Thursday, March 1, 2012

ഫെഡറലിസത്തെ അട്ടിമറിക്കുന്ന ഭീകരതാവിരുദ്ധകേന്ദ്രം

അമേരിക്കന്‍ ജനതയ്ക്ക് പ്രസിഡന്‍റ് ഒബാമയുടെ 2012ലെ പുതുവത്സര സമ്മാനം പൗരാവകാശങ്ങള്‍ നിഷേധിക്കുന്ന ഒരു കരിനിയമം- നാഷണല്‍ ഡിഫന്‍സ് ആതറൈസേഷന്‍ ആക്ട് 2012 അഥവാ ലെവിന്‍ -മക്കെയ്ന്‍ നിയമം. ഭീകരരെന്ന് ആരോപിക്കപ്പെടുന്നവരെ സിവില്‍ നിയമ വ്യവസ്ഥയുടെ പരിശോധന ഒന്നും ഇല്ലാതെ അനിശ്ചിതകാലം തടവിലാക്കാന്‍ സൈന്യത്തിന് അധികാരം നല്‍കുന്നതാണ് ഈ നിയമം.

1878 മുതല്‍ അമേരിക്കയില്‍ നിലനില്‍ക്കുന്ന പ്രവിശ്യാ പൊലീസ് സംവിധാന നിയമ ഉറപ്പാക്കുന്ന പ്രാദേശിക ക്രമസമാധാനാധികാരം കവര്‍ന്നെടുക്കുന്നതും സൈന്യത്തിനും രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കും അമിതാധികാരം നല്‍കുന്നതുമാണ് ഒബാമയുടെ പുതിയ നിയമം. ഏതു കാര്യത്തിലും അമേരിക്കന്‍ മാതൃക പിന്തുടരുന്ന, അമേരിക്കന്‍ ഭരണാധികാരികളുടെ വിശ്വസ്ത സഹചാരികളാകാന്‍ ശ്രമിക്കുന്ന മന്‍മോഹന്‍സിങ്ങും ചിദംബരവും "ഭീകരതയ്ക്കെതിരായ യുദ്ധ"ത്തിലും വലിയേട്ടനെ പിന്തുടരുന്ന കുഞ്ഞനിയനാകാനാണ് പണിപ്പെടുന്നത്. മാര്‍ച്ച് ഒന്നുമുതല്‍ ഇന്ത്യയില്‍ പുതുതായി നിലവില്‍ വരും എന്ന് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ദേശീയ ഭീകരതാ വിരുദ്ധ കേന്ദ്രം അമേരിക്കന്‍ മാതൃക പിന്തുടരലിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.

ഇന്ത്യയില്‍ ചിദംബരം പുതുതായി കൊണ്ടുവരാന്‍പോകുന്ന ഭീകരതാവിരുദ്ധ കേന്ദ്രമാകട്ടെ അമേരിക്കയുടെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷെന്‍റയും സിഐഎയ്ക്കുകീഴിലുള്ള ഭീകരതാ വിരുദ്ധ കേന്ദ്രത്തിന്റെയും ചുവടുപിടിച്ചാണെന്ന് വ്യക്തമാക്കപ്പെട്ടിരിക്കുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ ഏജന്‍സിയിലെ ഉദ്യോഗസ്ഥന് രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ഇന്ത്യയിലെവിടെയുമുള്ള ഏത് കെട്ടിടത്തിലും വാഹനത്തിലും മറ്റെവിടെയും കടന്നുചെന്ന് പരിശോധിക്കാനും ആരെയും അറസ്റ്റ്ചെയ്യാനും അവരെ തടങ്കലില്‍ വെയ്ക്കാനും അധികാരമുണ്ടായിരിക്കും.

