Thursday, March 1, 2012

കുടുംബശ്രീക്കെതിരായ നീക്കം അക്ഷന്തവ്യമായ സാമൂഹ്യ അപരാധം

ദേശീയ ഗ്രാമീണ ജീവിതോപാധി ദൗത്യത്തിന്റെ (നാഷണല്‍ റൂറല്‍ ലൈവിലിഹുഡ് മിഷന്‍ - എന്‍ ആര്‍ എല്‍ എം) പദ്ധതി നടത്തിപ്പ് 'ജനശ്രീ മിഷന്‍' പോലെയുള്ള സ്വയംസഹായ സംഘങ്ങളെ ഏല്‍പ്പിക്കുമെന്ന് ഗ്രാമവികസന മന്ത്രി കെ സി ജോസഫ്. കുടുംബശ്രീക്ക് ദാരിദ്ര്യ നിര്‍മാര്‍ജന ദൗത്യത്തിനുള്ള ഇത്തരം പദ്ധതി ഏറ്റെടുക്കാന്‍ മതിയായ ശേഷിയില്ലെന്നു കണ്ടെത്തലാണ് മന്ത്രി നടത്തിയിരിക്കുന്നത്. എന്‍ ആര്‍ എല്‍ എം പദ്ധതി പ്രാവര്‍ത്തികമാക്കാനുള്ള നിര്‍വഹണശേഷിയോ മനുഷ്യവിഭവ പിന്തുണയോ കുടുംബശ്രീക്ക് ഇല്ലെന്നാണ് ആരോപണം. കുടുംബശ്രീയുടെ കീഴ്ത്തട്ടിലുള്ള വ്യാപ്തി അംഗീകരിക്കുമ്പോള്‍ തന്നെ പദ്ധതി നടത്തിപ്പിന് അതുമാത്രം ഒരു യോഗ്യതയല്ലെന്നും അദ്ദേഹം പറയുന്നു. പദ്ധതി നടത്തിപ്പിന് ജനശ്രീക്കും എസ് എന്‍ ഡി പി യോഗം സ്വയംസഹായ സംഘത്തിനുമുള്ള യോഗ്യതകള്‍ അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. തന്റെ ആശയങ്ങള്‍ക്ക് കരുത്തു പകരാന്‍ ചൈനീസ് വിപ്ലവത്തിലെ വിഖ്യാതമായ 'നൂറുപൂക്കള്‍ വിരിയട്ടെ' എന്ന ആശയവും സൗകര്യാര്‍ഥം എടുത്തു പ്രയോഗിക്കാന്‍ മന്ത്രി കെ സി ജോസഫ് വിസ്മരിച്ചില്ല. ആകെ പരിശോധിച്ചാല്‍ മന്ത്രിയുടെയും യു ഡി എഫ് സര്‍ക്കാരിന്റെയും നിക്ഷിപ്ത രാഷ്ട്രീയ താല്‍പര്യവും സമുദായ പ്രീണന നയവും പകല്‍ വെളിച്ചം പോലെ മറനീക്കി പുറത്തുവരുന്നത് കാണാം.

