തൊഴിലാളിവര്‍ഗപ്രസ്ഥാനത്തോടുള്ള അചഞ്ചലമായ കൂറുംകൊണ്ടാണ്. എണ്ണമറ്റ തൊഴിലാളി-കര്‍ഷക പോരാട്ടങ്ങളിലൂടെയാണ് അദ്ദേഹം തികഞ്ഞ വിപ്ലവകാരിയായി മാറിയത്. 1943ല്‍ പാര്‍ടി അംഗമായി. 1948ലെ മെയ്ദിനത്തില്‍ മുനയന്‍കുന്നില്‍ നടന്നസായുധപൊലീസിന്റെ ആക്രമണത്തില്‍നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. മുനയന്‍കുന്ന് പോരാട്ടത്തിലെ ജീവിക്കുന്ന രക്തസാക്ഷിയായാണ് അദ്ദേഹം അറിയപ്പെട്ടത്. പൊലീസ് മര്‍ദനംമൂലം ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. 1946ല്‍ കരിവെള്ളൂര്‍ കേസില്‍ പ്രതിയായ സഖാവിനെ പൊലീസ് ക്രൂരമായി മര്‍ദിച്ചു. അന്നും തടവറയില്‍ കിടക്കേണ്ടിവന്നു. സ്വാതന്ത്ര്യലബ്ധിക്കുശേഷം 1950ല്‍ ഏതാനുംമാസം സഖാവിനെ ജയിലിലടച്ചു. പിന്നീട് 1964ല്‍ 16 മാസം ജയിലില്‍ കഴിയേണ്ടിവന്നു. ദേശാഭിമാനിയുടെ ചുമതലക്കാരനെന്ന നിലയില്‍ കൊച്ചിയിലേക്ക് പ്രവര്‍ത്തനകേന്ദ്രം മാറ്റിയതോടെ, പത്രത്തിന്റെ വളര്‍ച്ചയായി സഖാവിന്റെ ഏക ലക്ഷ്യം. കണ്ണന്‍നായര്‍ ത്യാഗപൂര്‍വം വളര്‍ത്തിയ ദേശാഭിമാനി ഇന്ന് ബഹുദൂരം മുന്നോട്ടുപോയി. 1990 മാര്‍ച്ച് ആറിന് കണ്ണന്‍നായര്‍ നമ്മെ വിട്ടുപിരിയുമ്പോള്‍ ദേശാഭിമാനിക്ക് കൊച്ചിയിലും കോഴിക്കോട്ടും തിരുവനന്തപുരത്തുമാണ് എഡിഷന്‍ ഉണ്ടായിരുന്നത്. സഖാവിന്റെ ദീര്‍ഘവീക്ഷണത്തോടുകൂടിയ സമീപനം ഈ മുന്നേറ്റത്തിന്റെ പ്രധാന പ്രേരകശക്തിയാണ്. കലുഷമായ സമകാലിക മാധ്യമ-രാഷ്ട്രീയ ഭൂമികയില്‍ ദേശാഭിമാനിയുടെ പ്രസക്തി വളരെ വലുതാണ്്. രാജ്യത്തെ തകര്‍ക്കുന്ന ജനവിരുദ്ധസാമ്പത്തിക നയങ്ങള്‍ക്കെതിരെയും ജനകീയ വികസനമാര്‍ഗത്തിനുവേണ്ടിയും നിരന്തരം പോരാടുന്ന പത്രമാണ് ദേശാഭിമാനി. വന്‍ പ്രചാരം അവകാശപ്പെടുന്ന പ്രമുഖ മലയാളപത്രങ്ങള്‍ വര്‍ഗീയതയുടെയും സാമ്രാജ്യത്വാധിനിവേശത്തിന്റെയും പ്രചാരകരായി മാറിയപ്പോള്‍ , ഒഴുക്കിനെതിരെ നീന്തിയാണ് ദേശാഭിമാനി വളര്‍ന്നത്. വാര്‍ത്താവിനിമയരംഗത്തെ സാങ്കേതികശേഷി, ധാര്‍മിക-രാഷ്ട്രീയ അന്തരീക്ഷം മികവുറ്റതാക്കാനും സാമൂഹ്യപുരോഗതിയെ ഉത്തേജിപ്പിക്കാനും ഉപയോഗിക്കുന്നതിനു പകരം ആശയപരമായ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കാണ് ബൂര്‍ഷ്വാ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നത്. കേരളത്തില്‍ സിപിഐ എമ്മിനെ ലക്ഷ്യമിട്ടു നടക്കുന്ന ഗീബല്‍സിയന്‍ പ്രചാരണങ്ങള്‍ തുറന്നുകാട്ടാനും മഹാഭൂരിപക്ഷം ജനങ്ങളെയും നേരിന്റെ കൂടെ നിര്‍ത്താനും ദേശാഭിമാനിക്ക് ഫലപ്രദമായി സാധിക്കുന്നുവെന്നതു നിസ്സാരകാര്യമല്ല. പച്ചയായ സാമൂഹ്യ യാഥാര്‍ഥ്യങ്ങളെ തമസ്കരിച്ചും തിരസ്കരിച്ചും