Friday, March 2, 2012

പൗരാവകാശം ഞെരിഞ്ഞമര്‍ന്ന നാളുകള്‍

ഭരണകൂടത്തിന്റെ ഇരുമ്പു ബൂട്ടിനടിയില്‍ ജനാധിപത്യം ഞെരിഞ്ഞമര്‍ന്ന പതിനെട്ടുമാസം. സാമൂഹ്യരാഷ്ട്രീയ പ്രവര്‍ത്തനമെന്നല്ല, ഉറക്കെ സംസാരിക്കാന്‍ പോലും വിലക്കുള്ള കാലം. ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥാ താണ്ഡവത്തിനെതിരെ ശബ്ദിച്ചവര്‍ക്കെല്ലാം കൊടിയ പീഡനം. ജീവന്‍പോലും അപകടത്തിലാവുമെന്ന ഘട്ടത്തിലും അടിച്ചമര്‍ത്തലുകള്‍ക്കെതിരെ നെഞ്ചൂക്കോടെ പോരാടിയ ഒരു കൂട്ടം പോരാളികള്‍ ഇന്ത്യയൊട്ടുക്ക്. ദേശീയ തലത്തില്‍ ജയപ്രകാശ് നാരായണനെയും മൊറാര്‍ജിയെയും ജയിലിലടച്ചു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ പൗരാവകാശ ലംഘനത്തിനെതിരെയുള്ള പോരാട്ടത്തില്‍ നിന്ന് കേരളവും മാറിനിന്നില്ല. എകെജിയും ഇഎംഎസും ഒഴികെയുള്ള എല്ലാ പ്രമുഖ സിപിഐ എം നേതാക്കളും തടങ്കലില്‍ . സിപിഐ എം നേതാക്കള്‍ സ്വതന്ത്രമായി രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നുവെന്ന് ലോകത്തെ കാണിക്കാനായിരുന്നു ഈ ഇളവ്. ഇവരൊഴികെ പ്രമുഖ നേതാക്കള്‍ക്കെല്ലാം കൊടിയ മര്‍ദനം. ആ കറുത്ത കാലത്തിന്റെ ഓര്‍മയാണ് കക്കയം ക്യാമ്പും ജയറാം പടിക്കലും പുലിക്കോടനും മധുസൂദനനുമെല്ലാം. ക്യാമ്പസില്‍ നിന്ന് പിടിച്ചുകൊണ്ടുപോയ രാജനെ ഉരുട്ടിക്കൊന്നതും പൊലീസിന്റെ ക്രൂരപീഡനങ്ങളുമെല്ലാം പുറംലോകത്തെത്തിച്ചത് ദേശാഭിമാനി. ഓഫീസുകളിലെ അച്ചടക്കത്തെപ്പറ്റിയും സമയത്തോടുന്ന തീവണ്ടിയെക്കുറിച്ചുമുള്ള മഹത്വഘോഷങ്ങളുമായി മുഖ്യധാരാ പത്രങ്ങള്‍ അച്ചുനിരത്തിയ വേളയില്‍ അടിയന്തരാവസ്ഥയുടെ പിറവി ആപത്തിന്റെ വരവാണെന്ന് വിളിച്ചു പറഞ്ഞു ദേശാഭിമാനി.

1975 ജൂണ്‍ 26-ന്റെ അടിയന്തരാവസ്ഥാ പ്രഖ്യാപനത്തെ "പെണ്‍ഹിറ്റ്ലര്‍ പിറക്കുന്നു" എന്നാണ് എകെജി വിശേഷിപ്പിച്ചത്. ഇന്ത്യ അര്‍ധ ഫാസിസത്തില്‍ നിന്നും ഫാസിസത്തിലേക്കാണെന്ന മുന്നറിയിപ്പുമായിറങ്ങിയ പത്രം അധികാരികളെ വിറളിപിടിപ്പിച്ചു. 28-മാസത്തെ ഏകാധിപത്യ ഭരണത്തിലുടനീളം ദേശാഭിമാനി വേട്ടയാടപ്പെട്ടു. പത്രസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിട്ട ഭരണകൂടം കുനിയാന്‍ പറഞ്ഞപ്പോള്‍ "മുഖ്യധാരാ" പത്രങ്ങള്‍ മുട്ടിലിഴഞ്ഞു. അന്നു നടന്ന എല്ലാ പൊലീസ് പീഡനങ്ങള്‍ക്കും മനുഷ്യാവകാശ ലംഘനത്തിനും അവര്‍ ന്യായം നിരത്തി. കക്കയം, മാലൂര്‍കുന്ന്, പുതിയറ, ശാസ്തമംഗലം തുടങ്ങി പൊലീസ് നരാധമവേഷമാടിയ ക്യാമ്പുകളില്‍ ചോരപടര്‍ന്നതും നിലവിളി ഉയര്‍ന്നതും കണ്ടില്ല. രാജനെ പൊലീസ് കസ്റ്റഡിയിലെടുത്ത് തല്ലിക്കൊന്നത് കക്കയം ക്യാമ്പിലായിരുന്നു. മകനെ കാണാതെ വിലപിച്ച് പ്രൊഫ. ടി വി ഈച്ചരവാരിയര്‍ ആഭ്യന്തരമന്ത്രി കെ കരുണാകരനെ സന്ദര്‍ശിച്ചതും മകന്‍ നഷ്ടമായ അച്ഛന്റെയും കുടുംബത്തിന്റെയും സങ്കടം കേരളത്തിന്റെ നെഞ്ചകം പൊള്ളിച്ചതും ഇന്നും മായുന്നില്ല.