കേന്ദ്രസര്‍ക്കാരിന്റെ സ്വര്‍ണജയന്തി സ്വരോസ്ഗാര്‍ യോജനയുടെ പരിഷ്‌കരിച്ച പതിപ്പാണ് എന്‍ ആര്‍ എല്‍ എം പദ്ധതി. ഇത്തരത്തില്‍ ഒരു പരിഷ്‌കരണത്തിനു പ്രചോദനമായതു തന്നെ കേരളത്തിലെ കുടുംബശ്രീ പ്രവര്‍ത്തനങ്ങളാണ്. എല്‍ ഡി എഫ് ഗവണ്‍മെന്റ് പദ്ധതി നടത്തിപ്പിന്റെ പൂര്‍ണ ചുമതല കുടുംബശ്രീക്കു നല്‍കണമെന്ന് കേന്ദ്രത്തോട് നിര്‍ദേശിച്ചിരുന്നു. മറിച്ചുള്ള മന്ത്രി കെ സി ജോസഫിന്റെ വിമര്‍ശനങ്ങള്‍ അടിസ്ഥാന രഹിതമാണ്, വസ്തുതകള്‍ക്കു നിരക്കുന്നതല്ല. 1998 ല്‍ അന്നത്തെ കേരള സര്‍ക്കാര്‍ രൂപം നല്‍കിയ കുടുംബശ്രീ ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ വനിതാ-കുടുംബ ശാക്തീകരണ സംരംഭമാണ്. 37 ലക്ഷത്തില്‍പരം അംഗങ്ങളുള്ള കുടുംബശ്രീ സംസ്ഥാനത്തെ അമ്പതുശതമാനത്തിലേറെ കുടുംബങ്ങളെയും ഉള്‍ക്കൊള്ളുന്ന ഒന്നായി മാറിക്കഴിഞ്ഞു. ദാരിദ്ര്യ നിര്‍മാര്‍ജനം ലക്ഷ്യമാക്കി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ പ്രാദേശിക സമൂഹങ്ങളെ കര്‍മ്മ നിരതരാക്കുന്നതില്‍ കുടുംബശ്രീ നിര്‍ണായക പങ്കാണ് നിര്‍വഹിച്ചുവരുന്നത്. അതുവഴി സമൂഹത്തില്‍ ഇല്ലായ്മകള്‍ നേരിടുന്ന സ്ത്രീകളേയും കുടുംബങ്ങളേയും അവരുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാന്‍ പ്രാപ്തരാക്കാനും കൂടുതല്‍ മെച്ചപ്പെട്ട ജീവിത സാഹചര്യം ഒരുക്കാനും ആത്മവിശ്വാസവും ആത്മാഭിമാനവും പകര്‍ന്നു നല്‍കാനും കുടുംബശ്രീ പ്രവര്‍ത്തനം വഴി കഴിഞ്ഞിട്ടുണ്ട്. കുടുംബങ്ങള്‍ക്കും സമൂഹത്തിനും മാറ്റത്തിന്റെ വഴിതുറന്ന ഒരു സാമൂഹ്യ പ്രസ്ഥാനത്തെയാണ് സുപ്രധാനമായ ദേശീയ ഗ്രാമീണ ജീവിതോപാധി ദൗത്യത്തിന്റെ നിര്‍വഹണത്തില്‍ നിന്നും മാറ്റി നിര്‍ത്താന്‍ മന്ത്രി കെ സി ജോസഫും യു ഡി എഫും ശ്രമിക്കുന്നത്.