നിസ്സാരവല്‍ക്കരിച്ചും ജനങ്ങളെ ആലസ്യത്തിലേക്കും അരാഷ്ട്രീയത്തിലേക്കും തള്ളിയിടുന്ന ബൂര്‍ഷ്വാ മാധ്യമങ്ങളോട് ഇഞ്ചിനിഞ്ച് പൊരുതിയാണ് ദേശാഭിമാനി മുന്നേറുന്നത്. കോര്‍പറേറ്റ് മൂലധനത്തിന്റെ സംരക്ഷകരായ കുത്തക പത്രങ്ങളും ചാനലുകളും ജനവിരുദ്ധനയങ്ങളുടെ പ്രചാരകരാവുകയും ഇടതുപക്ഷത്തെ തകര്‍ക്കാന്‍ കച്ചകെട്ടി ഇറങ്ങുകയും ചെയ്യുമ്പോള്‍ , നിര്‍ഭയമായി ജനങ്ങളോട് സത്യം വിളിച്ചു പറയാന്‍ ദേശാഭിമാനിക്ക് കഴിയുന്നു. ഇന്ന് നാം ജീവിക്കുന്ന കേരളം നേടിയ പുരോഗതിയുടെ വലിയൊരളവ് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സംഭാവനയാണ്. നിലനില്‍ക്കുന്ന പരിമിതികളെ അതിജീവിച്ച് പുതിയ കേരളം കെട്ടിപ്പടുക്കുക എന്ന മുദ്രാവാക്യം ഐക്യകേരള രൂപീകരണത്തിനുമുമ്പുതന്നെ കമ്യൂണിസ്റ്റ് പാര്‍ടി ഉയര്‍ത്തിയതും അതിന്റെ അടിസ്ഥാനത്തില്‍ നവകേരളസൃഷ്ടിക്കായി പ്രവര്‍ത്തിച്ചതുമാണ്. നവോത്ഥാനമൂല്യങ്ങളെ സംരക്ഷിക്കാനും പരിപോഷിപ്പിക്കാനും പ്രയത്നിച്ചത് കമ്യൂണിസ്റ്റുകാരാണ്. കേരളത്തിന്റെ വികസനവും നേട്ടങ്ങളും നവോത്ഥാന മൂല്യങ്ങളും തകര്‍ക്കാനുള്ള വലതുപക്ഷ ശ്രമം ഊര്‍ജിതമായി നടക്കുന്ന ഘട്ടമാണിത്. അതിനെതിരായ തീവ്രമായ പോരാട്ടത്തിലാണ് ഇടതുപക്ഷം ഏര്‍പ്പെട്ടിട്ടുള്ളത്. അഞ്ചുവര്‍ഷംകൊണ്ട് ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ സംസ്ഥാനത്തെ മാറ്റിയത് എപ്രകാരമാണെന്ന് അനുഭവിച്ചറിഞ്ഞവരാണ് കേരളജനത. ഒന്‍പതുമാസത്തെ യുഡിഎഫ് ഭരണം ആ നേട്ടങ്ങളെ എങ്ങനെയെല്ലാം തകര്‍ക്കുന്നു എന്നും ജനങ്ങള്‍ അമ്പരപ്പോടെ കാണുന്നു.

ജാതി-മത-സങ്കുചിത ശക്തികളുടെ കൂട്ടായ്മയുണ്ടാക്കിയിട്ടുപോലും നിസ്സാരഭൂരിപക്ഷമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ലഭിച്ചത്. ആ നൂലിഴ ഭൂരിപക്ഷം ജനങ്ങള്‍ക്കെതിരായ യുദ്ധത്തിന് ആയുധമായി ഉപയോഗിക്കപ്പെടുന്നു. അതിനെതിരായ ജനവികാരം സംസ്ഥാനത്ത് ശക്തമാണ്. അഖിലേന്ത്യാതലത്തിലാകട്ടെ, കോണ്‍ഗ്രസ് നയിക്കുന്ന രണ്ടാം യുപിഎ ഭരണത്തിലെ അഴിമതിക്കും ജനജീവിതം ദുസ്സഹമാക്കുന്ന സാമ്പത്തികനയത്തിനുമെതിരെ ജനവികാരം ആഞ്ഞടിക്കുന്നു. ഇതുകാരണം ഭരണാധികാരിവര്‍ഗത്തിന് പഴയ രീതിയില്‍ ഭരണം തുടരാന്‍ കഴിയാതെ വന്നിരിക്കുന്നു. ദുര്‍ഭരണം പൊറുക്കാന്‍ തയ്യാറല്ലാത്ത ജനങ്ങള്‍ പ്രതിഷേധത്തിന്റെയും പ്രക്ഷോഭത്തിന്റെയും വഴിയിലേക്ക് വന്‍തോതില്‍ എത്തുന്നതിന്റെ തെളിവാണ്, ഫെബ്രുവരി 28ന് പതിനൊന്ന് ട്രേഡ്യൂണിയനുകളുടെ സംയുക്ത സമിതി നേതൃത്വം നല്‍കിയ പൊതുപണിമുടക്കിന്റെ ചരിത്രം കുറിച്ച വിജയം. ഇന്ത്യയിലാകെയും കേരളത്തിലും ജനവികാരം കോണ്‍ഗ്രസിനെതിരാണ്.