ഗരുഢന്‍തൂക്കവും പമ്പാവാസനും കാവടിയാട്ടവുമായി ഭരണകൂട ഭീകരതയുടെ ചോരക്കലിയില്‍ കൊല്ലപ്പെട്ടവര്‍ , പീഡനത്തിന്റെ കരിയാത്ത മുറിവുമായി ഇന്നും കഴിയുന്നവര്‍ . രാജനെ കൂടാതെ അങ്ങാടിപ്പുറത്തെ ബാലകൃഷ്ണനും വര്‍ക്കലയിലെ വിജയനും അടിയന്തരാവസ്ഥയുടെ രക്തസാക്ഷികള്‍ . ക്യാമ്പസുകളിലും തെരുവുകളിലും മൂന്നരപതിറ്റാണ്ടു മുമ്പ് പീഡനമേറ്റുവാങ്ങിയ രാഷ്ട്രീയ-സാംസ്കാരിക പ്രവര്‍ത്തകരുമേറെ. മീനങ്ങാടിയിലെ സ്കൂള്‍ വിദ്യാര്‍ഥിനി സി ആര്‍ സുലോചന മുതല്‍ യുവതികളും സ്ത്രീകളും കാക്കിപ്പടയുടെ ക്രൂരമര്‍ദനത്തിനിരയായി. കവിതയെഴുതിയതിന് കവി കൃഷ്ണന്‍കുട്ടി ജയിലറക്കുള്ളിലും.

പൊലീസിനൊപ്പം കോണ്‍ഗ്രസുകാരും കാക്കിപ്പടയുടെ ദൗത്യമേറ്റെടുത്തു. സിപിഐ എം പ്രവര്‍ത്തകര്‍ ഭീകരമായി വേട്ടയാടപ്പെട്ടു. നേതാക്കളെ കൂട്ടത്തോടെ ജയിലിലടച്ചു. നിരോധനത്തിന്റെ ഭീഷണിമുഴക്കി ഇടതുപക്ഷപ്രവര്‍ത്തനം തടയാന്‍ കോണ്‍ഗ്രസ് രംഗത്തെത്തി. കേരളത്തിലങ്ങോളമിങ്ങോളം പൊലീസ് പീഡനത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടതായാണ് അനൗദ്യോഗിക കണക്ക്-കോണ്‍ഗ്രസുകാര്‍ ബീഡിക്കമ്പനിയില്‍ ബോംബെറിഞ്ഞ് കൊലപ്പെടുത്തിയ കണ്ണൂരിലെ കൊളങ്ങരത്ത് രാഘവന്‍ , നാദാപുരത്തിനടുത്ത് എടച്ചേരിയില്‍ പൊലീസ് പിടിച്ചുകൊണ്ടുപോയി വധിച്ച കക്കുഴി കണ്ണന്‍ തുടങ്ങിയവര്‍ . ദേശീയതലത്തില്‍ നിര്‍ബന്ധിത വന്ധ്യംകരണം, വികസനത്തിന്റെ മറവില്‍ കൂരകള്‍ക്കുമേല്‍ ബുള്‍ഡോസറോടിച്ച സഞ്ജയ് ഗാന്ധിയുടെ വിനോദങ്ങള്‍ , അധികാരത്തിന്റെ അകത്തളങ്ങളില്‍ സ്വാമിമാരും ബ്രഹ്മചാരിമാരും സ്ഥാനം പിടിച്ചത്......

അങ്ങനെ സൂചകങ്ങള്‍ വേറെയുമുണ്ട്. മാര്‍ച്ച് രണ്ട്. ഇന്നേക്ക് കൃത്യം 36 വര്‍ഷം മുമ്പാണ് രാജനെ പൊലീസ് ഉരുട്ടിക്കൊന്നത്. ഒരു ക്രൂരകാലത്തിന്റെ ഓര്‍മയായി ഇന്നും രാജന്‍ സ്മരണ.

*
പി വി ജീജോ ദേശാഭിമാനി 02 മാര്‍ച്ച് 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...