1967ലെ നിയമവിരുദ്ധ നടപടികള്‍ തടയല്‍ നിയമത്തില്‍ 2008ല്‍ കൂട്ടിച്ചേര്‍ത്ത 43 എ വകുപ്പ് പ്രകാരമാണ് ഈ പുതിയ ഇന്‍റലിജന്‍സ് ഏജന്‍സിക്ക് ഇത്തരത്തില്‍ അമിതാധികാരങ്ങള്‍ നല്‍കുന്നത്. ഇത് ജനാധിപത്യവിരുദ്ധമാണ്, മനുഷ്യാവകാശലംഘനമാണ്, പൗരാവകാശങ്ങള്‍ക്കുമേലുള്ള കടന്നാക്രമണവും ഭരണകൂട ഭീകരതയുമാണ്. സര്‍വോപരി ഇന്ത്യന്‍ ഭരണഘടന സംസ്ഥാനങ്ങള്‍ക്ക് ഉറപ്പുനല്‍കുന്ന അധികാരങ്ങളിന്മേലുള്ള കടന്നുകയറ്റമാണ്. ഇത് ഇന്ത്യയുടെ ഫെഡറല്‍ സംവിധാനത്തെത്തന്നെ തകര്‍ക്കുന്നതാണ്. ഇന്ത്യന്‍ ഭരണഘടനപ്രകാരം ക്രമസമാധാനപാലനവും കുറ്റാന്വേഷണവും സംസ്ഥാനങ്ങളുടെ അധികാര പരിധിയില്‍ വരുന്നതാണ്. അതാണ്, സംസ്ഥാനങ്ങളുടെ, സംസ്ഥാന ഏജന്‍സികളുടെ അറിവോ സമ്മതമോ കൂടാതെ, അവയുടെ തലയ്ക്കു മുകളിലൂടെ അന്വേഷണം നടത്താനും നടപടിയെടുക്കാനും ഒരു കേന്ദ്ര ഏജന്‍സിയെ കൊണ്ടുവരുന്നതിലൂടെ ലംഘിക്കപ്പെടുന്നത്. രഹസ്യാന്വേഷണ ഏജന്‍സി എന്നാല്‍ ചാരപ്രവര്‍ത്തനം നടത്തുന്ന ഏജന്‍സി എന്നാണര്‍ത്ഥം. അത്തരം ഒരേജന്‍സിയെ ക്രമസമാധാനവുമായും കുറ്റാന്വേഷണവുമായും ബന്ധപ്പെട്ട കാര്യങ്ങളില്‍ ഏര്‍പ്പെടുത്തുന്നതുതന്നെ ശരിയല്ല എന്നതാണ് യാഥാര്‍ത്ഥ്യം.

യുപിഎ ഘടകകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ബംഗാള്‍ ഉള്‍പ്പെടെ ഇന്ത്യയിലെ പകുതിയിലേറെ സംസ്ഥാന സര്‍ക്കാരുകള്‍ ചിദംബരത്തിന്റെ ഈ പുതിയ സംവിധാനത്തിനെതിരെ ശക്തമായി രംഗത്തുവന്നിട്ടും കോണ്‍ഗ്രസ് ഒഴികെയുള്ള രാഷ്ട്രീയ കക്ഷികള്‍ പ്രതിഷേധം പ്രകടിപ്പിച്ചിട്ടും, അത് ചെവിക്കൊള്ളാതെ മുന്നോട്ടുപോകാനാണ് ചിദംബരത്തിന്റെ നീക്കം. ആഭ്യന്തര സുരക്ഷ കേന്ദ്ര സര്‍ക്കാരിന്റെ ബാദ്ധ്യതയാണെന്ന വിതണ്ഡവാദമാണ് ചിദംബരം ഉന്നയിക്കുന്നത്. എന്നാല്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഇന്ത്യയില്‍ നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്ന ഭീകരാക്രമണങ്ങള്‍ക്ക് അറുതിവരുത്താന്‍ ഇതേവരെ കഴിഞ്ഞിട്ടില്ലാത്ത ഭരണാധികാരികളുടെ പാഴ്വാക്കായി മാത്രമെ ഈ പുതിയ സംരംഭത്തെയും കാണാനാകു. നിലവില്‍ നിയമങ്ങളും അത് നടപ്പാക്കാനുള്ള അന്വേഷണ ഏജന്‍സികളും ഉണ്ടായിട്ടും അവ ഫലപ്രദമായി പ്രയോജനപ്പെടുത്താനുള്ള ഭരണാധികാരികളുടെ ഇച്ഛാശക്തി ഇല്ലായ്മയാണ് പ്രശ്നം. മുംബൈ ഭീകരാക്രമണത്തെ തുടര്‍ന്ന് രൂപംനല്‍കിയ ദേശീയ അന്വേഷണ ഏജന്‍സിയെപ്പോലും ഫലപ്രദമായി പ്രവര്‍ത്തിപ്പിക്കാന്‍ ചിദംബരത്തിന് കഴിഞ്ഞിട്ടില്ല. കേരളത്തില്‍ ഒരു പതിറ്റാണ്ടിനുമുമ്പുണ്ടായ കേസുകളുടെ, അതും സംസ്ഥാന ഏജന്‍സി അന്വേഷണം പൂര്‍ത്തിയാക്കിയ കേസുകളുടെ, പുറകില്‍ ചുറ്റിത്തിരിയുന്നതിനപ്പുറം പുതിയ സംഭവങ്ങള്‍ ഒന്നും ഏല്‍പിച്ചില്ല.