കേരളത്തിലെ യുഡിഎഫ് ഭരണത്തിന്റെ ദുര്‍ന്നടപ്പ് ജനങ്ങളെ മടുപ്പിച്ചിരിക്കുന്നു. പിറവം ഉപതെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് യുഡിഎഫിനോടുള്ള ജനങ്ങളുടെ രോഷമാണ് ദൃശ്യമാകുന്നത്. സിപിഐ എമ്മിന്റെ ഇരുപതാം പാര്‍ടികോണ്‍ഗ്രസിന്റെ ഒരുക്കം നടക്കുന്ന ഘട്ടംകൂടിയാണിത്. കേരളത്തിലെ പാര്‍ടിയുടെ ജനപിന്തുണ തെളിയിച്ചും പാര്‍ടിയുടെ കെട്ടുറപ്പിന്റെയും ഐക്യത്തിന്റെയും അജയ്യത വിളിച്ചോതിയുമാണ് സംസ്ഥാന സമ്മേളനം തിരുവനന്തപുരത്ത് സമാപിച്ചത്. എല്‍ഡിഎഫിനെ ശക്തിപ്പെടുത്തുന്നതിനോടൊപ്പം സിപിഐ എമ്മിന്റെ സ്വതന്ത്രമായ ശക്തി കൂടുതല്‍ വര്‍ധിപ്പിക്കാനായി. സാമാന്യജനത്തിനിടയില്‍ ഊര്‍ജിതമായും വര്‍ധിച്ച തോതിലും രാഷ്ട്രീയപ്രവര്‍ത്തനം നടത്തേണ്ടതിന്റെ പ്രാധാന്യം കൂടുതല്‍ തെളിയുന്ന സാമൂഹിക സാഹചര്യമാണ് മുന്നിലുള്ളത്. എല്ലാ വിഭാഗം ജനങ്ങളെയും പാര്‍ടി പതാകയ്ക്കുകീഴില്‍ അണിനിരത്താന്‍ ഓരോരുത്തരും ത്യാഗപൂര്‍വം പ്രവര്‍ത്തിക്കേണ്ടതിന്റെ പ്രാധാന്യവും അനിവാര്യതയുമാണ് സംസ്ഥാന സമ്മേളനം പാര്‍ടി സഖാക്കളെ ഓര്‍മിപ്പിച്ചത്. ദേശാഭിമാനിയുടെ പ്രചാരം വര്‍ധിപ്പിക്കാനുള്ള ഇടപെടലും ആ പ്രവര്‍ത്തനത്തിന്റെ അഭേദ്യഭാഗമാണ്. സ. കണ്ണന്‍നായരുടെ സ്മരണ അത്തരം അവിശ്രമ പോരാട്ടത്തിന് കൂടുതല്‍ കരുത്തും ഊര്‍ജവും പകരും.

*
ഇ പി ജയരാജന്‍ ദേശാഭിമാനി 06 മാര്‍ച്ച് 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ദേശാഭിമാനിയുടെ ഇന്നത്തെ വളര്‍ച്ചയ്ക്ക് അടിത്തറയിട്ട ഏതാനും പേരുകളെടുത്താല്‍ മുന്‍നിരയിലാണ് സഖാവ് പി കണ്ണന്‍നായരുടെ സ്ഥാനം. കൊച്ചി കേന്ദ്രീകരിച്ച് ദേശാഭിമാനിയുടെ നായകസ്ഥാനത്ത് പ്രവര്‍ത്തിക്കുമ്പോഴാണ് ആകസ്മികമായി കണ്ണന്‍നായരുടെ അന്ത്യമുണ്ടായത്. ആ വേര്‍പാടിന് 2012 മാര്‍ച്ച് ആറിന് 22 വയസ്സാകുന്നു. വടക്കേമലബാറില്‍ കൊടക്കാട്ടെ ദരിദ്ര കര്‍ഷകകുടുംബത്തില്‍ ജനിച്ച് പ്രാഥമികവിദ്യാഭ്യാസം കഷ്ടിച്ച് പൂര്‍ത്തിയാക്കിയശേഷം ബീഡിതെറുപ്പ് തൊഴിലായി സ്വീകരിച്ച കണ്ണന്‍നായരുടെ പില്‍ക്കാല ജീവിതം നിരന്തര പോരാട്ടത്തിന്റെയും സംഘാടനത്തിന്റേതുമാണ്. കേരളത്തില്‍ മറ്റേത് പത്രത്തേക്കാളും ബഹുജനപിന്തുണയാര്‍ജിച്ച പത്രമാണ് ദേശാഭിമാനി. സ്വാതന്ത്ര്യസമരകാലത്ത് നാടിനുവേണ്ടിയുള്ള പോരാട്ടത്തിന് ലക്ഷ്യബോധം നല്‍കാനാണ് ദേശാഭിമാനി പ്രവര്‍ത്തിച്ചത്.