ഗ്രാമവികസന മന്ത്രി കെ സി ജോസഫിന്റെ മനസിലിരിപ്പ് എന്താണെന്ന് അദ്ദേഹം കൊച്ചിയില്‍ നല്‍കിയ അഭിമുഖത്തില്‍ ഭംഗ്യന്തരേണ വ്യക്തമാക്കുന്നുണ്ട്. ഗവണ്‍മെന്റിന്റെ മുന്‍കയ്യിലും തദ്ദേശസ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിലും പ്രവര്‍ത്തന മികവു തെളിയിച്ച കുടുംബശ്രീയ്ക്കു പകരം നഗ്നമായ രാഷ്ട്രീയ ലക്ഷ്യത്തോടെ രൂപം നല്‍കിയതും കോണ്‍ഗ്രസിന്റെ ഒരു പോഷക സംഘടനയായി പ്രവര്‍ത്തിച്ചുവരുന്നതുമായ ജനശ്രീയെ തല്‍സ്ഥാനത്ത് പ്രതിഷ്ഠിക്കാനാണ് നീക്കം. എന്‍ ആര്‍ എല്‍ എം പോലെ കേന്ദ്രഫണ്ട് യഥേഷ്ടം ലഭിക്കുന്നതും അടിസ്ഥാന ജനവിഭാഗങ്ങളെ പ്രത്യേകിച്ചും സ്ത്രീകളെ ലക്ഷ്യം വച്ചുമുള്ള പദ്ധതി സ്വന്തം പാര്‍ട്ടിയുടെ വോട്ട് ബാങ്ക് - സുരക്ഷിതമാക്കി നിലനിര്‍ത്തുന്നതിനും നിക്ഷിപ്ത താല്‍പര്യങ്ങള്‍ പരിരക്ഷിക്കുന്നതിനുമാണ് കെ സി ജോസഫും കോണ്‍ഗ്രസ്സും ശ്രമിക്കുന്നത്. കുടുംബശ്രീക്കു പകരംവെക്കാന്‍ എടുത്തുകാട്ടുന്ന മറ്റൊരു സംഘടന എസ് എന്‍ ഡി പി യോഗത്തിന്റെ സ്വയംസഹായ സംഘമാണ്. ഇവിടെയും വോട്ടുബാങ്കും സമുദായ പ്രീണനനയവും തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. കുടുംബശ്രീക്ക് ഇല്ലെന്ന് മന്ത്രി കെ സി ജോസഫ് ആരോപിക്കുന്ന കാര്യനിര്‍വഹണശേഷിയും മനുഷ്യവിഭവ പിന്തുണയും മേല്‍പറഞ്ഞ രണ്ടു സംഘടനകള്‍ക്കും ഉണ്ടെന്ന് കാര്യകാരണസഹിതം തെളിയിക്കാനും അത് ജനങ്ങളെ ബോധ്യപ്പെടുത്താനും മന്ത്രി എന്ന നിലയില്‍ അദ്ദേഹം ബാധ്യസ്ഥനാണ്. അതു ചെയ്യാതെ ഒരു പക്ഷെ നവോഥാന പ്രസ്ഥാനവും ഭൂപരിഷ്‌കരണവും പൊതുവിദ്യാഭ്യാസരംഗത്തെ വിപ്ലവകരമായ മുന്നേറ്റവും കഴിഞ്ഞാല്‍ കേരളത്തില്‍ ഏറ്റവും ശ്രദ്ധേയമായ സാമൂഹ്യ സാമ്പത്തിക മുന്നേറ്റത്തിനു തുടക്കം കുറിച്ച കുടുംബശ്രീ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് അക്ഷന്തവ്യമായ സാമൂഹ്യാപരാധമായി ചരിത്രം രേഖപ്പെടുത്തും.

യു ഡി എഫ് അധികാരത്തിലേറി പിന്നിട്ടുകഴിഞ്ഞ ഒമ്പതുമാസങ്ങള്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി ഭരണം സംസ്ഥാനത്തിനു നല്‍കിയ ജനാഭിമുഖ്യമുള്ള എല്ലാ നയപരിപാടികളെയും സാമൂഹ്യ-ഭരണസംവിധാനങ്ങളെയും തകര്‍ക്കാനുള്ള അവസരമാക്കി മാറ്റുകയായിരുന്നു. ജനജീവിതത്തിലും ഭരണസംവിധാനത്തിലെ എല്ലാ രംഗങ്ങളിലും ഈ നിഷേധാത്മകമായ തിരിച്ചുപോക്ക് പ്രകടമാണ്. ആ പരമ്പരയിലെ ഏറ്റവും പുതിയ ശ്രമമാണ് കുടുംബശ്രീക്കെതിരെ മന്ത്രിയും യു ഡി എഫും നടത്തുന്ന അട്ടിമറി ശ്രമം. ഇതിനെ ശക്തിയുക്തം എതിര്‍ത്തുപരാജയപ്പെടുത്തിയേ മതിയാവൂ.

*
ജനയുഗം മുഖപ്രസംഗം 01 മാര്‍ച്ച് 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...