ഏറ്റവും ഒടുവില്‍ ദല്‍ഹിയില്‍ ഇസ്രയേല്‍ എംബസിക്കു മുന്നിലുണ്ടായ സ്ഫോടനത്തിന്റെ അന്വേഷണച്ചുമതലപോലും, അത് ഭീകരാക്രമണമാണെന്ന് വ്യക്തമായിട്ടും, ദല്‍ഹി പൊലീസിനെയാണ് ഏല്‍പിച്ചിരിക്കുന്നത്. രാഷ്ട്രീയ പക്ഷഭേദമാണ് ഇതിനകം ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ പ്രകടിപ്പിച്ചിരിക്കുന്നത്. രാഷ്ട്രീയ എതിരാളികള്‍ക്കുനേരെയുള്ള ആയുധമായാണ് കോണ്‍ഗ്രസ് ഇതേവരെ ഇത്തരം നിയമങ്ങളെയും സംവിധാനങ്ങളെയും ഉപയോഗിച്ചിട്ടുള്ളത്. അടിയന്തിരാവസ്ഥയുടെ ജനാധിപത്യവിരുദ്ധ പാരമ്പര്യമുള്ള കോണ്‍ഗ്രസില്‍നിന്ന് അതല്ലാതെ പ്രതീക്ഷിക്കാനുമാവില്ല. "കുറ്റാരോപണം സ്ഥാപിക്കുന്നതിന് വസ്തുതകളുടെ പിന്‍ബലം ഉണ്ടോ എന്നത് പ്രശ്നമേ അല്ല" എന്ന തെന്‍റ കീഴ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയ അമേരിക്കയുടെ എഫ്ബിഐ മേധാവിയായിരുന്ന എഡ്ഗാര്‍ഹുവറുടെ പിന്നാലെ പോവുകയാണ് പി ചിദംബരം. ഭരണകൂട ഭീകരതകൊണ്ട് ഭീകരാക്രമണങ്ങളെ തടയാനാവില്ല എന്നതാണ് ഇതേവരെയുള്ള അനുഭവം. അതുകൊണ്ട്, ചിദംബരത്തിന്റെ ഈ ഭീകരതാവിരുദ്ധ കേന്ദ്രത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരേണ്ടത് ആവശ്യമായിരിക്കുന്നു. അല്ലെങ്കില്‍ അത് നമ്മുടെ ജനാധിപത്യ അടിത്തറയെത്തന്നെ അട്ടിമറിക്കും.

*
ചിന്ത മുഖപ്രസംഗം 02 മാര്‍ച്ച് 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

അമേരിക്കന്‍ ജനതയ്ക്ക് പ്രസിഡന്‍റ് ഒബാമയുടെ 2012ലെ പുതുവത്സര സമ്മാനം പൗരാവകാശങ്ങള്‍ നിഷേധിക്കുന്ന ഒരു കരിനിയമം- നാഷണല്‍ ഡിഫന്‍സ് ആതറൈസേഷന്‍ ആക്ട് 2012 അഥവാ ലെവിന്‍ -മക്കെയ്ന്‍ നിയമം. ഭീകരരെന്ന് ആരോപിക്കപ്പെടുന്നവരെ സിവില്‍ നിയമ വ്യവസ്ഥയുടെ പരിശോധന ഒന്നും ഇല്ലാതെ അനിശ്ചിതകാലം തടവിലാക്കാന്‍ സൈന്യത്തിന് അധികാരം നല്‍കുന്നതാണ് ഈ നിയമം.